ബീഹാര്‍ സഖ്യത്തില്‍ ഉലച്ചില്‍; നിതീഷ് കോവിന്ദിന് പിന്തുണ നല്‍കിയത് ചരിത്രപരമായ മണ്ടത്തരമെന്നു ലാലു

single-img
23 June 2017

ന്യൂഡല്‍ഹി:ബിജെപി രാഷ്ട്രപതി സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദിന് പിന്തുണ നല്‍കിയ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിന്റെ തീരുമാനത്തില്‍ നീരസം വ്യക്തമാക്കി ലാലു പ്രസാദ് യാദവ്. നിതീഷ്‌കുമാറിന്റെ ഈ നടപടി ചരിത്രപരമായ മണ്ടത്തരമായി കാണുന്നുവെന്ന് ലാലുപ്രസാദ് യാദവ് വ്യക്തമാക്കി.പ്രതിപക്ഷ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മീരാകുമാറിനെ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പിന്തുണ ആവശ്യപ്പെട്ട് നിതീഷിനെ ലാലു സമീപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് അദ്ദേഹം തയ്യാറായില്ലെങ്കില്‍ മഹാഗഡ്ബന്ധന്‍ സംഖ്യത്തിനു വിള്ളൽ വീഴാന്‍ സാധ്യത ഉള്ളതായി രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

നിതീഷ് കുമാര്‍ കോവിന്ദിന് പിന്തുണ പ്രഖ്യാപിക്കുന്നതിനു മുമ്പ് താനുമായി സംസാരിച്ചിരുന്നു. പിന്തുണ നല്‍കരുതെന്ന് അപ്പോള്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നിതീഷ് ഇത് ചെവികൊണ്ടില്ല. നിതീഷിന്റെ പ്രഖ്യാപനത്തോടെ വിവിധ ആര്‍ജെഡി എംഎല്‍എ മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.കോവിന്ദ് ആര്‍എസ്എസ് ബന്ധമുള്ള ആളാണെന്നും തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും ആര്‍ജെഡി എംഎല്‍എ ഭായ് വീരേന്ദ്ര ആവശ്യപ്പെട്ടു.

രാഷ്ട്രപതി തെരഞ്ഞടുപ്പില്‍ ബീഹാറിന്റെ പുത്രിയായ മീരാകുമാറിനെ പിന്തുണക്കണമെന്ന് ആവശ്യപ്പെടുമെന്നും ലാലു അറിയിച്ചു.ഈ അഭിപ്രായ വ്യതാസങ്ങള്‍ ബീഹാര്‍ സര്‍ക്കാരിനെ ബാധിക്കില്ലെന്നും ഇരുവരും സഖ്യകക്ഷികളായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.