പീഡിപ്പിച്ചവരെ അറസ്റ്റ് ചെയ്യണോ?; എങ്കില്‍ തനിക്കു വഴങ്ങണമെന്ന് യുവതിയോട് എസ്‌ഐ

single-img
22 June 2017

രാംപുര്‍: കൂട്ടബലാത്സംഗത്തിനിരയായ യുവതിയോട് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ ലൈംഗിക ബന്ധത്തിനു തയ്യാറാകണമെന്ന് എസ് ഐ. യുപിയിലെ രാംപുരില്‍ ഗഞ്ച് പൊലീസ് സ്റ്റേഷനിലാണു രാജ്യത്തിനാകെ നാണം കെടുത്തുന്ന സംഭവമുണ്ടായിരിക്കുന്നത്. കൂട്ടമാനഭംഗത്തിനിരയായ 37 കാരിയാണ് സഹായമഭ്യര്‍ത്ഥിച്ച് പൊലീസ് സ്റ്റേഷനിലെത്തിയത്.

തന്നെ മാനഭംഗപ്പെടുത്തിയവര്‍ പിന്നാലെയുണ്ടെന്നും അവരെ അറസ്റ്റുചെയ്തു തന്നെ രക്ഷിക്കണമെന്നും സ്റ്റേഷനിലുണ്ടായിരുന്ന എസ്‌ഐ ജയ്പ്രകാശ് സിങിനോടാണ്‌ യുവതി ആവശ്യപ്പെട്ടത്. എന്നാല്‍ കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യണമെങ്കില്‍ താനുമായി ലൈംഗിക ബന്ധത്തിനു സമ്മതിക്കണമെന്നായിരുന്നു ഇയാളുടെ ആവശ്യം.

ആവശ്യം നിരസിച്ച യുവതിയുടെ കേസ് ഫയല്‍ അവസാനിപ്പിച്ചാണ് എസ്‌ഐ പകരംവീട്ടിയത്. ഒടുവില്‍ കോടതി ഇടപെട്ടപ്പോഴാണു കേസെടുത്തത്. ഇതിനിടെ എസ്‌ഐ യുവതിയുടെ ഫോണിലേക്കു നിരന്തരം വിളിച്ചു ലൈംഗിക ബന്ധത്തിനു സമ്മതമാണോ എന്നു ചോദിച്ചു കൊണ്ടിരുന്നു. വീട്ടില്‍ ഒറ്റയ്ക്കാണെന്നും വരണമെന്നും യുവതിയോട് എസ്‌ഐ ജയ്പ്രകാശ് സിങ് ആവശ്യപ്പെട്ടു.

നിസഹായയായ യുവതി കേസിന്റെ നടത്തിപ്പിനായി വീണ്ടും ഇതേ പോലീസ് ഉദ്യോഗസ്ഥനെത്തന്നെ സമീപിച്ചു. എന്നാല്‍ എസ്‌ഐയുടെ നിലപാടില്‍ മാറ്റമില്ലായിരുന്നു. തുടര്‍ന്ന് എസ്‌ഐയുടെ സംഭാഷണം രഹസ്യമായി യുവതി റെക്കോര്‍ഡ് ചെയ്തു. ഈ സംഭാഷണത്തിന്റെ സിഡിയുമായി ഇവര്‍ നേരിട്ടു എസ്പിയെ കണ്ടു പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

യുവതിയുടെ പരാതി പ്രകാരം ഗഞ്ച് സ്റ്റേഷന്‍ എസ്‌ഐയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ടു നല്‍കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് എഎസ്പി സുധാ സിങ് പറഞ്ഞു. ഫെബ്രുവരി 12നാണു യുവതിക്കെതിരെ പീഡനം നടന്നതെന്നു പൊലീസ് വ്യക്തമാക്കി. യുവതിയെ അറിയാവുന്ന ഒരാളും വേറൊരാളും ചേര്‍ന്നാണു മാനഭംഗപ്പെടുത്തിയത്. ബന്ധുവിനെ സന്ദര്‍ശിച്ചു രാംപുര്‍ സിറ്റിയിലേക്കു മടങ്ങവെ രാത്രിയിലായിരുന്നു സംഭവം. യുവതിക്കു വാഹനത്തില്‍ ഇടംകൊടുത്ത ഇരുവരും യാത്രയ്ക്കിടെ തോക്കുചൂണ്ടി പീഡിപ്പിക്കുകയായിരുന്നു.