മരുന്നുകളും വെജിറ്റേറിയനാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം; പരിഹസിച്ച് ശാസ്ത്രലോകം

single-img
21 June 2017


ന്യൂഡല്‍ഹി: രോഗികള്‍ക്കായി ‘വെജിറ്റേറിയന്‍ ഗുളികകളൊരുക്കാന്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുതിയ നീക്കം. മൃഗകോശങ്ങളില്‍നിന്നുള്ള രാസവസ്തുക്കള്‍കൊണ്ട് ഉണ്ടാക്കുന്ന ക്യാപ്‌സൂളുകള്‍ക്കു പകരം സസ്യ ക്യാപ്‌സൂളുകള്‍ വ്യാപകമാക്കാനാണ് തീരുമാനം. ഇതിനായി വെജിറ്റേറിയന്‍ അല്ലാത്ത ക്യാപ്‌സൂളുകള്‍ നീക്കംചെയ്യാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ ശാസ്ത്ര ലോകം മുഴുവന്‍ എതിര്‍ത്തിട്ടും കേന്ദ്രം നടപടികളുമായി മുന്നോട്ടുപോവുകയാണ്. കേന്ദ്രമന്ത്രി മേനകാഗാന്ധിയുടെ ശക്തമായ സമ്മര്‍ദ്ദമാണ് ഇതിന് കാരണമായി പറയുന്നത്. മൃഗങ്ങളുടെ അസ്ഥി, ചര്‍മം, സന്ധി കോശങ്ങള്‍ എന്നിവ സംസ്‌കരിച്ചെടുക്കുന്ന ജലാറ്റിന്‍ ഉപയോഗിച്ചാണ് വിപണിയില്‍ ലഭ്യമായ ക്യാപ്‌സൂളുകളില്‍ 98 ശതമാനവും നര്‍മ്മിച്ചിട്ടുള്ളത്.

അസോസിയേറ്റഡ് ക്യാപ്‌സൂള്‍സ്, അമേരിക്കന്‍ ക്യാപ്‌സുജെല്‍ എന്നീ രണ്ടു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ മാത്രമാണ് നിലവില്‍ സസ്യ ക്യാപ്‌സൂളുകള്‍ നിര്‍മ്മിക്കുന്നത്. വെജിറ്റേറിയന്‍ ആഹാരം മാത്രം ശീലമാക്കിയ ദശലക്ഷക്കണക്കിനാളുകളെ ജലാറ്റിന്‍ ക്യാപ്‌സൂളുകള്‍ കഴിപ്പിക്കുന്നത് അവരുടെ മത വികാരം വൃണപ്പെടുത്തുന്നതാണെന്നും പലരും ഇതുകരാണം ക്യാപ്‌സൂള്‍ കഴിക്കുന്നത് ഒഴിവാക്കുകയാണെന്നും ആരോഗ്യ മന്ത്രി ജെപി നദ്ദയ്ക്ക് അയച്ച കത്തില്‍ മേനക ചൂണ്ടിക്കാട്ടിയിരുന്നു. ബദല്‍ മാര്‍ഗമുണ്ടെന്നിരിക്കെ മൃഗ കോശങ്ങളില്‍ നിന്നുണ്ടാക്കിയ ജലാറ്റിന്‍ ക്യാപ്‌സൂളുകള്‍ കഴിക്കാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കരുത്. ജൈന സമുദായത്തില്‍ നിന്നും മറ്റും ലഭിച്ച നിവേദനങ്ങളില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്നും മേനകയുടെ കത്തില്‍ പറയുന്നുണ്ട്.

ഇതേതുടര്‍ന്നാണ് പ്രമുഖ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന ഡ്രഗ് ആന്‍ഡ് ടെക്ക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡിന്റെ (ഡി.എ.ടി.ബി) ഉപദേശം സര്‍ക്കാര്‍ തേടിയത്. ഇത് ശുദ്ധ അസംബദ്ധമാണെന്നും ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെതന്നെ തകര്‍ക്കുമെന്നുമായിരുന്നു ഡി.എ.ടി.ബി മറുപടി നല്‍കിയത്. ഈ നീക്കത്തിനെതിരെ മരുന്ന് ഉല്‍പ്പാദകരില്‍ നിന്ന് എതിര്‍പ്പുയര്‍ന്നേക്കും. സസ്യ ഘടകങ്ങള്‍ അടിസ്ഥാനമാക്കി ക്യാപ്‌സൂള്‍ നിര്‍മ്മാണം ജലാറ്റിന്‍ ക്യാപ്‌സൂള്‍ നിര്‍മ്മാണത്തേക്കാള്‍ മൂന്നിരട്ടിയോളം ചെലവേറിയതാണെന്നും ശാസ്ത്രസംഘം മുന്നറിയിപ്പ് നല്‍കി.

സസ്യ ക്യാപ്‌സൂളുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്നത് സംബന്ധിച്ചും ശാസ്ത്രീയ പഠനങ്ങളും കാര്യമായി നടന്നിട്ടില്ല. സസ്യങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പാദിപ്പിക്കുന്ന ക്യാപ്‌സൂളുകളില്‍ വെജിറ്റേറിയന്‍ എന്നു സൂചിപ്പിക്കുന്ന അടയാളം പതിക്കണമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം ഡ്രഗ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ് കഴിഞ്ഞ മാസം തള്ളിയിരുന്നു. ഭക്ഷണം പോലെ ഉപഭോക്താവിന്റെ ഇഷ്ടപ്രകാരം തെരഞ്ഞെടുക്കുന്നതാണ് മരുന്നുകളെന്നും മരുന്നുകളെ വെജ്, നോണ്‍വെജ് എന്ന് വേര്‍ത്തിരിക്കുന്നത് അബദ്ധമാണെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാല്‍ ഇതുകൊണ്ടൊന്നും കേന്ദ്ര സര്‍ക്കാര്‍ പിന്മാറാന്‍ തയ്യാറല്ല. മൃഗാംശങ്ങള്‍ അടങ്ങിയ ജലാറ്റിന്‍ ക്യാപ്‌സൂകള്‍ പൂര്‍ണമായും ഒഴിവാക്കി സസ്യങ്ങളില്‍ നിന്നുള്ള ഘടകങ്ങള്‍ ഉപയോഗിച്ചുള്ള ക്യാപ്‌സ്യൂളുകളുടെ നിര്‍മ്മാണം പഠിക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചു. കേന്ദ്ര ഡ്രഗ് കണ്‍ട്രോളര്‍ ജി.എന്‍. സിങ്ങിന് ഇതിന്റെ ചുമതലും നല്‍കി.ഇപ്പോള്‍ ഇവര്‍ വളരെ വേഗത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുനീക്കുകയാണ്. ഇതിന്റെ ആദ്യപടിയാണ് വെജിറ്റേറിയന്‍ അല്ലാത്ത ഗുളികകള്‍ പ്രോല്‍സാഹിപ്പിക്കേണ്ട എന്ന തീരുമാനം.

ഇന്ത്യയിലെ പ്രമുഖരായ ശാസ്ത്രജ്ഞര്‍ നിരന്തരം എതിര്‍ത്തിട്ടും മിത്തുകളെയും ഐതീഹ്യങ്ങളെയും പുരാണ കഥകളെയും ശാസ്ത്രസത്യമെന്ന പേരില്‍ അവതരിപ്പിക്കുന്ന പരിപാടികളാണ് നിരന്തരം തുടരുന്നത്. കഴിഞ്ഞവര്‍ഷം മുംബൈയില്‍ നടന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ അവതരിക്കപ്പെട്ട ‘പ്രബന്ധങ്ങള്‍’ ഇത്തരത്തിലായിരുന്നു. ഗ്രഹങ്ങളില്‍നിന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാന്‍ കഴിയുന്ന മനുഷ്യന്‍ ഓടിക്കുന്ന വേദിക്ക് വിമാനമാണ് അതില്‍ പ്രധാനം! വേദിക്ക് കാലഘട്ടത്തില്‍ നിലനിന്നിരുന്ന ഈ വിമാനം പുനരാവിഷ്‌ക്കരിക്കാന്‍ കഴിയുമെന്നാണ് പ്രബന്ധകര്‍ത്താക്കള്‍ പറയുന്നത്. അതുപോലെതന്നെ ബ്രഹ്മാസ്ത്രംപോലുള്ള ഒരു ആധുനിക ആയുധത്തെക്കുറിച്ചും ശാസ്ത്ര കോണ്‍ഗ്രസില്‍ ചര്‍ച്ചചെയ്തു.

പുഷ്പകവിമാനവും ബ്രഹ്മാസ്ത്രവുമൊക്കെ വെറും പുരാണ കഥകള്‍മാത്രമാണെന്നും, സങ്കീര്‍ണ്ണമായ ബഹിരാകാശ പേടകങ്ങള്‍ക്കല്ലാതെ വിമാനത്തില്‍ ഗ്രഹങ്ങളില്‍നിന്ന് ഗ്രഹങ്ങളിലേക്ക് സഞ്ചരിക്കാനാവില്ലെന്ന് ആധുനിക ശാസ്ത്രജ്ഞര്‍ കൃത്യമായി പറഞ്ഞിട്ടും ഈ പ്രബന്ധങ്ങള്‍ അവതരിപ്പക്കാന്‍ അനുവദി നല്‍കപ്പെട്ടു. ഫലമോ ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ ഇന്ത്യ നാണംകെട്ടു. ‘ഇന്ത്യയില്‍ കെട്ടുകഥകള്‍ ശാസ്ത്രമാവുന്നു’ എന്ന് പരിഹസിച്ചാണ് ന്യയോര്‍ക്ക് ടൈംസില്‍ ഇതുസംബന്ധിച്ച് ലേഖനം വന്നത്.

ഇപ്പോള്‍ ആയുഷ് ആന്‍ഡ് യോഗ വകുപ്പ് വന്നതോടെ ഇത്തരം ‘പൗരാണിക പ്രപഞ്ചസത്യങ്ങളുടെ’ ഗവേഷണത്തിന് കോടികളുടെ ഫണ്ടാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. അതിലൊന്നാണ് ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാനായി ഹനുമാന്‍ മരുത്വാമലയില്‍നിന്ന് കൊണ്ടുവന്നതായി രാമായണത്തില്‍ പറയുന്ന, മരിച്ചയാളെ ജീവിപ്പിക്കാന്‍ കഴിയുന്ന സകലരോഗത്തിനും ഒറ്റമൂലിയായ മൃതസഞ്ജീവനിക്കായുള്ള അന്വേഷണം. ഇതിനായി ഒരു പ്രത്യകേ ‘ഗവേഷണ സംഘത്തെയും’ രൂപവത്ക്കിരിച്ചിട്ടുണ്ട്.

110വയസ്സുവരെ യൗവനം നിലനിര്‍ത്താനുള്ള ശിവഗുളികള്‍ക്കായും ഗവേഷണം പുരോഗമിക്കയാണ്. പശുവിന്റെ മൂത്രത്തിന്റെ ഔഷധഗുണത്തെക്കുറിച്ച് കെട്ടുകണക്കിന് ‘പഠനങ്ങളും ഗവേഷണങ്ങളുമാണ്’ ഇപ്പോള്‍ രാജ്യത്ത് നടക്കുന്നത്. ഇതിന്റെയൊക്കെ ഭാഗമായിട്ടായിരിക്കണം പശു ഓക്‌സിജന്‍ പുറത്തുവിടുന്ന ദിവ്യമൃഗമാണെന്നൊക്കെയുള്ള ധാരണ പരന്നത്.പക്ഷേ ഗോമൂത്രവും ചാണകുമൊക്കെ സസ്യങ്ങള്‍ക്ക് വളമാണെന്നല്ലാതെ മനുഷ്യന് ഹാനികരംതന്നെയാണെന്നാണ് ആധുനിക ശാസ്ത്രം എത്രയോ കാലം മുമ്പ് തന്നെ കണ്ടെത്തിയിട്ടുള്ളത്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രിക്കള്‍ച്ചര്‍ റിസേര്‍ച്ചിനോടുവരെ, കേന്ദ്ര കാര്‍ഷിക മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത് ‘വേദിക്ക് അഗ്രികള്‍ച്ചറില്‍ ‘ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ്. അതായത് കൃഷിയിടത്തില്‍ യാഗവും ഹോമവുമൊക്കെ ചെയ്ത് വിത്തെറിയുക. അങ്ങനെ വന്നാല്‍ കൂടുതല്‍ വിളവ് കിട്ടുമത്രേ! ഇതും കോടികള്‍ ഫണ്ടുകിട്ടുന്ന വലിയൊരു ‘ശാസ്ത്ര ശാഖയാണ്’. ഇതിന്റെയൊക്കെ തുടര്‍ച്ചയാണ് ഇപ്പോള്‍ ഔഷധഗവേഷണത്തിലും സംഭവിക്കുന്നത്.