മീന്‍കുട്ടയ്ക്ക് സമീപം 1,32,000 രൂപ; കണ്ണ് മഞ്ഞളിക്കാതെ മീന്‍കാരി പൈസയുമായി സ്റ്റേഷനിലേയ്‌ക്ക്, ശേഷം…

single-img
21 June 2017

വെള്ളറട: കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തിലധികം രൂപ ഉടമയ്ക്ക് തിരിച്ചേല്‍പിച്ച് വെള്ളറട ബസ്റ്റാന്റില്‍ താരമായിരിക്കുകയാണ് മീന്‍കാരി സ്‌റ്റെല്ല. ചൊവ്വാഴ്ച വൈകീട്ട് മുന്നര മണിയോടെയാണ് സംഭവം. കച്ചവടം നിര്‍ത്തി വീട്ടിലേക്ക് മടങ്ങാന്‍ നേരത്താണ് സ്‌റ്റെല്ല സമീപത്തെ തട്ടിലിരുന്ന കവര്‍ കാണുന്നത്. തുറന്നു നോക്കിയപ്പോള്‍ നിറയെ പണവും ആധാര്‍ കാര്‍ഡും പാസ്ബുക്കും അടങ്ങിയ രേഖകളും.

സമീപത്തൊക്കെ അന്വേഷിച്ചെങ്കിലും ഉടമയെ കണ്ടെത്താനാവത്തതിനെത്തുടര്‍ന്ന് സ്‌റ്റെല്ല പണമടങ്ങിയ കവര്‍ വെള്ളറട പോലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു. പോലീസാണ് പിന്നീട് ബാങ്കുമായി ബന്ധപ്പെട്ട് ഉടമയെ തിരിച്ചരിയുന്നതും വിവരമറിയിക്കുന്നതും. ഒറ്റ ശേഖരമംഗലം പാലോട്ടുകോണം കിഴക്കിന്‍കര വീട്ടില്‍ ലളിതയുടേതായുന്നു നഷ്ടപ്പെട്ട പണമടങ്ങിയ കവര്‍.

മകളുടെ കല്ല്യാണാവശ്യങ്ങള്‍ക്കായി കരുതിവെച്ച തുക വെള്ളറട ജില്ലാ സഹകരണ ബാങ്കില്‍ നിക്ഷേപിക്കാനാണ് ലളിത മകനോടൊപ്പം എത്തിയത്. എന്നാല്‍ പാന്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ തുക ബാങ്കിലിടാന്‍ സാധിച്ചില്ല. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ വെള്ളറട ബസ്റ്റാന്റില്‍ വെച്ച് സ്റ്റെല്ലയോടൊപ്പം മീന്‍ കച്ചവടം നടത്തുന്നവരില്‍ നിന്നും മീന്‍ വാങ്ങുന്നതിനിടെ പണവും രേഖകളുമടങ്ങിയ പ്ലാസ്റ്റിക് കവര്‍ കടയുടെ തട്ടില്‍ വെച്ച് മറന്നു പോവുകയായിരുന്നു.

വൈകീട്ടോടെ വെള്ളറട പോലീസ് സ്‌റ്റേഷനിലെത്തിയ ലളിതയ്ക്ക് സി.ഐ അജിത്കുമാറിന്റെ സാന്നിദ്ധ്യത്തില്‍ സ്‌റ്റെല്ല തുക കൈമാറുകയായിരുന്നു. പണം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തില്‍ സ്‌ല്ലെയ്ക്ക് പാരിതോഷികമായി ഉടമ 1000 രൂപയും സമ്മാനിച്ചു. ആഴ്ചകള്‍ക്ക് മുമ്പ് ചൂണ്ടിക്കലിലെ സാമില്ലിന് സമീപത്തെ റോഡരികില്‍ നിന്ന് കളഞ്ഞുകിട്ടിയ മൊബൈല്‍ ടാബ് ഉടമയായ വിദ്യാര്‍ഥിക്ക് തിരിച്ചു നല്‍കി സ്‌റ്റെല്ല നേരത്തെയും മാതൃകയായിരുന്നു. അഞ്ചുമരങ്കാല കാനക്കാട് വടക്കിന്‍കര പുത്തന്‍ വീട്ടില്‍ അലോഷ്യസിന്റെ ഭാര്യയാണ് സ്‌റ്റെല്ല അലോഷ്യസ്.