ജനകീയ മെട്രോ യാത്ര യുഡിഎഫിന് പുലിവാലായി; ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

single-img
22 June 2017

കൊച്ചി: ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മെട്രോയാത്രയില്‍ ആര്‍ക്കെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് നേതാക്കളെ ഉദ്ഘാടനച്ചടങ്ങില്‍ അവഗണിച്ചതിലുള്ള പ്രതിഷേധമാണു പ്രകടിപ്പിച്ചത്. ഏതെങ്കിലും തരത്തിലുള്ള നാശനഷ്ടമോ, ബുദ്ധിമുട്ടോ ഉണ്ടാകുമെന്നു കരുതിയില്ല.

പ്രവര്‍ത്തകരുടെ വികാരമാണ് അവിടെ പ്രകടമായത്. കെഎംആര്‍എല്‍ ഉള്‍പ്പെടെ ഉന്നയിച്ച പരാതികളില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. യാത്രയ്ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ പ്രവര്‍ത്തകര്‍ എത്തിയെന്നും അതാണ് മെട്രോ സ്റ്റേഷനിലും ട്രെയിനിലും അനിയന്ത്രിതമായ തിരക്കുണ്ടായതെന്നും ചെന്നിത്തല പറഞ്ഞു.

ജനകീയ മെട്രോയാത്രയെന്ന പേരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മെട്രോയാത്ര ചട്ടങ്ങള്‍ ലംഘിച്ചാണ് നടത്തിയതെന്ന് വ്യാപക വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് ഖേദപ്രകടനവുമായി രമേശ് ചെന്നിത്തല രംഗത്തെത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മെട്രോ സംവിധാനം കേടു വരുത്തിയെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു സിപിഎം കെഎംആര്‍എല്‍ അധികൃതര്‍ക്കു കത്തു നല്‍കിയിരുന്നു.

ജനകീയ മെട്രോ യാത്രയിലുണ്ടായ സംഭവങ്ങളെക്കുറിച്ചു മെട്രോ ആക്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുന്നതിന് കെഎംആര്‍എല്‍ തീരുമാനിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളും സ്റ്റേഷന്‍ കണ്‍ട്രോളര്‍മാരുടെ റിപ്പോര്‍ട്ടും പരിശോധിച്ചു മൂന്നു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജ് ആവശ്യപ്പെട്ടിരിക്കുന്നത്.

മെട്രോ നിര്‍മാണം പൂര്‍ത്തിയാക്കിയത് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണെന്ന് അവകാശപ്പെട്ടും മെട്രോ ഉദ്ഘാടന ചടങ്ങില്‍ നേതാക്കളെ അവഗണിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഇന്നലെ യുഡിഎഫ് സംഘം മെട്രോ യാത്ര നടത്തിയത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഎല്‍എമാരായ വികെ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, അന്‍വര്‍ സാദത്ത്, പിടി തോമസ്, ഹൈബി ഈഡന്‍, മേയര്‍ സൌമിനി ജെയ്ന്‍, കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍ എന്നിവരും ഉമ്മന്‍ചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.

മെട്രോ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തതിന്റെ രണ്ടാം ദിവസമാണ് എല്ലാ ചട്ടങ്ങളും ലംഘിച്ച് സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കി യുഡിഎഫ് ജനകീയ മെട്രോ യാത്ര നടത്തിയത്. ആയിരം രൂപ മുതല്‍ ആറ് മാസം തടവ് ശിക്ഷ വരെ ലഭിക്കാന്‍ സാധ്യതയുള്ള ചട്ടലംഘനമാണ് യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും നടത്തിയതെന്ന് മെട്രോ അധികൃതര്‍ തന്നെ പറയുന്നു.