നടിക്കെതിരായ ആക്രമണം: പ്രതിയുടെ സഹതടവുകാരന്റെ മൊഴി വഴിത്തിരിവാകും

single-img
21 June 2017

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസ് പുതിയ വഴിത്തിരിവിലേക്ക്. ഗൂഢാലോചനയുടെ വിവരങ്ങള്‍ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ പോലീസിന് കൈമാറി. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ മറ്റൊരു കേസിലെ പ്രതി ചാലക്കുടി സ്വദേശി ജിന്‍സനാണ് വിവരങ്ങള്‍ നല്‍കിയത്.

ജയിലില്‍ വെച്ചാണ് സുനി സഹതടവുകാരനോട് നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിച്ചത് എന്തിനാണെന്നും ആരുടെ നിര്‍ദേശപ്രകാരമാണെന്നും പള്‍സര്‍ സുനി ജിന്‍സനോട് പറഞ്ഞിരുന്നതായി ജയില്‍ അധികാരികള്‍ക്ക് വിവരം കിട്ടിയതോടെ ഈ കാര്യം അവര്‍ അന്വേഷണ സംഘത്തെ അറിയിച്ചു. ഇതോടെ അന്വേഷണ സംഘം ജിന്‍സന്റെ മൊഴിയെടുത്തു. പള്‍സര്‍ സുനി പൊലീസനോട് പറയാതിരുന്ന പലകാര്യങ്ങളും ജിന്‍സന്റെ മൊഴിയില്‍ ഉണ്ടെന്നു പൊലീസ് പറയുന്നു.

നെടുമ്പാശ്ശേരിയില്‍ ഒരു തട്ടിപ്പുകേസുമായാണ് ജിന്‍സനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. റിമാന്‍ഡ് പ്രതിയായ ജിന്‍സന്റെ അതേ മുറിയിലാണ് പള്‍സര്‍ സുനിയെയും പാര്‍പ്പിച്ചിരുന്നത്. ഇവര്‍ തമ്മില്‍ നല്ല സൗഹൃദത്തിലാവുകയും അതെ തുടര്‍ന്ന് സുനി കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജിന്‍സനുമായി പങ്കുവയ്ക്കുകയുമായിരുന്നു. അതേസമയം ജിന്‍സന്റെ മൊഴിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പള്‍സര്‍ സുനി നിഷേധിച്ചില്ല.

കേസില്‍ പൊലീസ് കുറ്റംപത്രം നേരത്തെ തന്നെ സമര്‍പ്പിച്ചിതാണെങ്കിലും കൂടുതല്‍ തെളിവുകള്‍ കിട്ടിയാല്‍ തുടരന്വേഷണം നടത്തി അനുബന്ധ കുറ്റപത്രം നല്‍കാവുന്നതാണ്. അതിന് വിചാരണ കോടതിയുടെ മുന്‍കൂര്‍ അനുമതി വാങ്ങാനുള്ള ശ്രമത്തിലാണ് പോലീസ്.

കഴിഞ്ഞ ഫെബ്രുവരി 17 ന് രാത്രിയാണ് നടി ആക്രമിക്കപ്പെട്ടത്. ഏഴ് പ്രതികളുള്ള കേസില്‍ ഇതിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടാകില്ലെന്ന നിലപാടിലായിരുന്നു പോലീസ്. എന്നാല്‍, ജിന്‍സന്റെ മൊഴിയോടെ കേസ് വഴിമാറും. ക്വട്ടേഷന്‍ സാധ്യത സംബന്ധിച്ച്, അതിക്രമത്തിന് ഇരയായ നടിയും അടുത്ത സുഹൃത്തുക്കളും ആദ്യം മുതല്‍ സ്വീകരിച്ച നിലപാടു ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ വിവരങ്ങള്‍.