സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സിപിഐ മുഖപത്രം; ‘പാവങ്ങളെ അടിച്ചൊതുക്കലല്ല എല്‍ഡിഎഫ് നയം’

single-img
20 June 2017


തിരുവനന്തപുരം: പുതുവൈപ്പ് എല്‍പിജി ടെര്‍മിനലിനെതിരെ നടന്നുവന്ന ജനകീയ സമരത്തിനു നേരെ ഉണ്ടായ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം. പുതുവൈപ്പിലെ പോലീസിന്റെ നടപടി എല്‍ഡിഎഫിന്റെ നയങ്ങളെ വികൃതവും അപഹാസ്യവുമാക്കിയെന്ന് ജനയുഗത്തിന്റെ മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

നേരത്തെ, പുതുവൈപ്പില്‍ സമാധാനപരമായി നടന്ന സമരത്തെ ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിക്കുന്നവര്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണെന്നും നരനായാട്ടിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടിയെടുക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജനയുഗം മുഖപ്രസംഗത്തില്‍ ശക്തമായ വിമര്‍ശനം രേഖപ്പെടുത്തിയത്.

പൊലീസിന്റെ നടപടികളും മുഖ്യമന്ത്രിയുടെ ഇടപെടലിനെയും പരാമര്‍ശിക്കുന്നിനൊപ്പം നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്ന മുഖപ്രസംഗമാണ് ജനയുഗത്തിന്റേത്. പാവങ്ങളെ അടിച്ചൊതുക്കലല്ല എല്‍ഡിഎഫ് സര്‍ക്കാരിന്റെ നയം. പൊലീസ് നയം പ്രഖ്യാപനത്തിലല്ല പ്രവര്‍ത്തിയില്‍ കാട്ടാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ആരു ഭരിച്ചാലും പൊലീസ് പഴയപടിയെന്ന തോന്നല്‍ ജനങ്ങള്‍ക്കിടയില്‍ ബലപ്പെട്ടു എന്ന ആത്മവിമര്‍ശനം കൂടി മുഖപ്രസംഗത്തിലുണ്ട്.

ബംഗാളിലെ സിംഗൂരില്‍ നിന്നും നന്ദിഗ്രാമില്‍ നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപക്ഷം തയ്യാറാകണമെന്നും സമരക്കാരെ നരനായാട്ടിന് ഇടയാക്കിയ പോലീസുകാര്‍ക്ക് എതിരേ നടപടിവേണമെന്നും പത്രം ആവശ്യപ്പെട്ടു. പോലീസ് അതിക്രമത്തെക്കുറിച്ച് നിഷ്പക്ഷവും സമഗ്രവുമായ അന്വേഷണം വേണമെന്നും വികസനത്തിന്റെ വിനാശകരമായ പാശ്ചാത്യ മാതൃകകളെ അപ്പാടെ പകര്‍ത്താന്‍ ശ്രമിക്കുന്നത് വന്‍ ദുരന്തങ്ങള്‍ക്ക് വഴി വെയ്ക്കുമെന്നും കൊക്കോകോളയും എന്‍ഡോസള്‍ഫാനും അതാണ് കാണിച്ചു തരുന്നതെന്നും മുഖപ്രസംഗം പറയുന്നു.