‘ചെന്നിത്തല സുന്ദരന്‍, സുധാകരന്‍ വന്‍വിജയം’: പുരസ്‌കാര വേദിയില്‍ പരസ്പരം പുകഴ്ത്തി നേതാക്കള്‍

single-img
21 June 2017

ആലപ്പുഴ: മികച്ച നിയമസഭാ സാമാജികനുള്ള സിബിസി പുരസ്‌കാര വേദിയിലായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പരസ്പരം പുകഴ്ത്തിയത്. പൊതുമരാമത്ത് വകുപ്പിലെ അഴിമതി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ജി സുധാകരന്‍ വന്‍ വിജയമാണെന്ന് ചെന്നിത്തല പറഞ്ഞു. സുധാകരന്റെ മറ്റ് കഴിവുകളെയും ചെന്നിത്തല എണ്ണിയെണ്ണി പറഞ്ഞ് പുകഴ്ത്തി.

എന്നാല്‍ എപ്പോഴും പ്രസന്നവദനനായ സുന്ദരനാണ് ചെന്നിത്തലയെന്നായിരുന്നു ജി സുധാകരന്റെ പ്രതികരണം. ആലപ്പുഴ ജില്ലയിലെ മറ്റെല്ലാ മണ്ഡലങ്ങളും യുഡിഎഫിനെ കൈവിട്ടപ്പോള്‍ അതിനെ മറികടന്ന ഏക വ്യക്തി ചെന്നിത്തലയാണെന്നും ജി സുധാകരന്‍ വ്യക്തമാക്കി. എന്തായാലും സിബിസി വാര്യരുടെ പേരില്‍ ഏര്‍പ്പെടുത്തിയ മികച്ച നിയമസഭാ സാമാജികനുള്ള പുരസ്‌കാര ചടങ്ങ് നേതാക്കളുടെ പുകഴ്ത്തല്‍ കൊണ്ട് ശ്രദ്ധേയമായി. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് പുരസ്‌കാരം സമ്മാനിച്ചത്.