ഗംഗേശാനന്ദയ്ക്കു ജാമ്യമില്ല; യുവതിയെ ബ്രെയിന്‍ മാപ്പിംഗിന് വിധേയയാക്കാന്‍ കോടതി നിര്‍ദേശം

single-img
20 June 2017

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ യുവതിയെ നുണ പരിശോധനയ്ക്ക് വിധേയമാക്കും. കേസില്‍ പെണ്‍കുട്ടി അടിക്കടി നിലപാടു മാറ്റുന്നതിനാല്‍ നുണപരിശോധന നടത്തണമെന്ന പൊലീസിന്റെ അപേക്ഷ തിരുവനന്തപുരം പോക്‌സോ കോടതി അംഗീകരിക്കുകയായിരുന്നു. ബ്രെയിന്‍ മാപ്പിംഗും ആകാമെന്നും കോടതി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ യുവതി ഈ മാസം 26ന് ഹാജരാകണമെന്നും കോടതി അറിയിച്ചു.

അതിനിടെ, ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷ പോക്‌സോ കോടതി തള്ളി. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസിനെ സ്വാധീനിക്കുമെന്നും തെളിവുകള്‍ നശിപ്പിച്ചേക്കുമെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി മോശമാണെന്നും ഒരാഴ്ച കഴിഞ്ഞ് ജാമ്യാപേക്ഷ പരിഗണിച്ചാല്‍ മതിയെന്നുമുള്ള സ്വാമിയുടെ അഭിഭാഷകന്റെ ആവശ്യം കോടതി തള്ളി.

പീഡനശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം താന്‍ മുറിക്കുകയായിരുന്നുവെന്നാണ് കേസില്‍ ആദ്യം പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് പെണ്‍കുട്ടി മൊഴി മാറ്റി. തന്റെ കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ ഇത് ചെയ്തതെന്നും സ്വാമി തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയെ നുണപരിശോധനയ്ക്ക് വിധേയയാക്കണമെന്ന് പോലീസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.