കൊച്ചിയില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ച സംഭവം; പ്രതി നടത്തിയത് മാസങ്ങളോളം കരുതിവെച്ച പ്രതികാരം

single-img
19 June 2017

കൊച്ചിയില്‍ വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ കഴുത്തു മുറിച്ചു കൊല്ലാന്‍ ശ്രമിച്ച യുവാവിന്റേത് മാസങ്ങളോളം നീണ്ട പ്രതികാരം. വര്‍ഷങ്ങളായുള്ള പ്രണയബന്ധം നിരസിക്കുകയും ഒന്നിച്ച് ജീവിക്കാനായി വിളിച്ചപ്പോള്‍ കൂടെ ഇറങ്ങി വരാത്തതിലുള്ള അമര്‍ഷത്താലുമാണ് യുവതിയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നാണ് യുവാവ് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്.

കോതമംഗലം ബ്ലോക്ക് ഓഫീസിന് സമീപം പുത്തന്‍ പുരയില്‍ ശ്യാംരവി,നെല്ലിമറ്റം സ്വദേശിയായ ചിത്തിരയുമായി 3 വര്‍ഷമായി പ്രണയത്തിലായിരുന്നു. പക്ഷേ തന്റെ കൂടെ ജീവിക്കാന്‍ വരണമെന്ന ശ്യാമിന്റെ ആവശ്യം ചിത്തിര നിരസിച്ചതിനെത്തുടര്‍ാണ് ശ്യാമിന്റെ മനസ്സില്‍ കാമുകിയോടുള്ള അമര്‍ഷം പ്രതികാരമായി മാറുന്നതും തുടര്‍ന്നിത് കൊലപാതക ശ്രമത്തിലേക്ക് വരെ എത്തിയതും.

കലൂരിലെ സ്വകാര്യ ലബോറട്ടറിയില്‍ ജീവനക്കാരിയായ ചിത്തിര രാവിലെ 6.45 ഓടെ ജോലിക്കായി സ്ഥാപനത്തിലേക്കു പോകുന്ന വഴിയായിരുന്നു പ്രതിയുടെ ആക്രമണം. ബൈക്കില്‍ എത്തിയ ഇയാള്‍ കലൂരില്‍ വച്ച് ഓട്ടോ തടഞ്ഞു നിര്‍ത്തി യുവതിയെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് തലങ്ങും വിലങ്ങും ആക്രമിക്കുകയായിരുന്നു. പെയിന്റിംഗിനു മുന്‍പായി പുട്ടിയിടാന്‍ ഉപയോഗിക്കുന്ന ബ്ലേഡ് ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. കൃത്യം നടത്തിയ ശേഷം ബൈക്കില്‍ കോതമംഗലത്തേക്കു രക്ഷപ്പെട്ട ശ്യാമിനെ പോലീസ് പിടികൂടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച നാട്ടുകാരേയും ശ്യാം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി.

സംഭവം നടന്നയുടന്‍ കൊച്ചിയില്‍ നിന്നും അസിസ്റ്റന്റ് കമ്മീഷണര്‍ ലാല്‍ജി വിവരം കോതമംഗലം സി ഐക്ക് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സി ഐ വി റ്റി ഷാജന്‍ നടത്തിയ അന്വേഷണത്തില്‍ കൃത്യത്തിന് ശേഷം ശ്യം കെ എസ് ആര്‍ ടി സി ബസ്സില്‍ മൂവാറ്റുപുഴക്ക് തിരിച്ചതായി വിവരം കിട്ടി. തുടര്‍ന്ന് മൂവാറ്റുപുഴയില്‍ കാത്തുനിന്ന സി ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തു. വിവരം അറിഞ്ഞ് തൊട്ടുപിന്നാലെ സ്ഥലത്തെത്തിയ സെന്‍ട്രല്‍ സി ഐ അനന്തലാല്‍ ശ്യാമിനെ സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ക്രൂരകൃത്യത്തിന് കാരണമായ സംഭവപരമ്പരകളെക്കുറിച്ച് ഇയാള്‍ മനസ്സ് തുറന്നത്.

നെല്ലിമറ്റം സ്വദേശിയായ ചിത്തിരയും ശ്യാം രവിയും തമ്മില്‍ മൂന്ന് വര്‍ഷമായി ഇഷ്ടത്തിലായിരുന്നുവെങ്കിലും നാല് മാസങ്ങള്‍ക്ക് മുമ്പ് ചിത്തിര ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇതിനുശേഷം ശ്യാമിന്റെ ഫോണ്‍കോളുകള്‍ ചിത്തിര എടുക്കാറില്ലായിരുന്നു. നിരന്തരമായി ശല്ല്യം ചെയ്ത് തുടങ്ങിയപ്പോള്‍ ചിത്തിര മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തുവെക്കാന്‍ തുടങ്ങി. ഇതില്‍ പ്രകോപിതനായ ശ്യാം രണ്ട് മാസം മുമ്പ് ചിത്തിര ജോലി ചെയ്യുന്ന ലബോറട്ടറില്‍ കയറി മര്‍ദ്ദിച്ചു. ഫോണ്‍ വാങ്ങി എറിഞ്ഞുടച്ചതിന് ശേഷം സിം കൈക്കലാക്കി മടങ്ങി. എന്നെ ഒഴിവാക്കി, നീ വേറെ കല്ല്യാണം കഴിച്ചാല്‍ അവനേയും കൊല്ലും നിന്റെ കുടുബത്തെ ഒന്നാകെ ഇല്ലാതാക്കുമെന്നും ശ്യാം അന്ന് ഭീഷണി മുഴക്കിയതായി ചിത്തിരയുടെ പിതാവ് രവി ് പറഞ്ഞു.

സംഭവത്തെത്തുടര്‍ന്ന് തനിക്കും കുടുംബത്തിനും ശ്യാമിന്റെ ഭീഷണിയുണ്ടെന്ന് കാണിച്ച് ചിത്തിരയുടെ കുടുംബം കഴിഞ്ഞ മെയില്‍ പൊലീസിന് പരാതി നല്‍കിയിരുന്നു. സഹോദരി നഗരത്തില്‍ നടത്തി വരുന്ന ഹോസ്റ്റലില്‍ താമസിച്ചുവരുന്ന ചിത്തിര ഈ സംഭവത്തിന് ശേഷം വീട്ടിലേക്ക് പോയിട്ടില്ല. സംഭവമറിഞ്ഞതിനെ തുടര്‍ന്ന് അന്ന് പിതാവ് വഴക്ക് പറഞ്ഞതായിരുന്നു വരാതിരിക്കാനുള്ള കാരണം. സംഭവത്തിന് ശേഷം യുവതി ശ്യാമുമായി സംസാരിച്ചിട്ടില്ല. പെയിന്റിംങ് തൊഴിലാളിയായ ശ്യാമിന് മാനസികരോഗം ഉണ്ടെന്ന് ആരോപിച്ചാണ് ചിത്തിര നാല് മാസങ്ങള്‍ക്ക് മുമ്പ് പ്രണയത്തില്‍ നിന്ന് പിന്മാറിയതെന്നാണ് ഒരു അടുത്ത ബന്ധുവിന്റെ ആരോപണം.

അടുത്തകാലത്ത് ശ്യാമിന്റെ സ്വഭാവത്തിലുണ്ടായ മാറ്റം പെണ്‍ക്കുട്ടിക്ക് ഇഷ്ടമായില്ല. പെട്ടെന്ന് ദേഷ്യപ്പെടുകയും അക്രാസക്തനാവുകയും ചെയ്തിരുന്ന ഇയാളെ പിന്നീട് പെണ്‍കുട്ടിക്ക് ഭയമായിരുന്നു. ഒരിക്കല്‍ ശ്യാം പെണ്‍കുട്ടിയുടെ വീട്ടിലെത്തി കൂടെ ഇറങ്ങി വരണമെന്നാവശ്യപ്പെട്ടു. ഒച്ചപ്പാടും ബഹളവുമായപ്പോള്‍ നാട്ടുകാര്‍ ഇടപെട്ടാണ് ഇയാളെ പറഞ്ഞയച്ചെതെന്നും ഇതിന് ശേഷമാണ് ശ്യാമിനെ ചിത്തിര ഒഴിവാക്കാന്‍ തുടങ്ങിയതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

രണ്ട് വര്‍ഷം മുമ്പ് ചിത്തിരയുടെ മൂത്ത സഹോദരിയുടെ വിവാഹത്തിന്റെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശ്യാം ചിത്തിരയുടെ അച്ഛനെക്കണ്ട് മകളെ വിവാഹം കഴിച്ച് തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മൂത്തയാളുടേത് കഴിഞ്ഞിട്ട് ആലോചിക്കാം എന്നാണ് അവര്‍ മറുപടി നല്‍കിയത്. പക്ഷേ ഉടനെതന്നെ വിവാഹം വേണമെന്ന് ചിത്തിരയുടെ അമ്മയോട് ശ്യാം ആവശ്യപ്പെടുകയായിരുന്നു. മീന്‍ കച്ചവടക്കാരനായ താന്‍ വളരെ കഷ്ടപ്പെട്ടാണ് ഒരാളെ വിവാഹം കഴിച്ചയക്കുന്നതെന്നും രണ്ട് വിവാഹം ഉടനെ നടത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതുകൊണ്ടാണ് അന്നങ്ങനെ പറഞ്ഞതെന്നാണ്ചിത്തിരയുടെ പിതാവ് പറയുന്നത്. പക്ഷേ പിന്നീട് ഈയൊരു ആവശ്യവുമായി ശ്യാം തങ്ങളുടെയടുക്കല്‍ വന്നിട്ടില്ലെന്നും ഇദ്ദേഹം പറയുന്നു.

അതേ സമയം കഴുത്തിനും തുടയിലും കൈയ്ക്കും ആഴത്തില്‍ മുറിവേറ്റ ചിത്തിരയിപ്പോള്‍ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. 12 മണിയോടെ ശസ്ത്രക്രിക്ക് ശേഷം ചിത്തിരയെ പോസ്റ്റ് ഓപ്പറേഷന്‍ വാര്‍ഡിലേക്ക് മാറ്റി. മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്. ആക്രമണം നടന്ന സ്ഥലത്ത് രക്തം തളംകെട്ടിക്കിടക്കുകയാണ്. ആക്രമണത്തിന് ഉപയോഗിച്ച പുട്ടി ബ്ലേഡും ബൈക്കും എറണാകുളം കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. കോതമംഗലത്ത് വെച്ച് അറസ്റ്റു ചെയ്ത പ്രതിയെ എറണാകുളം നോര്‍ത്ത് സ്റ്റേഷനില്‍ എത്തിച്ച് തെളിവെടുക്കും.