പുതുവൈപ്പിനില്‍ സമരക്കാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; വൈപ്പിനില്‍ ഇന്ന്‌ ഹര്‍ത്താല്‍; ഐഒസി നിര്‍മാണം നിര്‍ത്തി

single-img
18 June 2017

പുതുവൈപ്പിനില്‍ സമരക്കാരെ പൊലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് വൈപ്പിനില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സമരസമിതിയും യുഡിഎഫുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജ് അതിക്രൂരമാണെന്നും സമരക്കാര്‍ക്കൊപ്പം ഉണ്ടാകുമെന്നും വ്യക്തമാക്കി വെല്‍ഫെയര്‍ പാര്‍ട്ടിയും നാളെ എറണാകുളം ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ഇതിനിടെ ലാത്തിചാര്‍ജ് വിവാദമായ സാഹചര്യത്തില്‍ വിഷയം ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചു. ബുധനാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക. മൂന്നുതവണ പൊലീസ് നടത്തിയ അതിക്രൂരമായ ലാത്തിച്ചാര്‍ജുകള്‍ക്ക് ശേഷമാണ് മുഖ്യമന്ത്രി സമരസമിതിയുമായി കൂടിക്കാഴ്ച നടത്താന്‍ തയ്യാറാണെന്ന് അറിയിക്കുന്നത്.

അതേസമയം പുതുവൈപ്പിനിലെ എല്‍.പി.ജി ടെര്‍മിനലിന്റ നിര്‍മാണം ഐ.ഒ.സി നിര്‍ത്തിവെക്കുന്നു. സ്ഥലം എം.എല്‍.എയായ എസ്.ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചര്‍ച്ച കഴിയും വരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ലെന്നാണ് ഐ.ഒ.സിയുടെ ഉറപ്പ്.