നീതി ലഭിക്കാന്‍ ഏക പോംവഴി മതംമാറ്റം; ഉത്തര്‍പ്രദേശില്‍ ദലിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്

single-img
20 June 2017

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സഹാരന്‍പുരില്‍ ദലിത് കുടുംബങ്ങള്‍ കൂട്ടത്തോടെ ബുദ്ധമതത്തിലേക്ക്. സവര്‍ണവിഭാഗമായ ഠാകുറുകളുടെ അതിക്രമങ്ങള്‍ക്ക് നിരന്തരമായി ഇരയാകേണ്ടിവരുന്ന ദലിതര്‍ തങ്ങള്‍ക്ക് നീതി ലഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മതപരിവര്‍ത്തനത്തിന് തയ്യാറെടുക്കുന്നത്. കഴിഞ്ഞമാസം ദലിതര്‍ക്കുനേരെ കലാപം നടന്ന സഹാരന്‍പുര്‍ ജില്ലയിലെ ഷബീര്‍പുരിന് സമീപത്തെ ഗ്രാമങ്ങളായ രുപ്ദി, കപൂര്‍പുര്‍, ഇഗ്‌രി, ഉനാലി എന്നിവിടങ്ങളിലെ 180ഓളം കുടുംബങ്ങളാണ് ബുദ്ധമതം സ്വീകരിക്കാന്‍ തയാറെടുക്കുന്നത്.

കഴിഞ്ഞ മേയ് അഞ്ചിന് ഠാകുര്‍ വിഭാഗത്തിന്റെ ഘോഷയാത്ര തടസ്സപ്പെടുത്തിയെന്നാരോപിച്ച് ദലിതര്‍ക്ക് നേരെ വന്‍ ആക്രമാണമാണ് ഇവര്‍ അഴിച്ചുവിട്ടത്. ഇതില്‍ ഒരു ദലിത് യുവാവ് കൊല്ലപ്പെടുകയും നിരവധി കടകള്‍, വീടുകള്‍, വാഹനങ്ങള്‍ എന്നിവ അഗ്‌നിക്കിരയാക്കുകയും ചെയ്തു. നൂറോളം വീടുകളാണ് ആക്രമികള്‍ തകര്‍ത്തത്. നിരവധി പേര്‍ ഭയംമൂലം വീട് ഉപേക്ഷിച്ചുപോയി. കലാപത്തിനുശേഷം ജോലി നല്‍കാന്‍ ഉയര്‍ന്ന വിഭാഗങ്ങള്‍ തയാറാകാത്തതും ദലിതര്‍ക്കിടയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചു.

അതോടൊപ്പം തന്നെ സര്‍ക്കാറും പൊലീസും ഉയര്‍ന്ന വിഭാഗത്തിന് പിന്തുണ നല്‍കുന്നത് ഇവരെ തീര്‍ത്തും ഒറ്റപ്പെടുത്തുകയുണ്ടായി. കലാപത്തിന് പിന്നില്‍ ദലിതുകളാണെന്ന് ആരോപിച്ച് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖറിനെ പൊലീസ് പിടികൂടിയിരുന്നു. ഇദ്ദേഹത്തെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സഹാരന്‍പുരില്‍ സ്ത്രീകള്‍ നടത്തുന്ന പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.

കലാപത്തിനിരയായിട്ടും തങ്ങള്‍ക്ക് നീതി ലഭിക്കാത്തതിനാല്‍ മതംമാറ്റം മാത്രമാണ് ഏക പോംവഴിയെന്ന് ദലിത് കുടുംബങ്ങള്‍ പറയുന്നു. ഇതിന് മുന്നോടിയായി കഴിഞ്ഞ ദിവസങ്ങളില്‍ ദലിത് കുടുംബങ്ങള്‍ ഹിന്ദു ആചാരപ്രകാരം ആരാധിച്ചിരുന്ന ദൈവങ്ങളുടെ ചിത്രങ്ങള്‍ വെള്ളത്തില്‍ ഒഴുക്കിയിരുന്നു. സവര്‍ണ വിഭാഗത്തിന്റെ അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞമാസം ഡല്‍ഹി പൊലീസിന്റെ വിലക്ക് ലംഘിച്ച് ജന്തര്‍മന്തറില്‍ ഭീം ആര്‍മി സംഘടിപ്പിച്ച പ്രതിഷേധത്തില്‍ നിരവധി ദലിതര്‍ ഹിന്ദുമതവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ പിന്തുടരില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.