യൂബര്‍ ടാക്‌സിയില്‍ പീഡനശ്രമം; ടെക്‌നോപാര്‍ക്ക് ജീവനക്കാരി പരാതി നല്‍കി

single-img
21 June 2017

തിരുവനന്തപുരം: വീണ്ടും യൂബര്‍ ടാക്‌സിയില്‍ പീഡന ശ്രമം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയെയാണ് യൂബര്‍ ടാക്‌സിയില്‍ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. കാറില്‍ യാത്ര ചെയ്ത യുവതിയോട് ഡ്രൈവവര്‍ അപമര്യാദയായി പെരുമാറുകയും കാലില്‍ കടന്നുപിടിക്കുകയും ചെയ്‌തെന്നാണ് പരാതി. ജൂണ്‍ 13നായിരുന്നു സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു.

സ്ഥാപനത്തില്‍ നിന്നും ജീവനക്കാരി രാത്രി 7.30ഓടെ തമസസ്ഥലമായ ജഗതിയിലേക്ക് യുബര്‍ ടാക്‌സി വിളിക്കുകയായിരുന്നു. യാത്ര തുടങ്ങിയപ്പോള്‍ ഡ്രൈവര്‍ മാന്യമായാണ് ഇടപെട്ടത്. എന്നാല്‍ അല്‍പ്പസമയത്തിനുശേഷം ഡ്രൈവര്‍ പരിചയപ്പെടാന്‍ ശ്രമം നടത്തി. ആക്കുളം ഭാഗത്തെത്തിയപ്പോള്‍ ഇയാള്‍ യുവതിയുടെ കാല്‍പ്പാദത്തില്‍ കടന്നുപിടിച്ചെന്നും  പരാതിയില്‍ പറഞ്ഞു.

യുവതി നിലവിളിച്ചതിനെ തുടര്‍ന്ന് കാര്‍ നിര്‍ത്തുകയും യാതൊരു കൂസലുമില്ലാതെ ഇയാള്‍ ക്ഷമ ചോദിച്ച് പോവുകയായിരുന്നുവെന്നും യുവതി പറയുന്നു. പിന്നീട് സഹപ്രവര്‍ത്തകനെ വിളിച്ചുവരുത്തിയാണ് താമസസ്ഥലത്തേയ്ക്ക് പോയതെന്നും യുവതി പറഞ്ഞു. വൈകി യാത്രചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്.

യൂബറില്‍ പരാതി അറിയിച്ചെങ്കിലും ഇനി ആവര്‍ത്തിക്കില്ലെന്ന സന്ദേശം മാത്രമാണ് ലഭിച്ചത്. പരാതി നല്‍കാന്‍ വീട്ടുകാര്‍ സമ്മതിക്കാതെ വന്നപ്പോള്‍ പരാതി കൊടുക്കേണ്ടെന്ന നിലപാടെടുക്കുകയായിരുന്നു പെണ്‍കുട്ടി. എന്നാല്‍ പിന്നീട് സംഘടന ഇടപെട്ട് പരാതി കൊടുക്കുകയായിരുന്നെന്നും യുവതി പറഞ്ഞു.