മെട്രോയില്‍ കടുത്ത അവഗണന; ഭിന്നലിംഗക്കാരില്‍ പകുതിയും ജോലി ഉപേക്ഷിച്ചു

single-img
24 June 2017

കൊച്ചി മെട്രോയില്‍ ജോലി ലഭിച്ച ട്രാന്‍സ്‌ജെന്‍ഡറുകള്‍ കൊഴിഞ്ഞുപോകുന്നെന്ന് റിപ്പോര്‍ട്ട്. സക്കാര്‍ കൊട്ടിഘോഷിച്ച് ട്രാന്‍സ്‌ജെന്‍ഡേര്‍സിന് ജോലി കൊടുത്തെങ്കിലും സാമൂഹികമായ അവഗണനയും താമസ സൗകര്യമില്ലാത്തതുമാണ് നല്ലൊരു ശതമാനം ഭിന്നലിംഗക്കാരേയും ജോലി ഉപേക്ഷിച്ച് പഴയ ജോലികളിലേക്ക് തന്നെ മടങ്ങാന്‍ നിര്‍ബന്ധിതരാക്കുന്നത്.

സഹജീവനക്കാരില്‍ നിന്നും സ്റ്റേഷന്‍ മാസ്റ്ററില്‍ നിന്നും നേരിട്ട അവഗണന സഹിക്കാന്‍ കഴിയാതെയാണ് മെട്രോയിലെ ജീവനക്കാരിയായ സ്വീറ്റി ബെര്‍ണാഡ് ഒരുമാസത്തിനകം ജോലി ഉപേക്ഷിച്ച് പുറത്തേക്ക് വന്നത്. മെട്രോ ഓടിത്തുടങ്ങി ഒരാഴ്ച്ചയ്ക്കിപ്പുറം അത്ര സുഖകരമായ കാര്യങ്ങളല്ല ഭിന്നലിംഗക്കാരായ ജീവനക്കാര്‍ക്ക് പറയാനുള്ളത്.

നഗരത്തില്‍ ഭിന്നലിംഗത്തില്‍പ്പെട്ടവര്‍ക്ക് താമസ സൗകര്യം ലഭിക്കാന്‍ ബുദ്ധിമുട്ടാണ് ഇതു മുതലാക്കി ലോഡ്ജുകളില്‍ വന്‍ തുകയാണ് ഈടാക്കുന്നതെന്ന് മെട്രോയില്‍ ടിക്കറ്റിങ്ങ് വിഭാഗത്തില്‍ ജോലി ചെയ്യുന്ന രാഗരഞ്ജിനി പറയുന്നു. ജോലി നല്‍കിയതു കൊണ്ട് മാത്രം അവസാനിക്കുന്നതല്ല തങ്ങളുടെ പ്രശ്‌നമെന്ന് കെഎംആര്‍എല്ലിനോടും, കുടുംബ ശ്രീയോടും പറഞ്ഞിരുന്നെന്ന് അംബുക്കാവ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന ജാസ്മിന്‍ പറയുന്നു.

ജോലി എന്ന ആവശ്യം മുന്നോട്ട് വെക്കുന്നതിനു മുന്‍പ് തങ്ങള്‍ ഷെല്‍ട്ടര്‍ ഹോമുകള്‍ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിക്കാമെന്ന് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് പറഞ്ഞതാണ്. ആവശ്യം ഉടന്‍ പരിഗണിക്കും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ജാസ്മിന്‍ വ്യക്തമാക്കി.

ഒരുപാട് പുതിയ പ്രതീക്ഷകളോടെ പ്രവേശിച്ച ജോലി ഉപേക്ഷിക്കാന്‍ ജീവനക്കാര്‍ക്ക് താത്പര്യമില്ല. എന്നാല്‍ പലരും അതിനു നിര്‍ബന്ധിതരാണെന്നു മാത്രം. ചുരുങ്ങിയ ശമ്പളം, താമസം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാമുണ്ടെങ്കിലും മാന്യമായ ജാേലി എന്ന ഏറെക്കാലത്തെ സ്വപ്നം തന്നെയാണ് പലരെയും ഇപ്പോഴും മെട്രോയില്‍ പിടിച്ചു നിര്‍ത്തുന്നത്.