മെട്രോയെ ഇളക്കിമറിച്ച് ഉമ്മന്‍ ചാണ്ടിയുടെ ജനകീയ യാത്ര; പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസിന്റെ വക ടിക്കറ്റ് ഫ്രീ

single-img
20 June 2017

ആലുവ: കൊച്ചി മെട്രോയെ ജനസാഗരത്തിലാഴ്ത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടേയും അണികളുടേയും ജനകീയ യാത്ര. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തില, കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസ്സന്‍, എം.എല്‍.എമാരായ പി.ടി തോമസ്, അന്‍വര്‍ സാദത്ത്, ഹൈബി ഈഡന്‍, ജില്ലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍, മൂന്‍ ഗതാഗതമന്ത്രി ആര്യാടന്‍ മുഹമ്മദ് അടക്കം മറ്റു ജില്ലകളില്‍ നിന്നുളള നേതാക്കളും മെട്രോയില്‍ കയറാന്‍ എത്തി.

ഉമ്മന്‍ ചാണ്ടിയെ മുദ്രാവാക്യം വിളിയോടെയാണ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. പ്രവര്‍ത്തകരുടെ ആരധന അണമുറിഞ്ഞതോടെ ഉമ്മന്‍ ചാണ്ടിയ്ക്ക് സുരക്ഷ ഒരുക്കാന്‍ ജീവനക്കാര്‍ ഏറെ പാടുപെട്ടു. മെട്രോയില്‍ സഞ്ചരിക്കാനെത്തിയ സാധാരണ യാത്രക്കാര്‍ക്കൊപ്പം നൂറു കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടി ആലുവ സ്റ്റേഷനിലേക്ക് തള്ളിക്കയറിയതോടെ പ്ലാറ്റ്‌ഫോം നിറഞ്ഞു കവിഞ്ഞു. ഇതോടെ ആലുവയില്‍ നിന്നും പുറപ്പെട്ട ആദ്യ ട്രെയിനില്‍ ഉമ്മന്‍ചാണ്ടിക്ക് കയറാനായില്ല. തുടര്‍ന്ന് അവിടെ നിന്നും പുറപ്പെട്ട രണ്ടാം ട്രെയിനിലാണ് ഉമ്മന്‍ചാണ്ടിക്കും സംഘത്തിനും യാത്ര ചെയ്യാന്‍ സാധിച്ചത്. ആലുവയില്‍ നിന്നാരംഭിച്ച യാത്ര പാലാരിവട്ടത്താണ് അവസാനിച്ചത്. ട്രെയിനില്‍ കയറാന്‍ എല്ലാ പ്രവര്‍ത്തകര്‍ക്കും കോണ്‍ഗ്രസ് ടിക്കറ്റ് എടുത്ത് നല്‍കി.

മെട്രോയുടെ ഉദ്ഘാടനചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അര്‍ഹിച്ച പരിഗണന നല്‍കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ജനകീയയാത്ര നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളുടെ മെട്രോയിലെ യാത്ര ഉമ്മന്‍ ചാണ്ടിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ ലൈവായി സംപ്രേക്ഷണം ചെയ്യുകയും ചെയ്തു.