ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ വിമർശിച്ച് ട്വീറ്റ്: റാണാ അയ്യൂബിനെതിരെ കേസ്

single-img
20 June 2017

എൻ ഡി ഏയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ രാം നാഥ് കോവിന്ദിനെ വിമർശിച്ച് ട്വിറ്ററിൽ പോസ്റ്റ് ഇട്ടതിനു മാധ്യമപ്രവർത്തക റാണാ അയ്യുബിനെതിരെ നിയമനടപടിക്കൊരുങ്ങി ബി ജെ പി. ബി ജെ പി വക്താവും സുപ്രീം കോടതി അഭിഭാഷകയുമായ നൂപുർ ശർമ്മയാണു റാണാ അയ്യുബിനെതിരെ ദളിത് അധിക്ഷേപത്തിനു നിയമനടപടിയാവശ്യപ്പെട്ട് ഡെൽഹി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

രാം നാഥ് കോവിന്ദിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കുമെന്നുള്ള ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവനയുടെ വാർത്ത ഷെയർ ചെയ്തുകൊണ്ട്  “ എന്നിട്ടുമവർ പറയുന്നു പ്രതിഭാ പാട്ടീൽ ആയിരുന്നു ഏറ്റവും മോശമെന്ന് “ എന്നാണു റാണാ അയ്യൂബ് ട്വീറ്റ് ചെയ്തത്. എന്നാൽ രാം നാഥ് കോവിന്ദ് ദളിത് ആയതുകൊണ്ടാണു റാണ ഇപ്രകാരം പറഞ്ഞതെന്നാരോപിച്ചാണു ഡെൽഹി സ്വദേശിയായ നൂപുർ ശർമ്മ പരാതി നൽകിയത്.

റാണാ അയ്യൂബിന്റെ പ്രസ്താവന “ലജ്ജാകരവും നിന്ദാപൂർണ്ണവും അപകീർത്തികരവും ജാതീയവു“മാണെന്ന് നൂപുർ ശർമ്മ തന്റെ പരാതിയിൽ ആരോപിക്കുന്നു. പട്ടിക ജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് നേരേയുള്ള അതിക്രമം തടയാനുള്ള നിയമത്തിന്റെ 3(r) [ പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവരെ മനപ്പൂർവ്വമായി പൊതുസ്ഥലത്തുവെച്ച് അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുക] , 3(u) [ എഴുതപ്പെട്ടതോ പറയപ്പെട്ടതോ ആയ വാക്കുകളിലൂടെയോ ചിഹ്നങ്ങൾ/ ആംഗ്യങ്ങൾ, ദൃശ്യാവിഷ്കാരം എന്നിവയിലൂടെയോ പട്ടികജാതി-പട്ടികവർഗ്ഗവിഭാഗങ്ങളിൽപ്പെട്ടവർക്കുനേരേ ശത്രുതയോ വെറുപ്പോ പ്രോത്സാഹിപ്പിക്കുന്ന കാര്യങ്ങൾ പ്രചരിപ്പിക്കുക] എന്നീ വകുപ്പുകൾ ചുമത്തി റാണാ അയ്യൂബിനെതിരെ കേസെടുക്കണമെന്നാണു പരാതിയിലെ ആവശ്യം.

എന്നാൽ പൊതുരാഷ്ട്രീയത്തിൽ വേണ്ടത്ര പ്രശസ്തിയില്ലാത്ത ഒരാളെ ആർ എസ് എസിന്റെ നോമിനിയായതുകൊണ്ട് സ്ഥാനാർത്ഥിയാക്കിയതിലെ അനൌചിത്യമാണു റാണ തന്റെ ട്വീറ്റിൽ ചൂണ്ടിക്കാട്ടിയതെന്നു റാണാ അയ്യൂബിനെ പിന്തുണയ്ക്കുന്നവർ പറയുന്നു.

ഗുജറാത്ത് ഫയൽസ്: അനാറ്റമി ഓഫ് എ കവർ അപ്പ് എന്ന പുസ്തകത്തിന്റെ രചയിതാവെന്ന നിലയിൽ പ്രസിദ്ധയായ റാണാ അയ്യൂബ് നേരത്തെ തെഹൽക്കയുടെ റിപ്പോർട്ടർ ആയിരുന്നു. 2010-11 വര്‍ഷങ്ങളില്‍ ഗുജറാത്ത് കലാപങ്ങളെക്കുറിച്ച് നടത്തിയ ഒളിക്യാമറാ അന്വേഷണവും ആ ടേപ്പുകളെ അധികരിച്ചുള്ള ഈ പുസ്തകം വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു.