പുതുവൈപ്പ് സമരം: പോലീസ് നടപടിയെ വിമര്‍ശിച്ച് ജേക്കബ് തോമസ്

single-img
22 June 2017


തിരുവനന്തപുരം: പുതുവൈപ്പ് സമരവുമായി ബന്ധപ്പെട്ടു സമരസമിതി പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ച പോലീസ് നടപടികളെ വിമര്‍ശിച്ച് ഡിജിപി ജേക്കബ് തോമസ്. ജനങ്ങളെ മര്‍ദിച്ച നടപടി ശരിയായില്ല. പോലീസ് ജനങ്ങളെ സഹോദരങ്ങളെ പോലെ കാണണമെന്നും ജേക്കബ് തോമസ് പറഞ്ഞു. കൊച്ചിയില്‍ ഹൈക്കോര്‍ട്ട് ജംക്ഷന് സമീപം പുതുവൈപ്പിലെ സമരക്കാര്‍ക്കും വഴിയാത്രക്കാര്‍ക്കും എതിരെ ഡിസിപി യതീഷ് ചന്ദ്ര നടത്തിയ നരനായാട്ടിനെയും അദ്ദേഹം വിമര്‍ശിച്ചു.

ഏത് ഉദ്യോഗസ്ഥന്‍ ജനങ്ങളെ മര്‍ദിച്ചാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പുതുവൈപ്പിനിലെ ഐഒസിയുടെ പാചകവാതക സംഭരണ ശാലയ്‌ക്കെതിരെ രണ്ടുദിവസങ്ങളില്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൈക്കോര്‍ട്ട് ജംക്ഷനില്‍ മാര്‍ച്ച് നടത്തിയ പ്രതിഷേധക്കാരെ ഡിസിപി യതീഷ് ചന്ദ്ര ക്രൂരമായി മര്‍ദിക്കുകയും ഏറെ വിവാദമാകുകയും ചെയ്തിരുന്നു.