പകര്‍ച്ചപ്പനി പ്രതിരോധിക്കാന്‍ ശുചീകരണവുമായി സര്‍ക്കാര്‍; നാട് ഒന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി

single-img
21 June 2017

തിരുവനന്തപുരം: സംസ്ഥാനം പകര്‍ച്ചപ്പനിയുടെ പിടിയില്‍ അമര്‍ന്നതോടെ അടിയന്തരമായി പനി പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സംസ്ഥാനത്ത് വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും പനി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിന് സര്‍വ്വകക്ഷിയോഗം വിളിക്കാനും തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പനി തടയാന്‍ തീവ്രമായ നടപടികള്‍ സ്വീകരിച്ചതായും ജനം ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രതിരോധനത്തിനു നാട് ഒന്നാകെ രംഗത്തിറങ്ങണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജൂണ്‍ 27 മുതല്‍ 29 വരെ സംസ്ഥാനത്ത് സംയുക്ത ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ജൂണ്‍ 23നു സര്‍വകക്ഷി യോഗം വിളിക്കും. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും ജൂണ്‍ 23ന് യോഗം ചേരും.

മന്ത്രിമാരുടെയും എംഎല്‍എമാരുടെയും നേതൃത്വത്തിലായിരിക്കും ശുചീകരണ പ്രവര്‍ത്തങ്ങള്‍ നടത്തുന്നത്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പണം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്കു നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പനി ബാധിതമേഖലയെ മൂന്നായി തരംതിരിച്ചായിരിക്കും ശുചീകണ പ്രവര്‍ത്തനങ്ങള്‍ നടത്തുക.

ചികിത്സ സംവിധാനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ക്കു പുറമേ പി.ജി വിദ്യാര്‍ത്ഥികളുടെയും ഹൗസ് സര്‍ജന്മാരുടെയും സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെയും സേവനം ലഭ്യമാക്കും. ആശുപത്രികളില്‍ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങള്‍ ശുചീകരിച്ച് ചികിത്സ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പോരായ്മ വന്നാല്‍ വേറെ കെട്ടിടങ്ങള്‍ ഏറ്റെടുക്കും. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളില്‍ മൊബൈല്‍ ക്ലിനിക്കുകള്‍ വഴി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തും.

ഡോക്ടര്‍മാരെയും നഴ്‌സുമാരേയും ആവശ്യാനുസരണം താത്ക്കാലികമായി നിയമിക്കും. രോഗ നിര്‍ണയത്തിന് വിവിധ പരിശോധനകള്‍ വേണ്ടിവരും. അതിനുള്ള സംവിധാനങ്ങള്‍ കഴിയാവുന്ന കേന്ദ്രങ്ങളില്‍ ഒരുക്കും. ഈ അടിയന്തര സാഹചര്യം നേരിടുന്നതിനുള്ള തുക അനുവദിക്കും. ജില്ലാടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഓരോ മന്ത്രിയെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു