കേരളത്തെ പേടിപ്പിച്ച് പകര്‍ച്ചപ്പനി മരണങ്ങള്‍; ഉത്തരവാദി സര്‍ക്കാര്‍ മാത്രമോ

single-img
18 June 2017

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ മുഴുവന്‍ പനി ബാധിതരെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. ഇടമില്ലാത്തതിനാല്‍ മിക്ക സ്വകാര്യ ആശുപത്രികളും രോഗികളെ മടക്കി അയയ്ക്കുന്നു. ഡോക്ടര്‍മാരുടെ അഭാവം ദുരിതം ഇരട്ടിയാക്കുന്നു. പലരും പനിച്ചു കിടപ്പാണ്. ബദല്‍ സംവിധാനങ്ങളുമില്ല. സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ ആശങ്കകള്‍ സൃഷ്ടിച്ചുകൊണ്ട് പനി രൂക്ഷമായി തുടരുകയാണ്. സാധാരണ വൈറല്‍പനിമുതല്‍ പലതരം പനികള്‍ നാട്ടില്‍ വ്യാപകമായിട്ടുണ്ട്. ഇതിനുപുറമേ മഞ്ഞപ്പിത്തം, വയറിളക്കം ഉള്‍പ്പെടെ മറ്റുചില പകര്‍ച്ചവ്യാധികളും കാണപ്പെടുന്നുണ്ട്.

മഴക്കാലം നമുക്ക് പനിക്കാലമായി മാറിയിട്ട് വര്‍ഷങ്ങള്‍ കുറേയായി. എന്നാല്‍, കഴിഞ്ഞകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ പനിക്കാലത്തെ കാണേണ്ട ഒരു സാഹചര്യം സംസ്ഥാനത്ത് നിലവിലുണ്ട്. മാരകമായേക്കാവുന്ന ഡെങ്കിപ്പനി, എച്ച്1 എന്‍1 എന്നീ പനികള്‍ ഒരേസമയത്ത് ആക്രമണംനടത്തുന്നു എന്നതാണത്. അപകടകാരികളായ രണ്ട് പനികളുടെ ഒരേസമയത്തുള്ള സാന്നിധ്യം വളരെ ശാസ്ത്രീയവും ഗൗരവപൂര്‍ണവുമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. സാധാരണ വൈറല്‍ പനിയെയും മരണകാരണമായിത്തീരാത്ത ചിക്കുന്‍ഗുനിയയെയും കൈകാര്യംചെയ്തപോലെ ഈ പനികളെ കാണുന്നത് ആരോഗ്യമേഖലയില്‍ ഹ്രസ്വകാല, ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കാം.

കാലവര്‍ഷമെത്തുമ്പോള്‍ കേരളം പനിയുടെ പിടിയിലമരുന്ന കാഴ്ച വര്‍ഷങ്ങളായി കണ്ടുവരുന്നു. രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കുന്നതില്‍ ആരോഗ്യ വകുപ്പ് കാട്ടുന്ന അലംഭാവമാണ് പകര്‍ച്ചപ്പനിബാധ ഇപ്പോഴും നിയന്ത്രണ വിധേയമാവാത്തതിന് കാരണമായി ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.
ആരോഗ്യരംഗത്ത് മാതൃകയായിരുന്നു കേരളം. വ്യക്തിശുചിത്വവും പരിസരശുചിത്വവും ഇതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഉയര്‍ന്ന സാക്ഷരതയ്‌ക്കൊപ്പം ഈ രണ്ടുഘടകങ്ങളാണ് ആരോഗ്യമേഖലയിലുണ്ടായ മുന്നേറ്റത്തിന് ഊര്‍ജം പകര്‍ന്നത്.

ഇതില്‍ പരിസരശുചിത്വം കാത്തുസൂക്ഷിക്കുന്ന കാര്യത്തില്‍ നമ്മള്‍ ഏറെ പിന്നാക്കംപോയി എന്നതാണ് പകര്‍ച്ചവ്യാധികളുടെ പിടിയില്‍പ്പെട്ട് വലയുമ്പോള്‍ പറയാനുള്ളത്. ഇത് പെട്ടെന്നുണ്ടായ സ്ഥിതിയല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതേ അവസ്ഥ തുടരുന്നു. അനുഭവങ്ങളില്‍നിന്ന് നമ്മള്‍ ഒന്നും പഠിച്ചില്ലെന്നതാണ് കാര്യം. ഡെങ്കിപ്പനി വലിയ ഭീഷണിയായി മാറിയേക്കുമെന്ന മുന്നറിയിപ്പ് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ലഭിച്ചിരുന്നു. അര്‍ഹിക്കുന്ന ഗൗരവത്തോടെ അതിനെ കണ്ട് ഫലപ്രദമായി നേരിടാനുള്ള നടപടികളൊന്നും ഉണ്ടായില്ലെന്നതാണ് ഖേദകരമായ വസ്തുത.

ഇക്കാര്യത്തില്‍ സര്‍ക്കാരുകളെമാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. പൊതുസമൂഹത്തിന്റെ പരാജയമാണ് ഇത് വെളിവാക്കുന്നത്. പരിസരശുചിത്വമെന്നത് നമ്മുടെ മുന്‍ഗണനപ്പട്ടികയില്‍ ഏറെ കീഴ്‌പ്പോട്ടുപോയിരിക്കുന്നു. അതുണ്ടാക്കുന്ന ദുരന്തമാണ് വര്‍ഷാവര്‍ഷം ആവര്‍ത്തിക്കുന്ന പനികള്‍. പരിസരശുചിത്വം കാത്തുസൂക്ഷിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കേണ്ട സമയമാണിത്.

വര്‍ഷാവര്‍ഷം കോടിക്കണക്കിന് തുക മഴക്കാല പൂര്‍വ ശുചീകരണത്തിനും പകര്‍ച്ചപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും ചെലവഴിക്കപ്പെടുന്നില്ല. മഴക്കാല പൂര്‍വ ശുചീകരണത്തിനായി മാത്രം തദ്ദേശസ്ഥാപനങ്ങള്‍ക്ക് കീഴിലെ ഓരോ വാര്‍ഡിനും 10,000 മുതല്‍ 20,000 രൂപ വരെ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ പല തദ്ദേശ സ്ഥാപനങ്ങളും വര്‍ഷങ്ങളായി ഈ ഫണ്ട് ചെലവഴിച്ചിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. മഴക്കാല പൂര്‍വ ശുചീകരണത്തിലൂടെ കൊതുകുകളെ അകറ്റാനും ശുദ്ധജല ലഭ്യത കൂട്ടാനുമാവുമെന്നിരിക്കെ ഇത് നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ താത്പര്യം കാണിക്കുന്നില്ല.

മാലിന്യങ്ങളും അലക്ഷ്യമായിട്ടിരിക്കുന്ന ചിരട്ടകള്‍, പ്ലാസ്റ്റിക് കപ്പുകള്‍, കുപ്പികള്‍, ടയര്‍, മരപ്പൊത്ത്, ഫ്രിഡ്ജിനു പിന്നിലെ ട്രേ തുടങ്ങിവയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം കൊതുകിന്റെ പെരുപ്പത്തിന് ഇടയാക്കും. ഇത്തരം സ്ഥലങ്ങളിലാണ് മഴക്കാല രോഗങ്ങള്‍ പരത്തുന്ന കൊതുകുകളുടെ കൂത്താടികള്‍ വളരുന്നത്. അവയിലൊന്നും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും പരിസരം പരമാവധി വൃത്തിയായി സൂക്ഷിക്കുകയും ചെയ്യുകയാണ് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള നല്ല മാര്‍ഗം. ഇക്കാര്യത്തില്‍ ഓരോ വ്യക്തിയും ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.

അന്യ സംസ്ഥാന തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങളാണ് ശുചിത്വത്തിന്റെ കാര്യത്തില്‍ വളരെ പിന്നില്‍. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത താത്കാലിക ഷെഡുകളിലാണ് ഇവിരിലേറെയും താമസിക്കുന്നത്. വൃത്തിയുടെ കാര്യത്തില്‍ ഇവര്‍ പൊതുവെ ബോധവാന്മാരുമല്ല. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇവരുടെ മേഖലകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രദ്ധ കൂടുതല്‍ കേന്ദ്രീകരിക്കേണ്ടതുണ്ട്.

ഒരേ സമയത്ത് രണ്ടുവെല്ലുവിളികളാണ് കേരളം നേരിടുന്നത്. ജീവിതശൈലീരോഗങ്ങള്‍ ഒരു ഭാഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. അതിനിടയിലാണ് പഴയ പകര്‍ച്ചവ്യാധികളുടെ തിരിച്ചുവരവും പുതിയവയുടെ കടന്നുവരവുമൊക്കെയുണ്ടാകുന്നത്. ഇതിന്റെയെല്ലാം പ്രത്യാഘാതങ്ങള്‍ ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലയിലെല്ലാം കണ്ടുതുടങ്ങിയിട്ടുണ്ട്.

ഈ വര്‍ഷം സംസ്ഥാനത്തുണ്ടായ കടുത്ത വരള്‍ച്ചയും രോഗങ്ങള്‍ പടരാനുള്ള കാരണമായി കണക്കാക്കപ്പെടുന്നു. കുടിവെള്ളം കിട്ടാതായതോടെ, കൂടുതല്‍ പേരും തദ്ദേശസ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന വെള്ളമാണ് ആശ്രയിച്ചിരുന്നത്. പലരും ദിവസങ്ങളോളം വെള്ളം ശേഖരിച്ച് വയ്ക്കുക പതിവായിരുന്നു. ഡങ്കി പരത്തുന്ന ഈഡിസ് കൊതുകുകള്‍ പെരുകുന്നത് ശുദ്ധജലത്തിലാണ്. പല പാത്രങ്ങളിലായി ശേഖരിച്ച് വയ്ക്കുന്ന വെള്ളത്തില്‍ വളരെ പെട്ടെന്ന് തന്നെ കൊതുകുകള്‍ വളരാനിടയുണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ വിശദീകരിക്കുന്നു.