തച്ചങ്കരിയെ പോലീസ് ആസ്ഥാനത്ത് എന്തിനു നിയമിച്ചു?; സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

single-img
22 June 2017

കൊച്ചി: ടോമിന്‍ തച്ചങ്കരിയെ പോലീസ് ആസ്ഥാനത്തെ സുപ്രധാന പദവിയില്‍ നിയമിച്ചതിന് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ഗുരുതരമായ ആരോപണങ്ങള്‍ നിലനില്‍ക്കുന്ന തച്ചങ്കരിയെ സുപ്രധാന പദവിയില്‍ നിയമിച്ച സര്‍ക്കാര്‍ നടപടിയാണ് ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുന്നത്. തച്ചങ്കരിയുടെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമര്‍ശനം.

ഹര്‍ജിയില്‍, സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലം നല്‍കാന്‍ നിലവിലെ ഡിജിപി ടി പി സെന്‍കുമാര്‍ പുറത്തുപോകാന്‍ കാത്തിരിക്കുകയാണോ എന്നു ചോദിച്ച കോടതി അതിനായി ഈ മാസം 31വരെ കാത്തിരിക്കുകയാണോ എന്നും ചോദിച്ചു. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ചായിരിക്കും ചീഫ് സെക്രട്ടറി പ്രവര്‍ത്തിക്കുന്നത്, എന്നാല്‍ പൊലീസ് അങ്ങനെയാകരുതെന്നും ഹൈക്കോടതി പറഞ്ഞു. തച്ചങ്കരിക്കെതിരെ നിരവധി ആരോപണങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി.

തച്ചങ്കരിക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകളുണ്ടെന്നും വകുപ്പുതല നടപടി പരിഗണനയിലാണെന്നുമുള്ള ആരോപണങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് കഴിഞ്ഞ ദിവസം ഒരു ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഒപ്പം, തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചതു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എന്ന ചോദ്യത്തിനും ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.