കൊച്ചി മെട്രോയിലേത് മഴയത്തുണ്ടായ ചോര്‍ച്ചയല്ല; വീഡിയോ വ്യാജമെന്ന് കെഎംആര്‍എല്‍

single-img
24 June 2017

കേരളത്തില്‍ പെയ്യുന്ന കനത്ത മഴയില്‍ കൊച്ചി മെട്രോ ട്രെയിനിന്റെ ഉള്‍വശം ചോരുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍. ട്രെയിനിനുള്ളിലെ എസി സംവിധാനങ്ങളിലെ തകരാറ് ചോര്‍ച്ചയെന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടുകയാണെന്നാണ് കെഎംആര്‍എലിന്റെ വാദം.

കൊച്ചി മെട്രോ ട്രെയിന്‍ മഴയത്ത് ചോരുന്നതായി കാട്ടി മെട്രോ യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. മഴപെയ്താല്‍ മെട്രോയിലും കുടപിടിക്കേണ്ടി വരുമെന്ന തരത്തിലുള്ള പ്രതികരണങ്ങളും വ്യാപകം.

വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ട്രെയിനിനുള്ളിലെ എയര്‍ കണ്ടീഷണര്‍ ഫില്‍റ്ററിന്റെ തകരാറാണ് പ്രശ്‌നകാരണമെന്ന് ചൂണ്ടിക്കാട്ടി കെഎംആര്‍എല്‍ വിശദീകരണക്കുറിപ്പിറക്കി. മെട്രോ ട്രെയിന്‍ കോച്ചുകളില്‍ സ്ഥാപിച്ചിരിക്കുന്ന എയര്‍ കണ്ടീഷണറില്‍ സാങ്കേതിക തകരാറുണ്ടായതിനെ തുടര്‍ന്ന്, പുറത്തേക്ക പോകേണ്ട വെള്ളം കോച്ചില്‍ തന്നെ വീഴുകയായിരുന്നുവെന്നാണ് കെഎംആര്‍എല്‍ വാദം.