മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കണമെന്ന നിലപാടിലുറച്ച് സിപിഐ; സബ്കളക്ടറെ മാറ്റാന്‍ അനുവദിക്കില്ല

single-img
21 June 2017

തിരുവനന്തപുരം: മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ നിലപാടിലുറച്ച് സി.പി.ഐ. ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം വിളിക്കുന്നതില്‍ എതിര്‍പ്പുമായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനാണ് രംഗത്തെത്തിയത്. ഇത്തരമൊരു യോഗം വിളിക്കുന്നതിനെതിരെ മുഖ്യമന്ത്രിക്ക് റവന്യൂമന്ത്രി കത്ത് നല്‍കി.

യോഗം വിളിക്കുന്നതില്‍ നിയമപരമായ തടസ്സങ്ങളുണ്ട്. കയ്യേറ്റക്കാരന്റെ പരാതിയില്‍ യോഗം വിളിക്കുന്നതു ശരിയല്ല. റവന്യൂ ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നതു നിയമപരമായ കാര്യങ്ങളാണെന്നും കത്തില്‍ ചന്ദ്രശേഖരന്‍ പറയുന്നു. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് റവന്യുമന്ത്രി കത്ത് നല്‍കിയത്.

സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ തല്‍സ്ഥാനത്തുനിന്നു മാറ്റണമെന്ന് എം.എം. മണിയും വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് യോഗം വിളിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ജൂലൈ ഒന്നിനായിരുന്നു യോഗം വിളിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നത്. കോവളം കൊട്ടാരം സ്വകാര്യ വ്യക്തിക്ക് വിട്ടുനല്‍കാനുള്ള തീരുമാനത്തിലും റവന്യുമന്ത്രി എതിര്‍പ്പ് അറിയിച്ചു.