ഇവര്‍ സ്വന്തം മണ്ണില്‍നിന്നും പറിച്ചെറിയപ്പെട്ടവര്‍; കഴിഞ്ഞവര്‍ഷം വീടും മണ്ണും നഷ്ടപ്പെട്ട് പലായനം ചെയ്തത് 6.5 കോടി ജനങ്ങള്‍

single-img
20 June 2017

ഓരോ മൂന്നു സെക്കന്‍ഡിലും ഓരോരുത്തര്‍ വീതം അഭയാര്‍ഥികള്‍ ആക്കപ്പെട്ടുകൊണ്ടിരിക്കുന്ന വളരെ ഭീതിദമായ ഒരവസ്ഥയിലൂടെയാണ് ലോകമിന്ന് കടന്നു പോകുന്നത്. യുനൈറ്റഡ് നേഷന്‍സിന്റെ കണക്കുകള്‍ പ്രകാരം യുദ്ധവും ആഭ്യന്തര സംഘര്‍ഷവും മൂലം ഒരു വര്‍ഷത്തിനിടെ സ്വന്തം വീടും മണ്ണും നഷ്ടപ്പെട്ട് ജനിച്ച നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടിവന്നത് 6.5 കോടി ജനതയ്ക്കാണ്.

രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമാണ് ലോകമിപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതെന്നാണ് യുഎന്നിന്റെ ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ലോക അഭയാര്‍ത്ഥി ദിനത്തോടനുബന്ധിച്ചാണ് ഞെട്ടിക്കുന്ന ഈ കണക്കുകള്‍ യുഎന്‍ പുറത്തുവിട്ടിരിക്കുന്നത്.

മാത്രമല്ല കഴിഞ്ഞ വര്‍ഷം അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നതും. 4.03 കോടി പേരാണ് ആഭ്യന്തരമായി സ്വന്തം വീടുകളില്‍നിന്നും ദേശങ്ങളില്‍നിന്നും പുറന്തള്ളപ്പെട്ടതെങ്കില്‍ 2.8 കോടി പേരാണ് അഭയംതേടി പുറത്തേക്കിറങ്ങിയത്. 2015ന്റെ അവസാനത്തിലെ മൂന്ന് ലക്ഷത്തില്‍ നിന്നാണ് 2.8 കോടിയിലേക്ക് പുറം അഭയാര്‍ഥികളുടെ എണ്ണം കുതിച്ചുയര്‍ന്നതെന്ന് യുനൈറ്റഡ് നേഷന്‍സ് ഹൈകമീഷണര്‍ ഫോര്‍ റെഫ്യൂജീസ് (യു.എന്‍.എച്ച്.സി.ആര്‍) അറിയിച്ചു. കണക്കുകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതിനുശേഷമുള്ള ഏറ്റവും ഉയര്‍ന്ന റെക്കോഡ് കണക്കാണിതെന്നും ഇവര്‍ പറയുന്നു.

ആഭ്യന്തര യുദ്ധവും പട്ടിണിയും രൂക്ഷമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ആഫ്രിക്കയില്‍നിന്നുമാണ് ജനിച്ച നാടും വീടും വിട്ട് അഭയാര്‍ത്ഥികളാവേണ്ടി വന്നവരില്‍ ഏറെയും. യുദ്ധ ഭൂമിയില്‍ നിന്നും ജീവനും കൊണ്ട് പലായനം ചെയ്യുന്നവരാല്‍ പശ്ചിമേഷ്യാ മുനമ്പുകള്‍ നിറയുകയാണ്.

2016ല്‍ രജിസ്റ്റര്‍ ചെയ്ത അഭയാര്‍ഥികളില്‍ പകുതിയും കുട്ടികളായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ സിറിയയില്‍നിന്നുമാണ്. 2016ല്‍ മാത്രം 1.2 കോടി ആളുകളാണ് സിറിയയില്‍നിന്നു മാത്രം അഭയാര്‍ഥികളായത്. ആറു വര്‍ഷം പിന്നിട്ട സംഘര്‍ഷത്തില്‍ 6.3 കോടി പേര്‍ രാജ്യത്തിനകത്തുമാത്രം ചിതറിത്തെറിക്കപ്പെട്ടു. അഥവാ മൂന്നില്‍ രണ്ടു പേരും ഭവനരഹിതരായി.

ദക്ഷിണ സുഡാനാണ് അഭയാര്‍ഥികളുടെ എണ്ണത്തില്‍ മുന്നിലുള്ള മറ്റൊരു രാജ്യം. അഫ്ഗാനിസ്താന്‍, ഇറാഖ്, ഫലസ്തീന്‍, പാകിസ്താന്‍, ലബനാന്‍, ഇറാന്‍, യുഗാണ്ട, ഇത്യോപ്യ എന്നീ രാജ്യങ്ങളും സ്വന്തം മണ്ണില്‍ എല്ലാം നഷ്ടപ്പെട്ട ഒരു ജനതയുടെ മുന്നില്‍ പകച്ചു നില്‍ക്കുകയാണ്. മാത്രമല്ല അഭയാര്‍ത്ഥി പ്രശ്‌നം സൃഷ്ടിക്കുന്ന ദുരിതങ്ങള്‍ ഓര്‍ത്ത് പല രാജ്യങ്ങളും അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍നിന്നും പിന്മാറിത്തുടങ്ങിയതും ഇവരെ കൂടുല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.