വിജയം ആഘോഷിക്കാന്‍ പാക്കിസ്ഥാനില്‍ പോകൂ; ഹുറിയത്ത് നേതാവിന് ഗംഭീറിന്റെ മറുപടി

single-img
19 June 2017

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയുടെ പരാജയം ആഘോഷിച്ച കാശ്മീരി വിഘടനവാദി നേതാവിനെതിരെ ക്രിക്കറ്റ് താരം ഗംഭീര്‍. വിജയം ആഘോഷിക്കാന്‍ പാക്കിസ്ഥാനില്‍ എന്തു കൊണ്ട് പോകുന്നില്ല ? എന്നായിരുന്നു ഹുറിയത്ത് വിഘടനവാദിയായ മിര്‍വൈസ് ഉമര്‍ ഫറൂഖിനോട് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ കൂടിയായ ഗൗതം ഗംഭീറിന്റെ ചോദ്യം. ട്വിറ്ററിലായിരുന്നു ഗംഭീറിന്റെ പരാമര്‍ശം.

പാക്കിസ്ഥാന്റെ വിജയം ആഘോഷിച്ചുള്ള മിര്‍വൈസ് ഉമറിന്റെ ട്വീറ്റാണ് ഗൗതം ഗംഭീറിനെ ഏറെ ചൊടുപ്പിച്ചത്. ‘ചുറ്റും വെടിക്കെട്ടുകള്‍ മാത്രം, ഈദിന് മുമ്പ് ഒരു ഈദ് എത്തിയ അനുഭൂതി, മികച്ച ടീം വിജയം നേടിയിരിക്കുന്നു. അഭിനന്ദനങ്ങള്‍ ടീം പാക്കിസ്ഥാന്‍’ ഇതായിരുന്നു മിര്‍വൈസിന്റെ ട്വീറ്റ്. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പാക്കിസ്ഥാന്‍ ഫൈനലിലെത്തിയപ്പോഴും പാക്കിസ്ഥാനെ മിര്‍വൈസ് പ്രശംസിച്ചിരുന്നു. ഫൈനലില്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

ഇതിനു മുമ്പും ഗംഭീര്‍ പല വിഷയങ്ങളിലും ട്വിറ്ററിലൂടെ രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ആര്‍മിയുടെ സേവനങ്ങളെ പുകഴ്ത്തി പറയാന്‍ മടി കാണിക്കാത്ത ഗംഭീര്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനി ഗുര്‍മേഹര്‍ കൗറിന്റെ വിഷയത്തില്‍ സൈന്യത്തിന്റെ പ്രവൃത്തിയെ എതിര്‍ത്തിരുന്നു. യുദ്ധത്തിന്റെ ഭീകരതയില്‍ അച്ഛന്‍ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ടതായിരുന്നു ഗുര്‍മേഹറിന്റെ ട്വീറ്റ്. യുദ്ധത്തിന്റെ മുന്‍പുള്ള സമാധാനം പുറത്തു പറഞ്ഞു കൊണ്ടുള്ള ഗുര്‍മോഹറിന്റെ സന്ദേശത്തിന് ബലാല്‍സംഘ ഭീഷണി വരെ ഈ പെണ്‍കുട്ടി നേരിടേണ്ടി വന്നിരുന്നു.