ബിസിസിഐ ക്യാപ്റ്റന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവയോ?; കുംബ്ലെയുടെ രാജി എന്തിനു വേണ്ടി

single-img
21 June 2017

ന്യൂഡല്‍ഹി: ഇന്ത്യന്‍ പരിശീലക സ്ഥാനത്തുനിന്ന് അനില്‍ കുംബ്ലെ എന്തുകൊണ്ടു രാജിവെച്ചു?. ഈ ചോദ്യത്തിനുള്ള മറുപടി ഒരു ഉത്തരത്തില്‍ അവസാനിക്കുന്നതല്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലിയുമായുള്ള പിണക്കങ്ങള്‍ പലപ്പോഴും തലപൊക്കിയപ്പോഴും മുന്‍ സീനിയര്‍താരങ്ങളും ബിസിസിഐ ഉപദേശക സമിതി അംഗങ്ങളായ സച്ചിന്‍, ലക്ഷ്മണ്‍, ഗാംഗുലി എന്നിവര്‍ ഉള്‍പ്പെടെ കുംബ്ലെക്ക് സമയം അനുവദിക്കണമെന്ന് ബിസിസിഐയോട് ആവശ്യപ്പെട്ടിട്ടും ഒടുവില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് മുമ്പ് തന്നെ കുംബ്ലെ രാജിവെയ്ക്കുകയായിരുന്നു.

പാക്കിസ്ഥാനോടേറ്റ 180 റണ്‍സിന്റെ പരാജയ ഭാരം തങ്ങളുടെ തലയില്‍ നിന്ന് ഒഴിവാക്കുന്നതിന്റെ ഭാഗമായി കുംബ്ലെക്ക് എതിരെ അഭിപ്രായങ്ങള്‍ ടീമംഗങ്ങള്‍ തന്നെ ബിസിസിഐയുടെ ചെവിയില്‍ എത്തിച്ചിരുന്നു. കുംബ്ലെയുടെ ധിക്കാര നിലപാടുകളാണ് ടീമിനെ തോല്‍വിയില്‍ കൊണ്ടെത്തിച്ചതെന്നായിരുന്നു ഇവരുടെ പരാതി. ഇതിനു പുറമെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓരോ മത്സരത്തിനു ശേഷമുള്ള പ്രസ്മീറ്റിലും കുംബ്ലെയെ ഒഴിവാക്കി നായകന്‍ വിരാട് കോഹ്ലി ബംഗാറിനെയും, രാഗവേന്ദ്രയെയും പ്രശംസിച്ചതെല്ലാം തന്നെ ഇവരുടെ ഇടയില്‍ നിലനിന്നിരുന്ന പിണക്കങ്ങള്‍ പുറത്തു കൊണ്ടുവന്നിരുന്നു.

കൂടാതെ കുംബ്ലെ മത്സരശേഷമൊന്നും തന്നെ മീഡിയയുമായി സംസാരിക്കാതിരുന്നതും ഇതിന്റെ ആക്കം കൂട്ടുന്നു. ഒടുവില്‍ മഞ്ഞുരുകി തുടങ്ങുന്നുവെന്നു തോന്നിപ്പിച്ചെങ്കിലും പാക്കിസ്ഥാനോടേറ്റ തോല്‍വിയെ തുടര്‍ന്ന് വീണ്ടും കോച്ചും ക്യാപ്ടനുമായുള്ള തമ്മിലടി തലപൊക്കുകയായിരുന്നു. പൊരുത്തപ്പെട്ടുപോകാന്‍ കഴിയില്ലെന്നു കോഹ്ലിയും, കളിക്കാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ തുടരുന്നില്ലെന്ന് കുംബ്ലെയും ബിസിസിഐയെ അറിയിക്കുകയായിരുന്നു.

ഫൈനലില്‍ ബൗളിങ്ങ് പരാജയം കുംബ്ലെയെ കോച്ചെന്ന നിലയില്‍ ഏറെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. ഇതൊക്കെയാവും കുംബ്ലെയെ രാജിവെയ്ക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു. ലണ്ടനില്‍ നിന്നു നേരിട്ടു വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് പോകുന്ന ഇന്ത്യന്‍ ടീമിനൊപ്പം പരിശീലകനായി കുംബ്ലെ വരുന്നതിനെ അംഗീകരിക്കാനാവില്ലെന്നറിയിച്ച കോഹ്ലി തുടര്‍ന്ന് ബിസിസിഐ സെക്രട്ടറി അമിതാഭ് ചൗധരിയുമായി നേരിട്ടു നടത്തിയ ചര്‍ച്ചയില്‍ തന്റെ തീരുമാനം അറിയിക്കുകയായിരുന്നു. ഇതിനു പിന്നാലെയായിരുന്നു കുംബ്ലെ ഇന്നലെ രാജിവെച്ചത്.

കോലിയുമായി പൊരുത്തപ്പെടാനാകാത്ത വിധം അകല്‍ച്ച വന്നതിനാലാണ് തന്റെ രാജിയെന്നും കോലിയുടെ പരാതി തന്നെ അത്ഭുതപ്പെടുത്തിയെന്നും സമൂഹമാധ്യമാധ്യമങ്ങളിലൂടെ കുംബ്ലെ വെളിപ്പെടുത്തി. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള അതിര്‍വരമ്പുകളെ താന്‍ ബഹുമാനിക്കുന്നുവെന്നും രാജ്യത്തിന്റെ മഹത്തായ ക്രിക്കറ്റ് പാരമ്പര്യത്തെ കാത്തു സൂക്ഷിക്കാന്‍ ഒരു വെല്‍വിഷറായി തുടരുമെന്നു പറഞ്ഞായിരുന്നു കുംബ്ലെയുടെ പോസ്റ്റ് അവസാനിക്കുന്നത്.