ചെമ്പനോട്‌ വില്ലേജ് ഓഫീസില്‍ വ്യാപക ക്രമക്കേട്; കരം അടച്ചിരുന്ന ഭൂമി വനഭൂമിയായി വെട്ടിത്തിരുത്തി

single-img
24 June 2017

കോഴിക്കോട്: കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്ന് നടന്ന പരിശോധനയില്‍ ചെമ്പനോട വില്ലേജ് ഓഫീസ് രേഖകളില്‍ വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയതായി വിജിലന്‍സ്. വില്ലേജ് ഓഫീസിലെ രേഖകളില്‍ വ്യാപക തിരുത്തലുകള്‍ നടന്നതായാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. ഭുവിസ്തൃതി കൂട്ടിയും കുറച്ചും രേഖപ്പെടുത്തി, കരം സ്വീകരിച്ചു കൊണ്ടിരുന്ന ഭൂമി വനഭൂമിയായി രേഖപ്പെടുത്തി എന്നിങ്ങനെയുള്ള ക്രമക്കേടുക്കളാണ് വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതുസംബന്ധിച്ച സ്ഥിരീകരണം നടത്തുന്നതിനായി താലൂക്ക് ഓഫീസിലെ രേഖകളും വിജിലന്‍സ് പരിശോധിക്കും.

കര്‍ഷകന്‍ ജോയി ആത്മഹത്യ ചെയ്തതിന് പിന്നാലെ ഇന്നലെ അദ്ദേഹത്തിന്റെ കരമടയ്ക്കാന്‍ ബന്ധുക്കള്‍ വില്ലേജോഫീസില്‍ എത്തിയപ്പോഴാണ് ബുക്കില്‍ വെട്ടിത്തിരുത്തും മറ്റും കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇവര്‍ പ്രതിഷേധിക്കുകയും പിന്നാലെ വിജിലന്‍സ് വില്ലേജ് ഓഫീസില്‍ റെയ്ഡു നടത്തുകയുമായിരുന്നു.

രേഖയില്‍ വെട്ടിത്തിരുത്ത് വരുത്തിയ ഭാഗം താലൂക്ക് ഓഫീസിലെ രേഖകളുമായി ഒത്തുനോക്കും അതിന് ശേഷമായിരിക്കും ക്രമക്കേട് സംബന്ധിച്ച പൂര്‍ണ്ണ വിവരം കിട്ടുകയുള്ളൂ. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ വിജിലന്‍സ് രാത്രി ഏഴു മണി വരെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നുമാണ് ഗുരുതരമായ വീഴ്ച കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് കോഴിക്കോട് ഭൂപരിഷ്‌കരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി.പി.കൃഷ്ണന്‍കുട്ടി അന്വേഷണം ആരംഭിച്ചു. ജില്ലാ കലക്ടറാണ് അന്വേഷണത്തിനു കൃഷ്ണന്‍കുട്ടിയെ നിയോഗിച്ചത്. ജോയിയുടെ ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. സംസ്ഥാന സര്‍ക്കാറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനാണ് അന്വേഷണ ചുമതല. ഭൂനികുതി സ്വീകരിക്കാത്തതിന്റെ പേരില്‍ കഴിഞ്ഞ ദിവസമാണ് ചക്കിട്ടപ്പാറ കാട്ടിക്കുളം കാവില്‍പുരയിടത്തില്‍ ജോയി കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസില്‍ തൂങ്ങിമരിച്ചത്.

ചെമ്പനോടയിലെ കര്‍ഷകന്റെ ആത്മഹത്യയെ തുടര്‍ന്ന് സംസ്ഥാനവ്യാപകമായി വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഉത്തരവിട്ടിട്ടുണ്ട്. ഇതേ തുടര്‍ന്ന് വിവിധ ജില്ലകളിലായി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വില്ലേജ് ഓഫീസുകളില്‍ മിന്നല്‍ പരിശോധന നടത്തി.