മണ്ണെണ്ണയില്‍ ജിഎസ്എല്‍വി മാര്‍ക്ക് 3 കുതിക്കുമോ?; പരീക്ഷണത്തില്‍ ഐഎസ്ആര്‍ഒ

single-img
19 June 2017

തിരുവനന്തപുരം: ഇന്ത്യയുടെ അഭിമാനമായ ജിഎസ്എല്‍വി മാര്‍ക്ക് 3യെ മണ്ണെണ്ണ ഉപയോഗിച്ച് പറപ്പിക്കാനുള്ള പരീക്ഷണങ്ങള്‍ ഐഎസ്ആര്‍ഒ ആരംഭിച്ചു. ശുദ്ധീകരിച്ച മണ്ണെണ്ണ ഉപയോഗിച്ച് റോക്കറ്റ് പറപ്പിക്കാനാണ് ഐഎസ്ആര്‍ഒയുടെ നീക്കം. ഇപ്പോള്‍ ദ്രവീകരിച്ച ഹൈഡ്രജനും ഓക്‌സിജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. ഹൈഡ്രജനു പകരം മണ്ണെണ്ണ ഉപയോഗിക്കാനാണ് പുതിയ ശ്രമം. മണ്ണെണ്ണക്ക് ദ്രവ ഹൈഡ്രജനേക്കാള്‍ ഭാരം കുറവായതിനാല്‍ ഇന്ധനത്തിന്റെ അളവ് കൂട്ടുകയും അതുവഴി കൂടുതല്‍ ഭാരമുള്ള ലോഡ് കയറ്റുകയും ചെയ്യാം.

ആധുനിക സാങ്കേതിക വിദ്യയുടെ കരുത്തോടെ ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് ജൂണ്‍ അഞ്ചിനാണ് ശ്രീഹരിക്കോട്ടയില്‍ നിന്ന് വിക്ഷേപിച്ചത്. ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും ഭാരമേറിയ റോക്കറ്റാണിത്. 14 നില കെട്ടിടത്തിന്റെ ഉയരമുള്ള( 43 മീറ്റര്‍) ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിന് 630 ടണ്‍ ഭാരമുണ്ട്. നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണ പഥത്തിലെത്തിയ്ക്കാന്‍ കഴിവുണ്ട്. പൂര്‍ണ്ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ആദ്യ ക്രയോജനിക് എന്‍ജിനായ സിഇ 20ആണ് റോക്കറ്റില്‍ ഉപയോഗിച്ചിട്ടുള്ളത്. ഭൂസ്ഥിര ഭ്രമണപഥത്തിലേയ്ക്ക് ഉപഗ്രഹങ്ങള്‍ എത്തിക്കുകയാണ് ജിഎസ്എല്‍വിയുടെ ദൗത്യം.

ഫാറ്റ് ബോയ് എന്നു വിളിപ്പേരുള്ള റോക്കറ്റിന്റെ വിക്ഷേപണം മനുഷ്യനെ ബഹിരാകാശത്തേക്കു കൊണ്ടുപോകുക എന്ന ഐഎസ്ആര്‍ഒയുടെ സ്വപ്നപദ്ധതിയിലെ നിര്‍ണായക ചുവടുകൂടിയാണിത്. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമായ ജിഎസ്എല്‍വി മാര്‍ക്ക് 3ക്ക് ‘ബാഹുബലി’ എന്നൊരു വിശേഷണം കൂടി ശാസ്ത്രജ്ഞരിലൊരാള്‍ നല്‍കിയിട്ടുണ്ട്. അനുസരണയുള്ള കുട്ടിയെന്നാണ് മറ്റൊരു ശാസ്ത്രജ്ഞന്‍ ജിഎസ്എല്‍വിയെ വിശേഷിപ്പിച്ചത്.