എംഎല്‍എമാര്‍ക്കെതിരെ ലേഖനം; രണ്ട് കന്നട പത്രങ്ങളുടെ എഡിറ്റര്‍മാര്‍ക്ക് തടവുശിക്ഷ

single-img
22 June 2017

ബംഗളൂരു: എം.എല്‍.എമാര്‍ക്കെതിരെ അപകീര്‍ത്തികരമായ ലേഖനങ്ങള്‍ എഴുതിയ രണ്ട് കന്നട മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു. ഹായ് ബംഗളൂരു പത്രത്തിന്റെ എഡിറ്ററായ രവി ബെലഗെരെ, യെലഹങ്ക വോയിസ് ടാബ്ലോയിഡ് പത്രത്തിന്റെ എഡിറ്റര്‍ അനില്‍ രാജ് എന്നിവരെയാണ് ശിക്ഷിച്ചത്. കര്‍ണാടക നിയമസഭാ സ്പീക്കര്‍ കെ.ബി കോളിവാദ് ആണ് ശിക്ഷ വിധിച്ചത്.

തടവ് കൂടാതെ പതിനായിരം രൂപ പിഴയും ഒടുക്കണമെന്ന് സ്പീക്കര്‍ ഉത്തരവിട്ടു. പിഴ അടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കണമെന്നും ഉത്തരവില്‍ പറയുന്നു. നിയമസഭ പ്രിവിലേജ് കമ്മിറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ നടപടി. അപകീര്‍ത്തികരമായ ലേഖനങ്ങളിലൂടെ നിയമസഭാ സമാജികരുടെ പ്രത്യേകാവകാശം ലംഘിച്ചതായി പ്രിവിലേജ് കമ്മിറ്റി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

2013 ല്‍ ഇവര്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ എംഎല്‍എമാരെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് സമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ബിജെപി എംഎല്‍എ എസ്.ആര്‍.വിശ്വനാഥ്, കോണ്‍ഗ്രസ് എംഎല്‍എ ബി.എം. നാഗരാജ് എന്നിവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.