ഇന്ത്യ-അമേരിക്ക ബന്ധം ശക്തമാക്കാന്‍ മോദി വിമാനം കയറി; ട്രംപുമായി മറ്റന്നാള്‍ കൂടിക്കാഴ്ച

single-img
24 June 2017

ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്ര തിരിച്ചു. അമേരിക്ക, പോര്‍ച്ചുഗല്‍, നെതര്‍ലെന്‍സ് എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. പോര്‍ച്ചുഗലിലാണ് ഇന്ന് അദ്ദേഹം എത്തുക. നാളെയും മറ്റന്നാളും യുഎസിലുണ്ടാകുന്ന പ്രധാനമന്ത്രി മറ്റന്നാള്‍ വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം ശക്തമാക്കാനാണ് തന്റെ യുഎസ് സന്ദര്‍ശനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ട്വിറ്റില്‍ കുറിച്ചു. ഭീകരവാദം, ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം, അഫ്ഗാനിലെ സ്ഥിതി എന്നീ വിഷയത്തില്‍ ചര്‍ച്ച നടത്തും. അമേരിക്കയില്‍ പുതിയ രാഷ്ട്രീയ സാഹചര്യങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ മുന്നോട്ടുപോകാനുള്ള ദീര്‍ഘകാല വിഷന്‍ ഉണ്ടാക്കുകയാണ് തന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യയു.എസ് ബന്ധം ശക്തമാകുന്നത് ലോകത്തിനും ഇന്ത്യക്കും ഗുണം ചെയ്യും. കഴിഞ്ഞ നവംബറില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം മൂന്നുതവണ ട്രംപ് മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചപ്പോള്‍ മോദിയെ അഭിനന്ദിക്കാനാണ് ഏറ്റവുമൊടുവില്‍ പ്രസിഡന്റ് വിളിച്ചത്. പ്രധാനമന്ത്രി 27നു നെതര്‍ലന്‍ഡ്‌സിലെത്തും.