പ്രതിസന്ധിയിലും നിലപാട് കടുപ്പിച്ച് ഖത്തര്‍; ‘ഉപരോധം പിന്‍വലിച്ചിട്ട് മതി ഒത്തുതീര്‍പ്പ്’

single-img
20 June 2017

ദോഹ: ഉപരോധത്തിനെതിരെ നിലപാട് കടുപ്പിച്ച് ഖത്തര്‍. സൗദി അറേബ്യ, ബഹ്‌റൈന്‍, യുഎഇ ഉള്‍പ്പടെയുള്ള മൂന്ന് ഗള്‍ഫ് രാജ്യങ്ങളും ഉപരോധം പിന്‍വലിക്കാതെ യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും ഇല്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍താനിയാണ് ഖത്തറിന്റെ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ഉപരോധം തുടരുകയാണെങ്കില്‍ ഖത്തര്‍ മറ്റു മാര്‍ഗങ്ങള്‍ ആശ്രയിക്കുമെന്ന സൂചനയും അദ്ദേഹം നല്‍കി.

അല്‍ജസീറ ഉള്‍പ്പെടെയുള്ള ഖത്തറിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ചര്‍ച്ചയില്ലെന്നും അല്‍ഥാനി വ്യക്തമാക്കി. സൗദി അറേബ്യയുടെ മേഖലാ എതിരാളി ഇറാനെ ഉള്‍പ്പടെ മറ്റു രാജ്യങ്ങളുമായി സഹകരണം തുടരാനാണ് ഖത്തര്‍ തീരുമാനിച്ചിരിക്കുന്നത്. ഉപരോധത്തെ നേരിടാന്‍ ഖത്തറിന്റെ പക്കല്‍ ബാക്കപ്പ് പദ്ധതികളുണ്ട് എന്നും അല്‍ഥാനി പറഞ്ഞു.

അതിനിടെ തുര്‍ക്കി, കുവൈത്ത്, ഒമാന്‍ രാജ്യങ്ങളെ കേന്ദ്രീകരിച്ച് ഖത്തറിനെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച രണ്ട് ന്യൂസ് ചാനലുകള്‍ക്കെതിരെ ഖത്തര്‍ പരാതി ഉന്നയിച്ചു. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കൈന്യൂസ് അറേബ്യ, സൗദി ഉടമസ്ഥതയില്‍ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ അറബിയ എന്നീ ചാനലുകള്‍ക്കെതിരെയാണ് ഖത്തര്‍ ന്യൂസ് ഏജന്‍സി ബ്രിട്ടീഷ് നിയമസ്ഥാപനമായ കാര്‍ട്ടര്‍ റെക്ക് മുഖേന പരാതി നല്‍കുന്നത്.