ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പൊക്കും; മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കി

single-img
21 June 2017

കൊല്ലം: ഇന്‍ഷുറന്‍സില്ലാതെ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കുക. മോട്ടോര്‍ വാഹനവകുപ്പ് നിങ്ങളുടെ വാഹനം പിടിച്ചെടുത്തേക്കാം. ഇന്‍ഷുറന്‍സ് ഇല്ലാതെ നിരവധി വാഹനങ്ങള്‍ റോഡിലോടുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചത്.

വ്യാജ ഇന്‍ഷുറന്‍സ് രേഖയില്‍ ഓടിയ രണ്ടു ഗ്യാസ് ലോറികള്‍ കൊല്ലത്ത് പിടിയിലായതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞദിവസം ശക്തികുളങ്ങരയിലും കുണ്ടറയിലും നിന്നുമായാണ് വ്യാജരേഖകളില്‍ ഓടിയ ലോറികള്‍ പിടിച്ചത്. എം.വി.ഐ ശരത്ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

പാരിപ്പള്ളി പ്ലാന്റില്‍ നിന്ന് ഗ്യാസ് കയറ്റിവന്ന ലോറികളാണ് പിടിച്ചത്. ഡ്രൈവര്‍ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റാണ് കാണിച്ചത്. കമ്പനിയുമായി ബന്ധപ്പെട്ടപ്പോള്‍ ഈ പോളിസി നമ്പറുകള്‍ വ്യാജമെന്നു തെളിഞ്ഞു. ഒരു നമ്പര്‍ മൂന്നുവര്‍ഷം മുമ്പ് മോട്ടോര്‍ സൈക്കിളിന് എടുത്ത ഇന്‍ഷുറന്‍സിന്റേതാണെന്നും വ്യക്തമായി. ഇതേ ഉടമകള്‍ക്ക് 47 ലോറികള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഇന്‍ഷുറന്‍സ് രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയതായി ആര്‍.ടി.ഒ തുളസീധരന്‍ പറഞ്ഞു. സ്വകാര്യബസുകളടക്കം ഇന്‍ഷുറന്‍സില്ലാതെ ഓടുന്നതായാണ് വിവരം. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് ആര്‍.ടി.ഒ അറിയിച്ചിരിക്കുന്നത്.