നടിയെ ആക്രമിച്ച സംഭവം; പരസ്യപ്രതികരണത്തിന് തയ്യാറാകാതെ താരസംഘടനയായ ‘അമ്മ’

single-img
24 June 2017

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ തനിക്കെതിരെ ഉയരുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പ്രതികരണങ്ങളില്‍ നടന്‍ ദിലീപ് ഉന്നം വയ്ക്കുന്നത് മുന്‍ ഭാര്യ മഞ്ജുവാര്യരെ തന്നെയെന്ന് സൂചന. വിഷയത്തില്‍ പ്രതികരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് അംഗങ്ങള്‍ക്ക് താര സംഘടനയായ അമ്മ നിര്‍ദേശം നല്‍കി. ആരുടെ ഭാഗത്താണ് ശരിയെന്ന് അറിയാത്തതിനാല്‍ സംഘടനയിലെ അംഗങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതില്ലെന്നാണ് അമ്മയുടെ നിലപാട്. സിനിമയിലെ വനിതാകൂട്ടായ്മയുടെ പ്രതികരണവും സംഘടന നിരീക്ഷിക്കും.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുമായി ബന്ധപ്പെട്ട് നിലവില്‍ ഉയരുന്ന വിവാദങ്ങളില്‍ നടന്‍ ദിലീപും നാദിര്‍ഷയും മാത്രമാണ് പ്രതികരിച്ചിട്ടുള്ളത്. വളരെ കരുതലോടെ ആയിരുന്നു ഇരുവരുടെയും പ്രതികരണം. ദിലീപിന്റെ ഉന്നം മഞ്ജുവാണെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ടും സംഘടനാ നിര്‍ദേശത്തെ തുടര്‍ന്നുമാവാം മേഖലയില്‍ നിന്നുള്ള മറ്റാരും പരസ്യപ്രതികരണത്തിന് തയ്യാറാകാത്തത്. വിവാദം കത്തി നില്‍ക്കുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കണം എന്ന് അറിയാതെ കുഴങ്ങുകയാണ് താരസംഘടനയായ ‘അമ്മ’.

കേസിന്റെ ആദ്യഘട്ടത്തില്‍ ദിലീപിന്റെ പേര് ഉയര്‍ന്നുകേട്ടപ്പോള്‍ താരത്തെ പരസ്യമായി പിന്തുണച്ചവര്‍ പോലും ഇപ്പോള്‍ രംഗത്തു വന്നിട്ടില്ല. നിലവില്‍ പരസ്യപ്രതികരണങ്ങള്‍ നാദിര്‍ഷയിലും ദിലീപിലും ഒതുങ്ങിയിരിക്കുകയാണ്. മാധ്യമങ്ങള്‍ പലരുമായും ബന്ധപ്പെടാന്‍ ശ്രമം നടത്തുന്നുണ്ടെങ്കിലും ആരും പരസ്യപ്രതികരണത്തിന് തയ്യാറാകുന്നില്ല.