ജസ്റ്റിസ് കര്‍ണ്ണനെ കൊച്ചിക്കാര്‍ തിരിച്ചറിഞ്ഞില്ല; ഒളിവില്‍ കഴിഞ്ഞത് വ്യാജപേരില്‍

single-img
21 June 2017

കൊച്ചി: കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറുമാസത്തേക്ക് ശിക്ഷിച്ച ശേഷം ജസ്റ്റിസ് കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞത് കൊച്ചിയില്‍. കൊച്ചി പനങ്ങാടുള്ള റിസോര്‍ട്ടിലാണു കര്‍ണന്‍ ഒളിവില്‍ കഴിഞ്ഞത്. മൂന്നുദിവസം ഇവിടെയുണ്ടായിരുന്നു. ചെന്നൈ സ്വദേശി എഎന്‍ രാജന്‍ എന്ന പേരാണ് ഇവിടെ നല്‍കിയത്. കര്‍ണന് ഒപ്പം മൂന്ന് പേരും ഉണ്ടായിരുന്നു. റിസോര്‍ട്ടിലെ ജീവനക്കാരന്‍ കര്‍ണന്റെ ചിത്രം തിരിച്ചറിഞ്ഞിട്ടുണ്ട്.

റിസോര്‍ട്ടില്‍നിന്നു മൂന്നുദിവസം മുമ്പാണ് കോയമ്പത്തൂരിലേക്കു പോയത്. മൊബൈല്‍ ഫോണ്‍ സിഗ്‌നലുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണു പൊലീസിനെ കോയമ്പത്തൂരിലെത്തിച്ചത്. കര്‍പ്പകം കോളേജിനു സമീപത്തുള്ള റിസോര്‍ട്ടില്‍ നിന്നാണു കര്‍ണനെ പിടികൂടിയതെന്നാണു റിപ്പോര്‍ട്ട്. മൂന്നു ദിവസം റിസോര്‍ട്ടില്‍ താമസിച്ചു നിരീക്ഷണം നടത്തിയ ശേഷമാണു പൊലീസ് നടപടികളിലേക്കു കടന്നത്.

ആദ്യം അറസ്റ്റിനെ ചെറുക്കാന്‍ ശ്രമിച്ച കര്‍ണന്‍ പിന്നീട് സഹകരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. അഴിമതിയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് അറസ്റ്റിനുശേഷം കര്‍ണന്‍ മാധ്യമങ്ങളോടു പ്രതികരിച്ചു. അതേസമയം അറസ്റ്റിലായശേഷം കര്‍ണന്‍ പൊലീസുമായി സഹകരിക്കുന്നില്ലെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

മെയ് 9നാണ് കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി കര്‍ണനെ ആറുമാസത്തെ തടവിനു ശിക്ഷിച്ചത്. മേയ് പത്തിന് ചെന്നൈയിലെത്തിയ കര്‍ണന്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ ജൂണ്‍ 12ന് കര്‍ണന്‍ സര്‍വ്വീസില്‍ നിന്നും വിരമിച്ചു. തന്നെ ശിക്ഷിച്ച വിധി പുനഃപരിശോധിക്കണമെന്ന കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി.എസ്. കര്‍ണന്റെ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു ജസ്റ്റിസ് കര്‍ണന്‍ നല്‍കിയ ഹര്‍ജി സ്വീകരിക്കാനാവില്ലെന്നു സുപ്രീം കോടതി റജിസ്ട്രി വ്യക്തമാക്കി. ഇക്കാര്യം കര്‍ണന്റെ അഭിഭാഷകനെ രേഖാമൂലം അറിയിച്ചു.

നേരത്തെ, ജസ്റ്റിസ് കര്‍ണന്റെ പുനഃപരിശോധനാ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീം കോടതി, നിരന്തരം ഈ വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയുമതിനു മുതിര്‍ന്നാല്‍ കടുത്ത നടപടി നേരിടേണ്ടിവരുമെന്നു കര്‍ശന മുന്നറിയിപ്പും നല്‍കി. കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ചാണു ജസ്റ്റിസ് കര്‍ണനെ ആറു മാസത്തെ തടവിനു ശിക്ഷിച്ചത്.

നീതിന്യായ വ്യവസ്ഥയില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റീസ് കര്‍ണന്‍ നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചിരുന്നു. സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും 20 ജഡ്ജിമാരെ പേരെടുത്ത് പരാമര്‍ശിച്ചായിരുന്നു കത്ത്. ജഡ്ജിമാര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിടണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ദളിതനായതിനാല്‍ ജുഡീഷ്യറിയില്‍ താന്‍ വിവേചനം നേരിടുന്നുവെന്നും നേരത്തെ ജസ്റ്റിസ് കര്‍ണ്ണന്‍ ആരോപിച്ചിരുന്നു.