മുഖ്യമന്ത്രി പോലീസിനെ നിലയ്ക്ക് നിര്‍ത്തണമെന്ന് സിപിഐ; ‘യതീഷ് ചന്ദ്ര ബിജെപി ബന്ധമുളള പോലീസിലെ മനുഷ്യമൃഗം’

single-img
20 June 2017

കൊച്ചി: മുഖ്യമന്ത്രിക്കും പോലീസിനുമെതിരെ ആഞ്ഞടിച്ച് സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു. പോലീസിനെ മുഖ്യമന്ത്രി നിലയ്ക്ക് നിര്‍ത്തണം. പോലീസിനെ നിയന്ത്രിക്കാന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി അത് തുറന്നുപറയണം. ഇല്ലെങ്കില്‍ സിപിഐ നിലയ്ക്ക് നിര്‍ത്തും. ഗുണ്ടകളെ പോലും നാണിപ്പിക്കുന്നതാണ് ഡിസിപി യതീഷ് ചന്ദ്രയുടെ നടപടി. യതീഷ് ചന്ദ്ര പൊലീസിലെ മനുഷ്യമൃഗമാണെന്നും സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി.രാജു പറഞ്ഞു.

ഇയാളെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെങ്കില്‍ ജനങ്ങള്‍ സംശയിക്കും. മുമ്പ് യതീഷ് ചന്ദ്രയെ തെരുവ് ഗുണ്ടയോട് ഉപമിച്ചയാളാണ് ഇന്നത്തെ മുഖ്യമന്ത്രി. ബിജെപി ബന്ധമുളളയാളാണ് യതീഷ് ചന്ദ്രയെന്നും അദ്ദേഹം കമ്മ്യൂണിസ്റ്റ് വിരോധിയാണെന്നും രാജു വ്യക്തമാക്കി. പുതുവൈപ്പിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് എഐവൈഎഫ് എറണാകുളം റെയ്ഞ്ച് ഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

നേരത്തെ, പുതുവൈപ്പ് സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായോയെന്ന് പൊലീസ് അന്വേഷിക്കുമെന്ന് കൊച്ചി റേഞ്ച് ഐജി പി.വിജയന്‍ പറഞ്ഞിരുന്നു. ഐഒസിയുടെ എല്‍പിജി സംഭരണ പദ്ധതി അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടോയെന്നും അന്വേഷിക്കും. സമരത്തിനിടെയുണ്ടായ പൊലീസ് നടപടി സംബന്ധിച്ചും എസ്പിയോടും കമ്മീഷണറോടും പി.വിജയന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.