മാലാഖമാര്‍ സമരം പിന്‍വലിച്ചു; അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം ഇടക്കാലശ്വാസം നല്‍കും

single-img
21 June 2017

തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ സ്വകാര്യ ആശുപത്രി നഴ്‌സുമാര്‍ മൂന്ന് ദിവസമായി നടത്തി വന്നിരുന്ന സമരം പിന്‍വലിച്ചു. മന്ത്രിമാരായ വി.എസ് സുനില്‍കുമാര്‍ എ.സി മൊയ്തീന്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം നഴ്‌സുമാര്‍ക്ക് ഇടക്കാലശ്വാസം നല്‍കാമെന്ന് ആശുപത്രി മാനേജ്‌മെന്റുകളുമായി ഉണ്ടാക്കിയ ധാരണയിലാണ് സമരം പിന്‍വലിച്ചത്. സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം നടപ്പിലാക്കും. മാനേജ്‌മെന്റുമായി സമവായമായില്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. വേതന വര്‍ധനവ് നടപ്പാക്കുന്നത് വരെ ഇടക്കാല ആശ്വാസം നല്‍കാനാണ് തീരുമാനം.

നഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടണമെന്നാണ് സര്‍ക്കാറിന്റെ താല്‍പ്പര്യമെന്ന് ചര്‍ച്ചക്ക് ശേഷം മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. കാലാനുസൃതമായി ഇവരുടെ സേവന-വേതന വ്യവസ്ഥകളില്‍ മാറ്റം വരണം. സമരം നടത്തിയ നഴ്‌സുമാര്‍ക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് മാനേജ്‌മെന്റുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

ശമ്പള വര്‍ധന ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ തൃശൂരില്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ പണിമുടക്ക് ആരംഭിച്ചത്. തുടര്‍ന്ന് ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റിയിരുന്നു. പനി പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ പണിമുടക്കില്‍ നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ തയ്യാറായിരുന്നില്ല. മാത്രവുമല്ല പ്രശ്‌നത്തിന് പരിഹാരം കണ്ടില്ലെങ്കില്‍ സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിക്കുമെന്നും ഇവര്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടത്.