ഡ്രൈവറില്ലാതെ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് ഓടുന്ന കാറുമായി റേഞ്ച് റോവര്‍; പുതിയ മോഡലിന് ആവശ്യക്കാരേറെ

single-img
22 June 2017

ഇനി കാറോടിക്കാന്‍ ഡ്രൈവറുടെ ആവശ്യമില്ല. ഡ്രൈവറുടെ നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്വയം ഡ്രൈവ് ചെയ്യുന്ന ന്യൂതന സങ്കേതി വിദ്യയോടു കൂടിയ കാറുകള്‍ ഒരുക്കുകയാണ് റേഞ്ച് റോവര്‍. ട്രാഫിക് ലൈറ്റില്‍ നില്‍ക്കുകയും ടി ജംഗ്ഷനില്‍ അപകടമുണ്ടാക്കാതെ കാത്തുനില്‍ക്കുകയും ചെയ്യുന്ന കണ്ണുകള്‍ ഉള്ള കാറുമായി റേഞ്ച് റോവര്‍ ഉടന്‍ പുറത്തിറങ്ങും. അടുത്തുതന്നെ വിപണിയിലെത്തുന്ന കാറിന് ഇപ്പോള്‍ത്തന്നെ ആവശ്യക്കാരേറെയാണ്. സ്വയം നിയന്ത്രിക്കുന്ന കാറുകള്‍ രൂപകല്‍പന ചെയ്യുകയെന്ന സര്‍ക്കാരിന്റെ പദ്ധതിയുമായി സഹകരിച്ച് റേഞ്ച് റോവര്‍ അവതരിപ്പിക്കുന്ന പുതിയ മോഡലാണിത്.

മനുഷ്യര്‍ കാണുന്നതുപോലെ കാണുകയും സാഹചര്യത്തിനനുസരിച്ച് പ്രതികരിക്കുകയും ചെയ്യുന്ന കാര്‍, ടി ജങ്ഷനിലും റൗണ്ട് എബൗട്ടുകളിലും അപകടമുണ്ടാക്കാതെ കാത്തുനിന്ന് സ്വയം പ്രവര്‍ത്തിക്കുന്നു. ആംബുലന്‍സ് പോലുള്ള അടിയന്തിര വാഹനങ്ങള്‍ അടുത്തെത്തുമ്പോള്‍ അതനുസരിച്ച് പ്രവര്‍ത്തിക്കാനും കൃത്രിമ ബുദ്ധിയുള്ള ഈ കാറിനാവും.

ന്യൂനീട്ടണിലെ ഹോറിബ മിറ ടെസ്റ്റിങ് ഗ്രൗണ്ടിലാണ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് ആദ്യമായി അവതരിപ്പിച്ചത്. ജാഗ്വാര്‍ ലാന്‍ഡ റോവേഴ്‌സിന്റെ അര്‍ബന്‍ ഡ്രൈവ് ടെക്‌നോളജിയാണ് ഇതിലുപയോഗിച്ചിരിക്കുന്നത്. നഗരപ്രദേശങ്ങളില്‍ ഡ്രൈവറുടെ ഇടപെടലില്ലാതെതന്നെ കാറിന് സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന തരത്തിലേക്കുള്ള വാഹനങ്ങള്‍ ഡിസൈന്‍ ചെയ്യുന്നതിന് മുന്നോടിയാണിത്. ജര്‍മന്‍ കാറുകളായ ബി.എം.ഡബ്ല്യുവും മേഴ്‌സിഡസ് ബന്‍സും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തരാണെന്ന് തെളിയിക്കുക കൂടിയാണ് റേഞ്ച് റോവര്‍ ഇതിലൂടെ.

രണ്ടുതരം സാങ്കേതിക വിദ്യകളാണ് ഇതിലുപയോഗിക്കുന്നത്. ഡ്രൈവറുടെ നിര്‍ദേശങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ സ്വയം ഡ്രൈവ് ചെയ്യുകയാണ് അതിലൊന്ന്. വൈഫൈ ഉപയോഗിച്ച് മറ്റുകാറുകളിലെ ജിപിഎസുമായി കൂട്ടിയോജിപ്പിച്ചുള്ള ഡ്രൈവിങ്ങാണ് അടുത്തത്. ഇന്റീരിയര്‍ മിററിലും ഡാഷ്‌ബോര്‍ഡിലുമുള്ള രണ്ട് ക്യാമറകളാണ് ഇതിന്റെ കണ്ണുകളായി പ്രവര്‍ത്തിക്കുന്നത്.

ഭാവിയിലെ കാറുകളെന്ന നിലയ്ക്കാണ് ഈ സവിശേഷ രൂപകല്‍പന. ജാഗ്വര്‍ ലാന്‍ഡ് റോവര്‍ ഫോര്‍ഡുമായും ടാറ്റ മോട്ടോഴ്‌സിന്റെ യൂറോപ്യന്‍ ടെക്‌നിക്കല്‍ സെന്ററുമായി ചേര്‍ന്ന് കണക്ടര്‍ കാര്‍ ടെക്‌നോളജിയില്‍ പുതിയ പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. റോഡിലുള്ള കാറുകള്‍ പരസ്പരം സംവദിച്ച് അപകടങ്ങള്‍ ഒവിവാക്കുന്നതും റോഡരികിലെ ഇലക്ട്രോണിക് ട്രാഫിക് സൈനുകള്‍ മനസ്സിലാക്കി അതനുസരിച്ച് വാഹനം സ്വയം നിയന്ത്രിക്കുന്നതുമാണ് പരീക്ഷണ ഘട്ടത്തിലുള്ള പുതിയ സാങ്കേതിക വിദ്യകള്‍.