സൗദിയില്‍ ജൂലൈ മുതല്‍ 100റിയാല്‍ ഫാമിലി ടാക്‌സ്: പ്രവാസികളുടെ സാമ്പത്തിക ഭാരം കൂടും

single-img
21 June 2017


റിയാദ്: സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് ജൂലൈ ഒന്ന് മുതല്‍ നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം രാജ്യത്തെ പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നു. ഇതോടെ ഫാമിലി വിസയില്‍ കുടുംബത്തെ താമസിപ്പിച്ചിരിക്കുന്ന മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ആശങ്കയിലായിരിക്കുകയാണ്‌. പുതിയ തീരുമാനം നടപ്പിലാക്കിയാലുണ്ടാകുന്ന സാമ്പത്തിക ഭാരത്തെയോര്‍ത്ത് നിരവധി പ്രവാസികള്‍ തങ്ങളുടെ കുടുംബത്തെ നാട്ടിലേക്ക് തിരിച്ചയച്ചു കൊണ്ടിരിക്കുകയാണിപ്പോള്‍.

സൗദിയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ കൂടെ കഴിയുന്ന ഓരോ കുടുംബാംഗത്തിനും മാസം തോറും 100 റിയാല്‍(ഏകദേശം 1700 രൂപ) വീതം ആശ്രിത കൂലി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കുടുംബത്തിന്റെ ജീവിതച്ചെലവിനും വീട്ടു വാടകയ്ക്കും പുറമെയുള്ള ഈ നികുതി കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും നല്‍കുക. സൗദിയിലെ ആയിരക്കണക്കിന് മലയാളി പ്രവാസികളെ ഇത് സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതിമാസം 5000 റിയാല്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമേ നിലവില്‍ സൗദി അറേബ്യ കുടുംബ വിസകള്‍ അനുവദിക്കുന്നുള്ളൂ. എന്നാല്‍ ഭാര്യയും രണ്ട് മക്കളും ഒപ്പം താമസിക്കുന്ന ഒരു പ്രവാസിക്ക് ആശ്രിത നികുതിയായി 300 റിയാല്‍ മാസം തോറും അധികം കണ്ടെത്തേണ്ടി വരും. ഈ നികുതി ഓരോ വര്‍ഷവും 100 റിയാല്‍ വീതം ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അങ്ങനെയാണെങ്കില്‍ 2020ഓടെ ഓരോ കുടുംബാംഗത്തിനും നല്‍കേണ്ട ആശ്രിത നികുതി 400 റിയാലായി വര്‍ദ്ധിക്കും. ഇത് കൂടാതെ തൊഴില്‍ രേഖയായ ഇഖാമ പുതുക്കുന്ന സമയത്ത് ഒരു വര്‍ഷത്തെ ആശ്രിത നികുതി മുന്‍കൂറായി അടയ്ക്കണമെന്നും നിര്‍ദ്ദേശമുണ്ട്.