മമതാ ബാനർജ്ജി പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നു: ഗോർഖാ ജനമുക്തി നേതാവ് ബിമൽ ഗുരുംഗ്

single-img
18 June 2017

പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജ്ജി നുണപ്രചാരണം നടത്തുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നുവെന്ന് ഗോർഖാ ജനമുക്തിമോർച്ച നേതാവ് ബിമൽ ഗുരുംഗ് ആരോപിച്ചു. ഡാർജീലിംഗിലെ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ തീവ്രവാദ സംഘടനകളുടെ ഇടപെടലുണ്ടെന്ന് മമതാ ബാനർജ്ജി ആരോപിച്ചിരുന്നു. എന്നാൽ ഇതു പച്ചക്കള്ളമാണെന്ന് ബിമൽ ഗുരുംഗ് ആരോപിക്കുന്നു. ഇന്നു പുറത്തുവിട്ട ഒരു ഓഡിയോ സന്ദേശത്തിലാണു ഇദ്ദേഹം മമതാ ബാനർജ്ജിയെ രൂക്ഷമായി വിമർശിച്ചത്.

ഡാർജീലിംഗിൽ പത്തുദിവസമായി തുടർന്നു വരുന്ന പ്രക്ഷോഭം ഇന്നലെ അക്രമാസക്തമായതിനെത്തുടർന്ന് ഗോർഖാലാൻഡ് വാദികളും പോലീസുമായുള്ള ഏറ്റുമുട്ടലിൽ നാലുപേർ മരിച്ചിരുന്നു. എന്നാൽ പോലീസ് വെടിവെച്ചിട്ടില്ലെന്നാണു പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജ്ജിയുടെ വാദം. പ്രക്ഷോഭകാരികൾക്ക് തീവ്രവാദബന്ധങ്ങളുണ്ടെന്നും മമത ആരോപിച്ചിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന അധോലോക-നിരോധിത സംഘടനകൾ ഈ പ്രക്ഷോഭത്തിനു പിന്നിലുണ്ടെന്നാണു മമത ആരോപിച്ചത്. വിദേശശക്തികളുടെ സഹായവും പ്രക്ഷോഭകർക്കുണ്ടെന്നും മമത പറഞ്ഞിരുന്നു.

എന്നാൽ ഈ ആരോപണങ്ങളെ ബിമൽ ഗുരുംഗ് തള്ളിക്കളയുന്നു. “ഇത്തരം ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ല. മമതാ ബാനർജി ജനങ്ങളേ തെറ്റിദ്ധരിപ്പിക്കുകയാണു. ഇതു ഞങ്ങൾക്ക് ഒരു രാഷ്ട്രീയ സമരമല്ല. മറിച്ചു ഞങ്ങളുടെ സ്വതം അസ്തിത്വത്തിനുവേണ്ടിയുള്ള സമരമാണു”- അദ്ദേഹം പറഞ്ഞു.

സ്കൂളുകളിൽ ബംഗാളി ഭാഷ നിർബ്ബന്ധമാക്കിക്കൊണ്ടുള്ള സംസ്ഥാനസർക്കാരിന്റെ ഉത്തരവിൽ പ്രതിഷേധിച്ചാണു ഡാർജീലിംഗിൽ ഈ മാ‍സം എട്ടാം തീയതി മുതൽ പ്രക്ഷോഭം നടക്കുന്നത്. ഡാർജീലിംഗിലെ നേപ്പാളി സംസാരിക്കുന്ന ഗോർഖ വിഭാഗക്കാരുടെ മേൽ ബംഗാളി അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണിതെന്നാരോപിച്ചായിരുന്നു പ്രതിഷേധപ്രകടനങ്ങൾ അരങ്ങേറിയത്.