സൗദിയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ട്

single-img
19 June 2017

സൗദിയില്‍ അനധികൃതമായി ജോലി ചെയ്യുന്നവരുടെ എണ്ണം കൂടിവരുന്നതായി റിപ്പോര്‍ട്ട്. പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഉള്ളവരുടെ റിപ്പോര്‍ട്ടാണിത്. പൊതുമാപ്പ് പ്രഖ്യാപിച്ചതിനു ശേഷം ഇന്ത്യയില്‍ നിന്നു മാത്രം നൂറോളം പേര്‍ ഹുറൂബാക്കപ്പെട്ടതായി ഇന്ത്യന്‍ എംബസി സഹായ കേന്ദ്രങ്ങള്‍ അറിയിച്ചു. അതേസമയം, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഈ വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ സാമൂഹിക സംഘടനകള്‍.

സ്‌പോണ്‍സറെ വെട്ടിച്ചു ജോലി ചെയ്യുന്ന ഹുറൂബ് കേസില്‍ കുടുതല്‍ പേര്‍ കുടുങ്ങുമെന്ന് ഭയമുള്ളതിനാലാണ് സംഘടനകള്‍ വിദേശകാര്യമന്ത്രാലയത്തിന് ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുന്നത്. സൗദിയില്‍ കിഴക്ക് പ്രവിശ്യയില്‍ മാത്രം നാലായിരത്തോളം ഹുറൂബുകള്‍ രേഖപ്പെടുത്തിയതായി പാസ്‌പോര്‍ട്ട് വിഭാഗം മേധാവി അറിയിച്ചു. പൊതുമാപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഹുറൂബാക്കപ്പെട്ടവര്‍ക്ക് ആനുകൂല്യം ബാധകമല്ലെന്നുള്ളത് ഇപ്പോള്‍ വിഷയത്തെ കൂടുതല്‍ സങ്കീര്‍ണമാക്കിയിരിക്കുകയാണ്. പൊതുമാപ്പ് അവസാനിപ്പിക്കാന്‍ ഇനി ആറു ദിവസങ്ങള്‍ ശേഷിക്കെ ഹുറൂബ് കേസുകള്‍ ഇനി എങ്ങനെ കൈകാര്യം ചെയ്യുമെന്ന കാര്യത്തില്‍ എംബസിയും കുഴങ്ങുകയാണ്.