‘ഉറക്കാസനവും ഫോണില്‍ നോക്കിയിരിപ്പും’; മധ്യപ്രദേശ് മന്ത്രിമാരുടെ ‘യോഗാമുറ’കള്‍ വൈറല്‍

single-img
21 June 2017

രാജ്യമെങ്ങും അന്താരാഷ്ട്ര യോഗാദിനം തകൃതിയായി ആഘോഷിക്കപ്പെടുമ്പോള്‍ വ്യത്യസ്തമായ ചില ‘യോഗാമുറ’കളിലൂടെ ഔദ്യോഗികമായ ആഘോഷ പരിപാടികളില്‍ പങ്കാളികളായ രണ്ട് മന്ത്രിമാരുടെ കാട്ടിക്കൂട്ടലുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ കൃഷിമന്ത്രി ഗൗരിശങ്കര്‍ ബിസെനും വിദ്യാഭ്യാസ മന്ത്രി വിജയ് ഷായുമാണ് യോഗ ചെയ്ത് ക്ഷീണിച്ചവശരായപ്പോള്‍ തങ്ങളുടേതായ രീതിയില്‍ യോഗാദിനം ആചരിച്ച് പ്രശസ്തരായിരിക്കുന്നത്.

വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം രണ്ടായിരത്തിലധികം പേര്‍ ഉണ്ടായിരുന്ന ചിന്ത്വാരയിലെ യോഗാ പരിപാടിയിലാണ് കൃഷിമന്ത്രി ഗൗരിശങ്കര്‍ പങ്കെടുത്തത്. യോഗ തുടങ്ങി പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഗൗരിശങ്കര്‍ക്ക് ക്ഷീണം തുടങ്ങി. പിന്നെ ഒന്നും നോക്കിയില്ല. ഉടന്‍ തന്നെ ഒരു കസേര വലിച്ചിട്ട് അതിലിരുന്ന് ഉറക്കവും തുടങ്ങി. താനാകെ ക്ഷീണിതനായിരുന്നുവെന്നാണ് യോഗയ്ക്ക് ശേഷം ഗൗരിശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.

കന്ദ്വാ ജില്ലയില്‍ നടന്ന യോഗ പരിപാടിയിലാണ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ പങ്കെടുത്തത്. മറ്റുള്ളവര്‍ യോഗ ചെയ്യുമ്പോള്‍ സ്റ്റേജിലിരിക്കുകയായിരുന്നു മന്ത്രി. സെല്‍ഫോണില്‍ നിന്നും കണ്ണെടുക്കാതെയായിരുന്നു മന്ത്രിയുടെ യോഗാ പ്രകടനം. പരിപാടി കഴിഞ്ഞ ശേഷം യോഗയുടെ ഗുണഗണങ്ങളെക്കുറിച്ച് മന്ത്രി വിശദമായി സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് താന്‍ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയതെന്നും യോഗയൊന്നും ചെയ്യരുതെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതായും താന്‍ സെല്‍ഫോണില്‍ കളിക്കുകയായിരുന്നില്ലെന്നും മോദിയുടെ യോഗാ പരിപാടി കാണുകയായിരുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് മധ്യപ്രദേശിലെ 50 ജില്ലകളിലും യോഗാ പരിപാടികള്‍ അരങ്ങേറിയിരുന്നു. ലാല്‍പരേഡ് ഗ്രൌണ്ടില്‍ നടന്ന യോഗയിലാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പങ്കെടുത്തത്.