പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രി പരാജയമെന്ന് ചെന്നിത്തല; സര്‍ക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം

single-img
18 June 2017

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടര്‍ന്നു പിടിക്കുന്നതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ചര്‍ച്ച നടത്തി. പനി പടരുന്നതിലെ ആശങ്ക അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു. പകര്‍ച്ചപ്പനി നിയന്ത്രിക്കുന്നതില്‍ ആരോഗ്യമന്ത്രി പൂര്‍ണ പരാജയമെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രിയും വകുപ്പും വേണ്ടരീതിയില്‍ പ്രവര്‍ത്തിച്ചില്ല. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്നും ചെന്നിത്തല ആരോപിച്ചു.

പ്രതിപക്ഷം സമരത്തിനില്ല. പ്രതിരോധപ്രവര്‍ത്തനങ്ങളുമായി മുന്നിട്ടിറങ്ങും. രോഗികളെ സഹായിക്കാനുള്ള പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പല സ്ഥലങ്ങളിലും ആശുപത്രികളില്‍ എത്തുന്ന രോഗികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളില്ല. പലയിടത്തും മരുന്നില്ല, ഡോക്ടര്‍മാരില്ല. ഇതിനെല്ലാം പ്രധാന കാരണം ശുചിത്വം ഇല്ലാത്തതാണ്. മുന്‍സര്‍ക്കാരുകള്‍ കൂടുതല്‍ കാര്യക്ഷമതയോടുകൂടി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു.

മഴക്കാലത്ത് ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമായിരുന്നു. അത്തരം ഉദ്യോഗസ്ഥരെ പുതിയ സര്‍ക്കാര്‍ പിരിച്ചുവിട്ടു. കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ചു എന്നതുകൊണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിടേണ്ടിയിരുന്നില്ല. ഇക്കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്നും ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. മുഖ്യമന്ത്രി നേരിട്ട് ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരോടും മന്ത്രിയോടും സംസാരിക്കും. ഈ മാസം 20ന് സ്വന്തം മണ്ഡലത്തില്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് നേതൃത്വം നല്‍കും. എല്ലാ യുഡിഎഫ് എംഎല്‍എമാരും ഇത്തരത്തില്‍ മുന്നോട്ടുവരുമെന്നാണ് കരുതുന്നത് എന്നും ചെന്നിത്തല വ്യക്തമാക്കി.