തൃശ്ശൂരില്‍ ബിജെപി നേതാക്കളുടെ വീട്ടില്‍ കള്ളനോട്ടടി; ഒന്നര ലക്ഷം രൂപയുടെ വ്യാജ നോട്ടുകള്‍ കണ്ടെത്തി

single-img
22 June 2017

തൃശൂരില്‍ യുവമോര്‍ച്ച നേതാക്കളുടെ വീട്ടില്‍ നിന്നും കള്ളനോട്ടടി യന്ത്രവും കളളനോട്ടുകളും പിടികൂടി. യുവമോര്‍ച്ച എസ്.എന്‍.പുരം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏരാച്ചേരി, ഇയാളുടെ സഹോദരന്‍ ബിജെപി കയ്പ്പമംഗലം നിയോജക മണ്ഡലം ഒബിസി മോര്‍ച്ച സെക്രട്ടറി രാജീവ് എന്നിവരുടെ വീട്ടില്‍നിന്നാണ് കള്ളനോട്ട് അടിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളും കള്ളനോട്ടും കണ്ടെത്തിയത്. മതിലകം എസ്‌ഐയുടെ നേതൃത്വത്തില്‍ റെയ്ഡു നടത്തിയപ്പോഴാണ് കള്ളനോട്ടടി കണ്ടെത്തിയത്. രാകേഷിന്റെ വീട്ടില്‍ പലിശയ്ക്ക് പണം കൊടുക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് പോലീസ് റെയ്ഡിനെത്തിയത്.

വീടിന്റെ മുകളിലത്തെ നിലയിലെ പ്രത്യേകം തയാറാക്കിയ മുറിയിലാണ് കള്ളനോട്ട് അടിച്ചുവന്നിരുന്നത്. 2000, 500, 50, 20 രൂപയുടെ വ്യാജനോട്ടുകളാണ് കണ്ടെത്തിയത്. കംപ്യൂട്ടറില്‍ നോട്ട് തയാറാക്കി എ.ഫോര്‍ പേപ്പറില്‍ പ്രിന്റെടുത്ത് മുറിച്ചാണ് ഉപയോഗിച്ചുവന്നത്. 500, 2,000 രൂപയുടെ നോട്ടുകളാണ് കണ്ടെത്തിയത്.

രണ്ടായിരത്തിന്റെ 60 നോട്ടുകളും അഞ്ഞൂറിന്റെ 20നോട്ടുകളും അമ്പതിന്റെ 10 നോട്ടുകളും, ഇരുപതിന്റെ 12 നോട്ടുകളുമാണ് പിടിച്ചെടുത്തത്. ഇതോടൊപ്പം ഒരു ലാപ്‌ടോപ്പ്, കളര്‍ ഫോട്ടോസ്റ്റാറ്റ് പ്രിന്റര്‍, ബോണ്ട് പേപ്പര്‍ എന്നിവയും പിടിച്ചെടുത്തു. ഇരിങ്ങാലക്കുട പൊലീസ് രാകേഷിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്ക് കള്ളനോട്ട് സംഘവുമായി ബന്ധമുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.