പനി പേടിച്ച് രക്ഷപ്പെട്ടോടുന്ന കൂരാച്ചൂണ്ട് ഗ്രാമവാസികള്‍; ആശങ്കക്ക് വകയില്ലെന്ന് പറയുന്ന ആരോഗ്യമന്ത്രി കാണുന്നുണ്ടോ ഇത്

single-img
20 June 2017

പകര്‍ച്ചവ്യാധികള്‍ വ്യാപിക്കുന്നത് തടയാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുമ്പോഴും പനിചൂടില്‍ ഉരുകുകയാണ് കേരളം. ആശങ്കയുണര്‍ത്തി ഡെങ്കിപ്പനിയും എലിപ്പനിയും പടര്‍ന്ന് പിടിക്കുന്നു. കോഴിക്കോട് ജില്ലയിലെ കൂരാച്ചൂണ്ട് പഞ്ചായത്തിലാണ് പനിബാധിച്ചവരുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടുത്തെ ആകെ ജനസംഖ്യ 17,751 ആണ് ഇതില്‍ 12,000 പേരും പനി ബാധിതരാണെന്നാണ് കണക്ക്.

700ലേറെ പേര്‍ ഈ കുടിയേറ്റ ഗ്രാമം വിട്ട് ജീവനും കൊണ്ട് രക്ഷപ്പെട്ടോടി. എട്ട് മരണമാണ് ഈ പ്രദേശത്ത് മാത്രമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പനി പിടിക്കാതെ ഇവിടെയുള്ളത് വെറും അയ്യായിരം പേരാണ്. ഈ മേഖലയിലെ ആശുപത്രികളെല്ലാം പനിബാധിതരാല്‍ നിറഞ്ഞിരിക്കുകയാണ്. അതുകൊണ്ട് തന്നെ രോഗികളെ ഇപ്പോള്‍ ആശുപത്രികളും അടുപ്പിക്കുന്നില്ല. സംസ്ഥാനത്ത് ഏറ്റവും അധികം പനിയും ഡെങ്കിയും റിപ്പോര്‍ട്ട് ചെയ്ത പഞ്ചായത്താണ് കൂരാച്ചുണ്ട്.

ഡെങ്കിപ്പനി ബാധ പരിശോധനയ്ക്കാവശ്യമായ ലാബ് സൗകര്യം പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഇല്ല. രോഗബാധിതര്‍ക്ക് ഏക ആശ്രയം കൂരാച്ചുണ്ട് പ്രൈമറി ഹെല്‍ത്ത് സെന്ററാണ്. എന്നാല്‍ ഇവിടെ കിടത്തി ചികിത്സക്കുള്ള സൗകര്യം വളരെ പരിമിതമാണ്. ആകെയുള്ള 3 ഡോക്ടര്‍മാരില്‍ ഒരാളെങ്കിലും ആശുപത്രിയില്‍ എത്തിയാല്‍ ഭാഗ്യമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ഡോക്ടറെ കാത്തു നില്‍ക്കുന്നതാകട്ടെ രോഗികളുടെ വന്‍നിരയും.

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ കൂരാച്ചുണ്ട് പി.എച്ച്.സി കൂടാതെ കക്കയത്തും പ്രാഥമാകാരോഗ്യകേന്ദ്രം ഉണ്ടെങ്കിലും രണ്ടിടങ്ങളിലും വിദഗ്ധ ചികിത്സക്കുള്ള യാതൊരു സൗകര്യവുമില്ല. രോഗം മൂര്‍ച്ഛിച്ചാല്‍ റഫര്‍ ചെയ്യേണ്ട ബാലുശ്ശേരിതാലൂക്ക് ആശുപത്രിയില്‍ അവസ്ഥ ഇതിലും ദയനീയമാണ്. ദിവസം തോറും ഇവിടെയെത്തുന്ന നൂറുകണക്കിന് രോഗികള്‍ക്ക് ഇരിക്കാനോ കിടക്കാനോ സ്ഥലമില്ലാതെ വട്ടം കറങ്ങുന്ന സ്ഥിതിയാണ് ഇവിടെയുള്ളത്.

ചുരുക്കത്തില്‍ ഒരു ഗ്രാമം മുഴുവന്‍ പനിച്ചു വിറച്ചിട്ടും ആരോഗ്യ വകുപ്പോ സര്‍ക്കാരോ വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ല. മഴക്കാലമായതോടെ വെള്ളക്കെട്ടുകളും ഒലിച്ചിറങ്ങുന്ന കൊച്ചരുവികളും റബ്ബര്‍ തോട്ടങ്ങളിലെ റബ്ബര്‍ പാലെടുക്കുന്ന ചിരട്ടകളും കൊതുകുകളുടെ വര്‍ദ്ധനയ്ക്ക് വേഗത കൂട്ടുന്നു. ഇത് മുന്നില്‍ കണ്ട് ആരോഗ്യ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്തതാണ് പ്രശ്‌നത്തിന് കാരണം. കൊതുക് ഭീഷണി മാറാത്തതു കൊണ്ട് പനിയെ പേടിച്ച് നാടുവിട്ട് പോകുകയാണ് ഇവിടുത്തുകാര്‍

മറ്റ് ജില്ലകളിലും സമാനമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ പഞ്ചായത്തിലെ മരത്താക്കരയിലെ 20ാം വാര്‍ഡില്‍ ആകെയുള്ളത് 600 വീടുകളാണ്. എല്ലാ വീട്ടിലും ഒരംഗമെങ്കിലും പനി ബാധിതര്‍. തൃശൂര്‍ ജില്ലയിലും സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലൊന്നും ഇനി പകര്‍ച്ചവ്യാധി രോഗികളെ പ്രവേശിപ്പിക്കാന്‍ സ്ഥലമില്ല.

അല്‍പം ഭേദമാകുന്നവരെ ഉടന്‍ ഡിസ്ചാര്‍ജ് കൊടുത്തയച്ച് അടുത്ത രോഗികളെ പ്രവേശിപ്പിക്കുകയാണിവിടെ. ആലപ്പുഴ ജില്ലയില്‍ പനി ബാധിതരുടെ എണ്ണം അര ലക്ഷം കടന്നു. മുന്‍വര്‍ഷങ്ങളേക്കാള്‍ അഞ്ചിരട്ടി. പകര്‍ച്ചപ്പനിക്കു പുറമേ ഡെങ്കിപ്പനിയും എലിപ്പനിയും എച്ച് 1 എന്‍ 1 പനിയും പടര്‍ന്നു പിടിക്കുന്നു. ആലപ്പുഴ ജില്ലയില്‍ ഏഴിടങ്ങളിലും മലപ്പുറത്ത് ഒന്‍പതിടങ്ങളും പനി ഹോട്‌സ്‌പോട്ടുകളായി ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചു.

കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലകളിലും പനി പടര്‍ന്നു കഴിഞ്ഞു. എച്ച്1എന്‍1 മരണം 14 ആയെന്നാണ് റിപ്പോര്‍ട്ട്. ഡെങ്കിപ്പനിയിലെ നാലു സിറോടൈപ്പ് വൈറസുകളുടെ സാന്നിധ്യം കൊല്ലത്തും കോട്ടയത്തും സ്ഥിരീകരിച്ചു. കോട്ടയം ജില്ലയില്‍ 38,632 പേര്‍ക്കു പനി ബാധിച്ചതില്‍ ആറു പേര്‍ മരിച്ചു. രണ്ടു പേര്‍ മഞ്ഞപ്പിത്തവും ഒരാള്‍ എലിപ്പനിയും ബാധിച്ചു മരിച്ചിട്ടുണ്ട്. ഇടുക്കിയില്‍ ഈ വര്‍ഷം ഇതുവരെ ഡെങ്കിപ്പനി മരണം ഇല്ല.

ഈ വര്‍ഷം 47 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതില്‍ 32 കേസുകളും ഈ മാസമാണുണ്ടായത്. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചത്തെ പനിബാധിതരുടെ എണ്ണം 4396 ആണ്. പാലക്കാട് ജില്ലയില്‍ പകര്‍ച്ചപ്പനി, ഡെങ്കിപ്പനി രോഗങ്ങള്‍ക്കൊപ്പം അഞ്ചാം പനിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈയിടെ കുമരനല്ലൂര്‍ പറക്കുളത്തു വിദ്യാര്‍ത്ഥിക്കു ഡിഫ്തീരിയയും റിപ്പോര്‍ട്ട് ചെയ്തു. ജനുവരി മുതല്‍ ഇതുവരെ പനിചികില്‍സ തേടിയത് 1.20 ലക്ഷം പേരാണ്. കണ്ണൂര്‍ ജില്ലയില്‍ ഈ വര്‍ഷം പനി ബാധിച്ചു ചികില്‍സ തേടിയവരുടെ എണ്ണം 1.08 ലക്ഷം കവിഞ്ഞു. ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 190 ഉം. ജില്ലയില്‍ മലേറിയ ബാധിച്ചവരുടെ എണ്ണം 33 ആയി. കാസര്‍കോട് പകര്‍ച്ചപ്പനി ഇത്തവണ കുറവാണ്. എന്നാല്‍ 101 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. 29 പേര്‍ക്ക് എച്ച് വണ്‍ എന്‍വണും സ്ഥിതീകരിച്ചു

അതേസമയം ഈഡിസ് കൊതുകുകള്‍ മുന്‍പത്തേതിനെക്കാള്‍ കൂടുതല്‍ ദൂരത്തിലും ഉയരത്തിലും പറക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്. ഇതിനര്‍ഥം രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കാന്‍ സാധ്യതയൊരുങ്ങുന്നു എന്നതു തന്നെ. ആഗോളതാപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഡെങ്കി വൈറസിനെ കൂടുതല്‍ കരുത്തരാക്കുന്നുവെന്നാണ് പഠനം. അതുകൊണ്ട് തന്നെ എത്രയും വേഗം ഇതിന് കെട്ടുകെട്ടിക്കണം.

പരിസര ശുചീകരണം മാത്രമാണ് ഏക പോംവഴി. അല്ലാതെ ഈ കൊതുകിനെ തുരുത്താന്‍ കുറുക്കുവഴികളൊന്നുമില്ല. പകല്‍ മാത്രമേ ഈഡിസ് കൊതുകുകള്‍ കടിക്കൂ. കൂടുതലും സൂര്യോദയത്തിനു ശേഷമുള്ള രണ്ടു മണിക്കൂറും സൂര്യാസ്തമയത്തിനു മുന്‍പുള്ള നാലു മണിക്കൂറുമാവും ഇവയുടെ ആക്രമണം. ഈ സമയം കൂടുതല്‍ കരുതലുകള്‍ എടുക്കണം. പ്രത്യേകിച്ച് വെള്ളക്കെട്ടുള്ളിടങ്ങളില്‍.

കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ മാത്രം മുട്ടയിടുന്ന ഈ കൊതുകുകള്‍ ശുദ്ധജലത്തിലാണു വളരുക. പെണ്‍കൊതുകുകളാണു രോഗവാഹകര്‍. ഒരു പ്രദേശം മുഴുവന്‍ മുട്ടയിടുന്നതാണു രീതി. മുട്ടയിലൂടെ വൈറസിനെ അടുത്ത തലമുറയിലേക്കു കൈമാറുകയും ചെയ്യും. വെള്ളത്തിലല്ലാതെ മുട്ടകള്‍ക്ക് ആറുമാസം വരെ നിലനില്‍ക്കാനാകും. വെള്ളം ലഭിച്ചാല്‍ ഉടന്‍ കൂത്താടികളായി പെരുകും. ചില മുട്ടകള്‍ ഒരു വര്‍ഷം വരെ നശിക്കാതിരിക്കും. കൂത്താടിഭോജി മല്‍സ്യങ്ങളെ ഉപയോഗിച്ച് കൊതുകുകളെ നേരിടാം.

കൊതുകുവലയും കൊതുകിനെ അകറ്റുന്ന മരുന്നുകളും ഉപയോഗിക്കാം. വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്നതാണ് കൊതുകിനെ ഇല്ലായ്മ ചെയ്യാനുള്ള ഏറ്റവും എളുപ്പമാര്‍ഗ്ഗം. റബര്‍ പാലെടുക്കുന്ന ചിരട്ട, വെള്ളം ഒഴുകിപ്പോകാനുള്ള പാത്തി, വീണു കിടക്കുന്ന ഇലകള്‍, ചെടികളുടെ കുടപ്പന്‍, ടര്‍പ്പായ അല്ലെങ്കില്‍ ക്യാന്‍വാസ് ഷീറ്റ്, പൂച്ചട്ടി, ഇതു വയ്ക്കുന്ന തട്ട്, എസിയുടെ ട്രേ, ഓവുകള്‍, ടയറുകള്‍, കൊക്കോ തൊണ്ട്, കമുകിന്‍ പാളകള്‍, വീപ്പകള്‍ എന്നിവിടങ്ങളിലൊന്നും വെള്ളം കെട്ടിനില്‍ക്കരുത്.

പ്ലാസ്റ്റിക് കുപ്പികള്‍, ചിരട്ട, പ്ലാസ്റ്റിക് കവറുകള്‍ എന്നിവ വലിച്ചെറിയരുത്. വെള്ളം കെട്ടിനിന്നു കൊതുകു പെരുകും. പൊതുസ്ഥലങ്ങള്‍, റോഡുകള്‍, ഓടകള്‍, ചന്തകള്‍, ആള്‍താമസമില്ലാത്ത പറമ്ബുകള്‍, കിണറുകള്‍, ഓവര്‍ ഹെഡ് ടാങ്കുകള്‍ എന്നിവിടങ്ങളെല്ലാം കൊതുകു പ്രജനന കേന്ദ്രങ്ങളാകാം. ഇവിടങ്ങളിലെല്ലാം ശുചീകരണം വ്യാപിപ്പിക്കണം.

നിര്‍മ്മാണ സ്ഥലങ്ങളില്‍ വെള്ളം കെട്ടിക്കിടക്കാന്‍ ഇടവരരുത്. മരപ്പൊത്തുകള്‍ മണ്ണിട്ടുമൂടുക. · ഫ്രിജിനു പിറകിലെ ട്രേ, ടാങ്ക്, ജലം സംഭരിക്കുന്ന സിമന്റ് തൊട്ടികള്‍ തുടങ്ങിയവ വെള്ളം ഊറ്റിക്കളഞ്ഞു വൃത്തിയാക്കണം. ഇതിനെല്ലാം തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ തന്നെ നേതൃത്വം നല്‍കണം. കൊതുകു നശീകരണത്തിനും പനി ബാധിതരുടെ ചികിത്സക്കും ആരോഗ്യ വകുപ്പും സര്‍ക്കാരും വേണ്ടത് ചെയ്തില്ലെങ്കില്‍ പത്ത് വര്‍ഷം കൊണ്ട് മലയാളികള്‍ അന്യം നിന്ന് പോകും