കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവം: വില്ലേജ് അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍

single-img
22 June 2017

ചെമ്പനോട് വില്ലേജ് ഓഫീസ്

കോഴിക്കോട്: കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കര്‍ഷകന്‍ ജീവനൊടുക്കിയ സംഭവത്തില്‍ വില്ലേജ് അസിസ്റ്റന്റിനു സസ്‌പെന്‍ഷന്‍. വില്ലേജ് അസിസ്റ്റന്റ് സിരീഷിനെയാണ് ജില്ലാ കളക്ടര്‍ യു.വി ജോസ് സസ്‌പെന്‍ഡ് ചെയ്തത്. കര്‍ഷകനായ തോമസ് ആത്മഹത്യ ചെയ്ത സ്ഥലത്ത് എത്തിയാണ് കളക്ടര്‍ നടപടി പ്രഖ്യാപിച്ചത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക വിലയിരുത്തല്‍. തഹസില്‍ദാരോടും വില്ലേജ് ഓഫിസറോടും അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയാറാവാത്തതിലുള്ള മനഃപ്രയാസത്തില്‍ ജീവനൊടുക്കിയ കര്‍ഷകന്റെ കരം ഇന്ന് തന്നെ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ചെമ്പനോട് സ്വദേശി കാവില്‍ പുരയിടത്തില്‍ ജോയി എന്ന തോമസ് (56) ആണ് ജീവനൊടുക്കിയത്. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട് വില്ലേജ് ഓഫീസിന്റെ ഗ്രില്ലില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം ബുധനാഴ്ച രാത്രി ഒമ്പതരയോടെ നാട്ടുകാര്‍ കണ്ടെത്തിയത്. രണ്ടു വര്‍ഷമായി ജോയി വില്ലേജ് ഓഫീസിനു മുന്നില്‍ നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമരത്തിലായിരുന്നു. വില്ലേജ് ഓഫീസില്‍ കുടുംബസമേതം നിരാഹാരം ഇരിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് തഹസീല്‍ദാര്‍ ഇടപെടുകയും ഇയാളുടെ നികുതി സ്വീകരിക്കുന്നതിനുള്ള നടപടി ഉണ്ടാകുകയും ചെയ്തിരുന്നു. എന്നാല്‍ വീണ്ടും നികുതി സ്വീകരിക്കാതെ വന്നതോടെ ജോയി ജീവനൊടുക്കുകയായിരുന്നു.

ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ വില്ലേജ് ഓഫീസ് ഉദ്യോഗസ്ഥരാണെന്ന് സഹോദരന്‍ ജോണി ആരോപിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ചക്കിട്ടപാറ പഞ്ചായത്തില്‍ ഇന്ന് പകല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.