ഇവര്‍ വികസന വിരോധികളല്ല; പുതുവൈപ്പിനിലേത് ജീവിക്കാനുള്ള സമരം

single-img
20 June 2017

പുതുവൈപ്പിനിലെ ഐഒസിയുടെ എല്‍പിജി ടെര്‍മിനല്‍ പദ്ധതിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ പ്രദേശവാസികളെ വിമര്‍ശിക്കുന്നവരും തീവ്രവാദ ബന്ധം ആരോപിക്കുന്നവരും അറിഞ്ഞിരിക്കണം ഇവര്‍ എന്തിനു വേണ്ടി സമരം ചെയ്യുന്നു എന്ന്. പോലീസിന്റെ ലാത്തി കൊണ്ടുള്ള അടിയേറ്റ് തല പൊട്ടി ചോരയൊലിച്ചിട്ടും സ്ത്രീകളും പിഞ്ചു കുട്ടികളുമടക്കം കൂടുതല്‍ കരുത്തോടെ വീണ്ടും സമരപ്പന്തലിലെത്തിയത് ഇവര്‍ വികസനവിരോധികള്‍ ആയതുകൊണ്ടോ?.

പല രാജ്യങ്ങളും ഇത്തരം ധാരാളം സംഭരണശാലകള്‍ യാതൊരു എതിര്‍പ്പുമില്ലാതെ പണിതിട്ടുണ്ടല്ലോ…പക്ഷേ ഇവര്‍ക്കു മാത്രം എന്താ ഇത്ര പ്രശ്‌നമെന്ന് പുച്ഛിച്ചു തളളുന്നവര്‍ പെട്രോളിയവുമായി ബന്ധപ്പെട്ട് നിര്‍മ്മിച്ച പദ്ധതികളിലെ പൂര്‍വ്വകാല ദുരന്താനുഭവങ്ങളെക്കുറിച്ച് ഓര്‍ക്കുന്നത് നന്നാവും. പെട്ടെന്ന് വളര്‍ന്നുകൊണ്ടിരിക്കുന്ന ഏറെ ജനസാന്ദ്രതയുള്ള പ്രദേശമാണ് കൊച്ചി.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇത്തരം ഒരിടത്ത് ഒരു പെട്രോളിയം അല്ലെങ്കില്‍ ഗ്യാസ് സംഭരണി ഉയരുമ്പോള്‍ ഉണ്ടായേക്കാവുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോവുമ്പോള്‍ ഉണ്ടായേക്കാവുന്ന മഹാ ദുരന്തങ്ങളെക്കുറിച്ച് അല്പമെങ്കിലും നാം ബോധവാന്മാരല്ലാത്തതാണ് ഇത്തരം വിമര്‍ശനങ്ങള്‍ക്കു കാരണം.

2009 ഒക്ടോബര്‍ 29നാണ് ‘പിങ്ക് സിറ്റി’ എന്നറിയപ്പെടുന്ന ജയ്പ്പൂരിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഓയില്‍ ഡിപ്പോ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. സിതാപുര വ്യവസായമേഖലയിലെ ഐഒസി പ്ലാന്റില്‍ എണ്ണായിരം കിലോലിറ്റര്‍ പെട്രോള്‍ സംഭരിച്ചിരുന്ന ഭൂഗര്‍ഭ ടാങ്കിലാണ് തീപടര്‍ന്നത്. 12 പേര്‍ വെന്തു മരിച്ചു.

300 പേര്‍ ശരീരമാകെ പൊള്ളിയടര്‍ന്നും ശ്വാസംമുട്ടിയും പകുതി ജീവനോടെ രക്ഷപ്പെട്ടു. ജയ്പ്പൂര്‍ നഗരം കുലുങ്ങിവിറച്ചു. പൊട്ടിത്തെറി കാരണം റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തിയ ഭൂചലനം തന്നെ ഉണ്ടായി. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലെ കെട്ടിടങ്ങളുടെ ജനാലകള്‍ പൊട്ടിച്ചിതറി. ആര്‍ക്കും ഒരു ചുക്കും ചെയ്യാനായില്ല. ഐഒസി മുംബൈയില്‍നിന്ന് വിളിച്ചുവരുത്തിയ സാങ്കേതികവിദഗ്ധര്‍ക്ക് കാഴ്ചക്കാരായി നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ.

ആളിപ്പടരുന്ന പെട്രോളില്‍ ഒന്നും ചെയ്യാനില്ലെന്ന് അവര്‍ കൈമലര്‍ത്തി. പകരം ചുറ്റുവട്ടത്ത് താമസിച്ചിരുന്ന അഞ്ചുലക്ഷം ആളുകളെ ഒഴിപ്പിച്ചു. ആളുന്ന തീയും പുകയും കണ്ട് പതിനായിരങ്ങള്‍ നേരത്തേതന്നെ വീടുവിട്ടോടിയിരുന്നതിനാല്‍ ‘ഒഴിപ്പിക്കല്‍’ എളുപ്പമായി. ഒരാഴ്ച കത്തിയെരിഞ്ഞ തീ മുന്നൂറ് കോടിയുടെ നഷ്ടമുണ്ടാക്കിയെന്ന് പിന്നീട് ഐഒസിയുടെതന്നെ കണക്കു വന്നു. ആഴ്ചകളോളം ജയ്പ്പൂര്‍ ശവക്കോട്ടപോലെ മൂകമായി. അന്ന് ഐഒസി പറഞ്ഞത് ഇപ്പോള്‍ പുതുവൈപ്പിനില്‍ പറയുന്ന അതേ ന്യായമായിരുന്നു:”അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുളള ഈ സംഭരണശാലയില്‍ ഒരപകടവും സംഭവിക്കില്ല. എല്ലാം പൂര്‍ണ്ണസുരക്ഷിതം..!”

മൂന്നു വര്‍ഷം കഴിഞ്ഞ് 2013 ജനുവരി ആറിന് ഗുജറാത്തിലെ ഐഒസി പ്ലാന്റിലും സമാനമായ അപകടം ആവര്‍ത്തിച്ചു. നാലു പേര്‍ മരിച്ചു. ഗുജറാത്തിലെ ഹസിറ പ്ലാന്റില്‍ ഐഒസിയുടെ അഞ്ച് ഭൂഗര്‍ഭ പെട്രോള്‍ടാങ്കുകളാണ് അന്ന് ഒരുമിച്ച് കത്തിയമര്‍ന്നത്. 24 മണിക്കൂര്‍ വേണ്ടിവന്നു തീ അണക്കാന്‍. അത്തരമൊരു അപകടം നേരിടാനുള്ള യാതൊരു സംവിധാനവും ഐഒസിക്ക് ഉണ്ടായിരുന്നില്ലെന്ന് അവിടെയും അന്വേഷണത്തില്‍ തെളിഞ്ഞു. ഒരു വര്‍ഷത്തിനു ശേഷം 2014 ജൂണ്‍ 26 ന് ആന്ധ്രപ്രദേശില്‍ ഗെയില്‍ ഗ്യാസ് പൈപ്പ് ലൈനില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചത് 14 പേരാണ്.

ഇതു തന്നെയാണ് പുതുവൈപ്പിനിലെ ജനങ്ങളുടെയും ആശങ്ക. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലവും പ്ലാന്റിന്റെ ചുറ്റുമതിലും തമ്മില്‍ മുപ്പത് മീറ്ററിന്റെ അകലം മാത്രമാണുള്ളത്. പത്ത് ലക്ഷത്തിലൊരു ശതമാനം മാത്രമേ സ്‌ഫോടനത്തിന് സാധ്യതയുള്ളൂ എന്ന് അവര്‍ പറയുമ്പോഴും അതിന് സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇവിടുന്ന് അഞ്ഞൂറോളം ടാങ്കറുകളില്‍ എല്‍.പി.ജി. ലോഡ് ചെയ്യും. കന്യാകുമാരി ലോഡിങ് നടക്കുമ്പോള്‍ പപ്‌സിങ് എന്ന പേരില്‍ എല്‍.പി.ജി. ലീക്ക് ആവും. അഞ്ഞൂറ് വണ്ടി ഒരു ദിവസം ഇവിടെ നിന്ന് പോവുകയാണെങ്കില്‍ ഒരു ദിവസം രണ്ടര മണിക്കൂര്‍ ഈ പ്രദേശത്ത് എല്‍.പി.ജി. ലീക്ക് ഉണ്ടാവും. അത് സ്ഥിരമായി ശ്വസിച്ചാല്‍ വളരെ വലിയ അപകടമാണ് പ്രദേശവാസികള്‍ നേരിടേണ്ടി വരിക.

പുതുവൈപ്പിലെ ഈ സമരം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇവിടുത്തെ പ്രദേശവാസികളില്‍ ഏറെയും സാധാരണക്കാരായ മല്‍സ്യത്തൊഴിലാളികളാണ്. അതുകൊണ്ടു തന്നെ തങ്ങളുടെ നിലനില്‍പ്പിനെപ്പറ്റിയുള്ള ഏതു ചെറിയ ആശങ്കയും ഇവര്‍ക്ക് വളരെ വലുതാണ്. യാതൊരു സുരക്ഷാ സംവിധാനങ്ങളുമില്ലാതെയാണ് സര്‍ക്കാര്‍ ഈ പ്ലാന്റിന്റെ നിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നതെന്നറിഞ്ഞപ്പോഴാണ് പ്രദേശവാസികള്‍ പ്രതിഷേധ സമരവുമായി മുന്നിട്ടിറങ്ങിയത്. എട്ടു വര്‍ഷം മുമ്പ് കൃത്യമായി പറഞ്ഞാല്‍ 2009 മെയ് 18ന് തുടങ്ങിവെച്ച പ്രതിഷേധം കഴിഞ്ഞ ഫെബ്രുവരി 16ന് അനിശ്ചിതകാല ഉപരോധ സമരമായി രൂപം മാറുകയായിരുന്നു.

ഇവര്‍ക്ക് കടലാക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ പണിത കടല്‍ഭിത്തി പൊളിച്ചായിരുന്നു പ്ലാന്റിനുള്ള ചുറ്റുമതില്‍ പണി ആരംഭിച്ചത്. ഇത്തരം പദ്ധതികള്‍ വരുമ്പോള്‍ അതിന്റെ നടപടിക്രമമനുസരിച്ച്, പ്രദേശവാസികളെ വിളിച്ചുകൂട്ടി കാര്യങ്ങളെല്ലാം വിശദീകരിച്ച്, അതിലുള്ള പൊതുജനാഭിപ്രായം തേടിയിട്ടേ നിര്‍മ്മാണം തുടങ്ങാവൂ.

പക്ഷേ കമ്പനി ഇത് ചെയ്യുകയുണ്ടായില്ല. വേലിയേറ്റ മേഖലയില്‍ നിന്ന് 200 മീറ്റര്‍ അകലം പാലിച്ചുകൊണ്ട് പ്ലാന്റ് സ്ഥാപിക്കാന്‍ 2010 ജൂലായ് അഞ്ചിന് വനം പരിസ്ഥിതി മന്ത്രാലയം ഇവര്‍ക്ക് അനുമതി നല്‍കുകയും ചെയ്തു. കമ്പനിയുടെ 85ശതമാനം സ്ഥലവും നില്‍ക്കുന്നത് ഈ ഇരുന്നൂറ് മീറ്ററിനുള്ളിലാണ്. യഥാര്‍ഥത്തില്‍ ഇവര്‍ക്ക് അവിടെ പ്ലാന്റ് തുടങ്ങാനാവില്ല. ഇക്കാര്യം കാണിച്ചുള്ള പ്രദേശ വാസികളുടെ പ്രതിഷേധം ഒരുതരത്തില്‍ ഗുണം ചെയ്തു. തത്കാലത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചു.

2015 ജൂലായ് മാസത്തില്‍ വനം, പരിസ്ഥിതി മന്ത്രാലയ അനുമതിയുടെ കാലാവധി തീര്‍ന്നു. എന്നാല്‍ അത് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടി നല്‍കണമെന്ന ഐ.ഒ.സി.യുടെ ആവശ്യം അവരംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് 2015 ഡിസംബര്‍ രണ്ടിന് കുറേ ഇരുമ്പ് പ്ലേറ്റുകളുമായി വന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഓരോ ഘട്ടമായി ആരംഭിച്ചു. ഇതോടെ പ്രദേശവാസികള്‍ക്ക് ഇവിടെ താമസിക്കാന്‍ കഴിയാത്ത അവസ്ഥയായി. രാത്രിയും പകലുമില്ലാത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഉണ്ടാവുന്ന പൊടി ജനജീവിതം ദുരിതത്തിലാക്കി. പോലീസ് സംരക്ഷണത്തോടെ അവര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു.

2016 ജൂലൈയില്‍ അനധികൃത നിര്‍മ്മാണം നടക്കുന്നത് കാണിച്ച് സമരസമിതിക്കാര്‍ കേസ് കൊടുത്തു. ആദ്യ സിറ്റിങ്ങില്‍ ഇവര്‍ക്ക് സ്റ്റാറ്റസ്‌കോ ഓര്‍ഡര്‍ കിട്ടി. പക്ഷെ രണ്ടാമത്തെ സിറ്റിങ്ങില്‍ സ്റ്റാറ്റസ്‌കോ നിലനില്‍ക്കുന്നത് കൊണ്ട് അനുവദനീയമായ സ്ഥലത്ത് പോലും നിര്‍മ്മാണം നടത്താന്‍ കഴിയുന്നില്ലെന്ന് കാണിച്ച് ഐ.ഒ.സി. പരാതി നല്‍കി. തുടര്‍ന്ന് എല്ലാ വ്യവസ്ഥകളും പാലിച്ചുകൊണ്ട് നിര്‍മ്മാണം നടത്താന്‍ വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ഉത്തരവ് ലഭിച്ചു. പക്ഷെ ആ ഉത്തരവ് നിര്‍മ്മാണ പ്രവര്‍ത്തനം അനുവദിച്ചുകൊണ്ടുള്ളതാണെന്ന് കാട്ടി കമ്പനി പോലീസ് സംരക്ഷണത്തോടെ നിര്‍മ്മാണം വീണ്ടും തുടങ്ങി. പിന്നീടാണ് നാട്ടുകാരെല്ലാം ചേര്‍ന്ന് ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുന്നത്.