കുമ്മനത്തിന്റെ മെട്രോയാത്ര : വിവാദത്തിനില്ലെന്ന് ചെന്നിത്തല

single-img
18 June 2017

കൊച്ചി മെട്രോയുടെ ഉദ്ഘാടനച്ചടങ്ങിനിടെ പ്രധാനമന്ത്രിയോടൊപ്പമുള്ള മെട്രോയാത്രയിൽ ക്ഷണിക്കപ്പെടാത്ത അഥിതിയായ കുമ്മനം രാജശേഖരൻ ഒപ്പം കയറിയതു വിവാദമാക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് യുഡിഎഫിന് നിരവധി പ്രതിഷേധങ്ങളുണ്ടെങ്കിലും കേരളത്തിന്‍റെ സ്വപ്നപദ്ധതിയുടെ ഉദ്ഘാടനത്തെക്കുറിച്ച് വിവാദത്തിനോ വഴക്കിനോ ഇല്ലെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

യുഡിഎഫിന്റെ ഭരണകാലത്ത്, ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് മെട്രോയുടെ 90 ശതമാനം പണിയും പൂർത്തിയായത്. എന്നാൽ തന്നെ ഉദ്ഘാടനത്തിനു ക്ഷണിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.

ഗവർണർ, മുഖ്യമന്ത്രി, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ഡോ. ഇ. ശ്രീധരൻ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, കേന്ദ്ര നഗരവികസന സെക്രട്ടറി രാജീവ് ഗൗബ, കെഎംആർഎൽ എംഡി ഏലിയാസ് ജോർജ് എന്നിവർ പ്രധാനമന്ത്രിക്കൊപ്പം മെട്രോയിൽ യാത്ര ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. നാവികസേനാ വിമാനത്താവളത്തിൽ മുന്നണിയിലെ മറ്റു നേതാക്കൾക്കൊപ്പം പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്തിയ കുമ്മനം അദ്ദേഹത്തെ അനുഗമിക്കുകയായിരുന്നു. പാലാരിവട്ടം സ്റ്റേഷനിൽ നടന്ന നാട മുറിക്കൽ ചടങ്ങിലും മെട്രോ യാത്രയിലും അദ്ദേഹം സംബന്ധിച്ചു. ഈ നടപടിയാണ് വിവാദമായത്.