പോലീസുകാര്‍ ദാസ്യപ്പണി എടുക്കേണ്ടവരല്ലെന്ന് തച്ചങ്കരി; ജനപ്രതിനിധികള്‍ക്ക് സ്വന്തം മണ്ഡലത്തില്‍ പോലീസ് അകമ്പടി എന്തിന്?

single-img
22 June 2017

കണ്ണൂര്‍: ജനപ്രതിനിധികളും മേലുദ്യോഗസ്ഥരും പൊലീസിനെ ദാസ്യപ്പണി ചെയ്യാനുള്ള ഗ്രൂപ്പായി ഉപയോഗപ്പെടുത്തുകയാണെന്ന് എഡിജിപി ടോമിന്‍ തച്ചങ്കരി. പൊലീസുകാരെ പഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസറായി കൂടെ കൂട്ടുന്നതു സ്റ്റാറ്റസ് ആയാണു പലരും കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം പിഎസ്ഒകള്‍ ആരെയെങ്കിലും പ്രതിരോധിച്ചു രക്ഷപ്പെടുത്തിയതായി ഒരിക്കലും കേട്ടിട്ടില്ലെന്നും ഇതിലൂടെ സര്‍ക്കാരിന്റെ നഷ്ടം കോടികളാണെന്നും തച്ചങ്കരി ചൂണ്ടിക്കാട്ടി. ജനപ്രതിനിധികള്‍ സ്വന്തം മണ്ഡലങ്ങളില്‍ പോകാന്‍പോലും അനാവശ്യമായി പൊലീസുകാരെ അകമ്പടിക്ക് വിളിക്കുകയാണ്. സ്വന്തം മണ്ഡലത്തില്‍ പോലും സുരക്ഷയില്ലാത്തവരാണോ ജനപ്രതിനിധികളെന്നും തച്ചങ്കരി ചോദിച്ചു.

സുരക്ഷയ്‌ക്കെന്ന പേരില്‍ പൊലീസിനെ സ്റ്റാറ്റസ് ആയി കൊണ്ടു നടക്കുന്ന തരത്തിലുള്ള ഇത്തരം ദുരുപയോഗങ്ങള്‍ സര്‍ക്കാരിനു വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സ്വീകാര്യമല്ലാത്ത കാര്യങ്ങള്‍ തുറന്നുപറയാന്‍ പൊലീസുകാര്‍ തയാറാകണമെന്നും സമ്മേളനത്തില്‍ തച്ചങ്കരി ആവശ്യപ്പെട്ടു.