കര്‍ണന്‍ ജയിലില്‍; ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

single-img
21 June 2017

ന്യൂഡല്‍ഹി: കോടതിയലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണന്റെ ഇടക്കാല ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. തനിക്കെതിരേയുള്ള വിധി റദ്ദ് ചെയ്യണമെന്നു കാണിച്ചാണു കര്‍ണന്റെ അഭിഭാഷകന്‍ കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ഈ അപേക്ഷ നിരാകരിച്ച കോടതി കര്‍ണന്‍ ആറുമാസം തടവ് അനുഭവിക്കേണ്ടി വരുമെന്നും വ്യക്തമാക്കി. ഡി.വൈ.ചന്ദ്രചൂര്‍, എസ്.കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

വേനലവധിക്ക് ശേഷം ഏഴംഗ ബെഞ്ചിന് മുന്നില്‍ ഹാജരാകണമെന്ന് സുപ്രിംകോടതി കര്‍ണനോട് ആവശ്യപ്പെട്ടു. കര്‍ണന്റെ അഭിഭാഷകന്‍ മാത്യൂസ് നെടുമ്പറയാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഒന്നരമാസമായി ഒളിവിലായിരുന്ന കര്‍ണനെ കോയമ്പത്തൂരില്‍ വെച്ച് ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സഹജഡ്ജിമാര്‍ക്കും സുപ്രിംകോടതിക്കുമെതിരെ ആരോപണമുന്നയിച്ചതുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിനാണ് സുപ്രീംകോടതിയുടെ ഭരണഘടന ബെഞ്ച് ഇദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറു മാസത്തേക്ക് ശിക്ഷിച്ചത്.

കോടതിയില്‍ ഹാജരാകണമെന്ന ആവശ്യം കര്‍ണന്‍ അനുസരിക്കാതിരുന്നതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്യാന്‍ ഉത്തവിട്ടത്. എന്നാല്‍ ഒരു മാസത്തിനുമേലായി കര്‍ണന്‍ ഒളിവിലായിരുന്നു. താനൊരു ദളിതനായതുകൊണ്ടാണ് തനിക്കെതിരേ സുപ്രിം കോടതി നടപടിയെടുക്കുന്നതെന്നായിരുന്നു കര്‍ണന്റെ പരാതി. പൊലീസിനെ വെട്ടിച്ച് കേരളത്തില്‍ അടക്കം ഒളിവില്‍ കഴിഞ്ഞിരുന്ന കര്‍ണനെ ഇന്നലെ വൈകുന്നേരം കോയമ്പത്തൂരില്‍വച്ച് ബംഗാള്‍ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.