മോദി കണ്ടെത്തിയ രാമനാഥ് കോവിന്ദ് കേമനോ?; പഴയ പ്രസ്താവനകള്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തിരിഞ്ഞുകൊത്തുന്നു

single-img
20 June 2017

എന്‍.ഡി.എയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിനു ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യുന്നത് ബി.ജെ.പിയുടെ ദളിത് മോര്‍ച്ചാ നേതാവായ രാമനാഥ് കോവിന്ദിന്റെ മുന്‍ പ്രസ്താവനയാണ്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗക്കാര്‍ക്കും നല്‍കുന്ന സംവരണാനുകൂല്യങ്ങളെ എതിര്‍ത്ത് രാം നാഥ് കോവിന്ദ് നടത്തിയ പഴയ പ്രസ്താവനയാണ് വീണ്ടും പ്രചരിക്കുന്നത്. ഇസ്ലാം, ക്രിസ്ത്യന്‍ മതങ്ങള്‍ ഇന്ത്യയ്ക്ക് അന്യമാണെന്നും, സംവരണം ഒഴിവാക്കണമെന്നുമായിരുന്നു 2010ല്‍ ബിജെ.പിയുടെ വക്താവായി നിയമിതനായയുടന്‍ രാമനാഥിന്റെ പ്രസ്താവന.

മുസ്ലിങ്ങളും ക്രിസ്ത്യാനികളും ഇന്ത്യയിലേക്ക് വലിഞ്ഞുകേറി വന്നവരാണെന്നാണ് കോവിന്ദിന്റെ അഭിപ്രായം. പരദേശികളായ അവര്‍ക്ക് സംവരണത്തിന്റെ ആവശ്യമില്ലെന്നും കോവിന്ദ് പറഞ്ഞുവെച്ചിട്ടുണ്ട്. 2009ല്‍ രംഗാനാഥ് മിശ്ര കമ്മീഷന്‍ സര്‍ക്കാര്‍ ജോലികളില്‍ 10 ശതമാനം സംവരണം മുസ്ലിങ്ങള്‍ക്കും 5 ശതമാനം മറ്റു ന്യൂനപക്ഷങ്ങള്‍ക്കും നല്‍കണമെന്ന് നിര്‍ദേശിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിക്കവെയാണ് രാം നാഥ് കോവിന്ദിന്റെ ന്യൂനപക്ഷ വിരുദ്ധ മുഖം പുറത്ത് വന്നത്. 2010 ന്യൂഡല്‍ഹിയിലെ പത്ര സമ്മേളനത്തില്‍ സംസാരിക്കവെ രംഗനാഥ് മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് അസാധ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്.

മിശ്ര കമ്മീഷന്റെ ശിപാര്‍ശ പിന്‍വലിക്കണെന്നും കോവിന്ദ് അന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാക്ക വിഭാഗക്കാരുടെ പട്ടികയിലേക്ക് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും ഉള്‍പ്പെടുത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം അന്ന് വാദിച്ചു. 2010ല്‍ സിഖ് ദലിത് വിഭാഗങ്ങള്‍ക്ക് സംവരണം ലഭിച്ചപ്പോള്‍ എന്തുകൊണ്ട് മുസ്ലിങ്ങളും ക്രിസ്ത്യാനികളും അവഗണിക്കപ്പെട്ടു എന്ന ചോദ്യത്തിനായിരുന്നു, ക്രിസ്ത്യാനികളും മുസ്ലിങ്ങളും രാജ്യത്ത് വലിഞ്ഞുകേറി വന്നവരാണെന്ന രീതിയില്‍ കോവിന്ദ് മറുപടി നല്‍കിയത്. ഒരു ദലിത് നേതാവിനെ ഉയര്‍ത്തിക്കാട്ടി ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപി അവര്‍ക്കൊപ്പമാണെന്ന പ്രതീതി ജനിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ജാതിയല്ല, നിലപാടുകളും നയങ്ങളുമാണ് വ്യക്തിത്വം നിശ്ചയിക്കുന്നതെന്ന കോവിന്ദിന്റെ മുന്‍ പ്രസ്താവനകള്‍ വിരല്‍ചൂണ്ടുന്നത്.

1945 ഒക്ടോബര്‍ ഒന്നിന് കാന്‍പൂരിലാണ് രാംനാഥ് കോവിന്ദ് ജനിച്ചത്. കാന്‍പൂര്‍ സര്‍വ്വകലാശാലയില്‍ നിന്നും ബികോം, നിയമ ബിരുദങ്ങള്‍ നേടി. പതിനാറു വര്‍ഷം ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്തു. 1980 മുതല്‍ 1993 വരെ സുപ്രീം കോടതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ ആയിരുന്നു. നിതിന്‍ ഗഡ്കരി പാര്‍ട്ടി അധ്യക്ഷനായിരിക്കുമ്പോള്‍ അദ്ദേഹം പാര്‍ട്ടിയുടെ ദേശീയ വക്താവായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍എസ്എസ് അനുഭാവികളെ പാര്‍ട്ടി തലപ്പത്തേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടായിരുന്നു അത്.