പോലീസ് കാടത്തത്തിനെതിരെ സാഡിസ്റ്റിക് പേഴ്സണാലിറ്റി ഡിസോർഡർ ഉള്ള യതീഷ് ചന്ദ്രയ്ക്ക് ഒരു തുറന്ന കത്ത്

single-img
18 June 2017

അഡ്വക്കറ്റ് ജഹാൻഗീർ റസാഖ് പാലേരി

മിസ്റ്റർ യതിഷ് ചന്ദ്ര IPS,

യതീഷ് എന്ന സംസ്കൃത പദത്തിന്റെ ആംഗലേയ അര്‍ത്ഥം Master of Devoted എന്നാണ് . “സമര്‍പ്പിതരുടെ തമ്പുരാന്‍” എന്ന് അല്‍പ്പ ഭാഷാജ്ഞാനിയായ ഞാന്‍ മലയാളീകരിക്കട്ടെ. പോലീസ് ക്രൂരതകളുടെ ആകെത്തുകയെ സമര്‍പ്പിതമാക്കുമ്പോള്‍ അവയുടെ തമ്പുരാനാകാന്‍ താങ്കള്‍ യോഗ്യനാണെന്ന് ഏറെയായി മലയാള മണ്ണില്‍ നിരന്തരം തെളിയിക്കുന്നു. ദുര്‍ബ്ബലരായ വൃദ്ധരും, കുട്ടികളും അടക്കമുള്ളവരാണ് സ്ഥിര ഇരകള്‍ എന്നത് , താങ്കളുടെ മാനസികാരോഗ്യത്തെത്തന്നെ സംശയത്തിലാക്കുന്നുണ്ട് യതീഷ്.

പോലീസ് ക്രൂരതകളെക്കുറിച്ചു പ്രശസ്ത ചിന്തകൻ ജോൺ ബ്ലെയർ പറഞ്ഞത് പ്രശസ്തമാണ് മിസ്റ്റർ യതീഷ് , “The Psychology of Brutality is worse than the beatings ” എന്നാണത്. 2015ല്‍, അങ്കമാലി റൂറല്‍ എസ്.പി ആയിരുന്ന സമയത്ത്, വഴിയാത്രക്കാരനായ വൃദ്ധനെയടക്കം അതിക്രൂരമായി ഭേദ്യം ചെയ്യുന്ന കാക്കി ധരിച്ച താങ്കളെ അമ്പരപ്പോടെയാണ് അന്ന് നിരീക്ഷിച്ചത് . കാരണം സാദാ പോലീസ് കോണ്‍സ്റ്റബിള്‍ മൂത്ത് ഉന്നത സാറന്മാര്‍ ആകുമ്പോള്‍പ്പോലും ഇത്തരം ക്രൂരത കേരളത്തില്‍ വലിയ തോതില്‍ നടക്കാറില്ല. അപ്പോഴാണ്‌ മസൂറിയില്‍ ട്രെയിനിംഗ് ലഭിച്ച വിദ്യാസമ്പന്നനായ ഒരു IPS ചെറുപ്പക്കാരന്‍ തെരുവില്‍ വേട്ടനായയെപ്പോലെ തന്‍റെ Sadistic personality disorder പരസ്യമായി പ്രദര്‍ശിപ്പിക്കുന്നത് കണ്ടത് .

അങ്കമാലിയില്‍ വൃദ്ധന്‍ ആയിരുന്നെങ്കില്‍ ഇന്നലെ സിപിഎം നേതാവിന്‍റെ ജനനേന്ദ്രിയമാണ് താങ്കള്‍ തകര്‍ത്തത്. ആക്രമിക്കപ്പെട്ടവരില്‍ പ്രദേശത്തെ വനിതാ ജനപ്രധിനിധികളും, കൊച്ചു കുഞ്ഞുങ്ങളും ഉള്‍പ്പടെയുള്ളവര്‍ ഉണ്ടെന്നറിയുമ്പോള്‍ താങ്കള്‍ തീര്‍ച്ചയായും Sadistic personality disorder നു ചികിത്സ തേടേണ്ട രോഗിയാണ് എന്നത് തര്‍ക്കമറ്റതാകുന്നു മിസ്റ്റര്‍ ഓഫീസര്‍.

അങ്കമാലിയിൽ വഴിപോക്കനായ വൃദ്ധന് നേരെയുള്ള യതീഷ് ചന്ദ്രയുടെ ആക്രമണം

അങ്കമാലിയില്‍ ഇടതുപക്ഷം പ്രഖ്യാപിച്ച ഹര്‍ത്താല്‍ നടന്ന ദിവസം തെരുവില്‍ ഇറങ്ങി വൃദ്ധന്മാ‍ര്‍ ആയ ആളുകളെ പോലും ക്രൂരമായി നേരിട്ട പോലീസ് ഉദ്യോസ്ഥനായ താങ്കളെ ഹീറോയാക്കി, ഫേസ്ബുക്കില്‍ പേജ് തുടങ്ങുകയും, മാധ്യമങ്ങളില്‍ താങ്കള്‍ വാഴ്ത്തപ്പെടുകയും ചെയ്യുന്ന ഒരുതരം അധമ മനശാസ്ത്രത്തില്‍ നിന്ന് വിമോചനം നേടാന്‍ പുതുവൈപ്പിന്‍ ക്രൂരതയിലൂടെ താങ്കള്‍ തന്നെ അവസരം ഉണ്ടാക്കിയിരിക്കുന്നു.

മിസ്റ്റര്‍ ഓഫീസര്‍, ജനവാസ പ്രദേശത്ത് യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചകവാതക പ്ലാന്റ് സ്ഥാപിക്കാന്‍ നടക്കുന്ന നീക്കത്തിനെതിരെ കഴിഞ്ഞ 121 ദിവസങ്ങളായി നടക്കുന്ന ജനകീയ സമരത്തിനു നേരെയാണ് താങ്കളുടെ പൊലീസ് അക്രമം നടത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം ഇതു രണ്ടാം തവണയാണ് അക്രമിക്കപ്പെടുന്നതെന്ന് മലയാളികള്‍ രക്തം കൊണ്ട് മനസ്സില്‍ കുറിക്കുന്നുണ്ട് യതീഷ്. കഴിഞ്ഞ ദിവസം നടന്ന പൊലീസ് അക്രമത്തിനെതിരെ വൈപ്പിന്‍ ദ്വീപില്‍ ഇപ്പോള്‍ പ്രതിഷേധം പരക്കുകയാണ്. ഇന്നലെ രാവിലെ സ്ത്രീകളും കുട്ടികളുമടക്കം പങ്കെടുത്ത ജാഥ സമര സ്ഥലത്തേയ്ക്കു നീങ്ങുമ്പോഴാണ് താങ്കളുടെ പോലീസ് ക്രൂരതയുടെ സമാനതകളില്ലാത്ത ആക്രമണപര്‍വ്വം അഴിച്ചുവിട്ടത്, സ്ത്രീകളും, കുട്ടികളുമടക്കം 80 വയസ്സുള്ള വൃദ്ധപോലും ആക്രമിക്കപ്പെട്ടത് .

മിസ്റ്റര്‍ ഓഫീസര്‍, അടിയതിരാവസ്ഥ കാലത്ത് പോലീസ് ക്രൂരമായി തല്ലിച്ചതച്ച ഒരു കമ്മ്യൂണിസ്റ്റ് നേതാവ് ആഭ്യന്തരം ഭരിക്കുന്ന നാട്ടിലെ ഒരു IPS ഉദ്യോഗസ്ഥന്‍ മാത്രമാണ് താങ്കള്‍. ഒരു വാതക പ്ലാന്റ്റ് കമ്പനിയുടെയും ക്വട്ടേഷന്‍ ലീഡറല്ലെന്ന് മറക്കരുത്. മനുഷ്യരുടെ അവകാശ സമരങ്ങള്‍ക്ക് നേരെ ചീറിയടുത്ത ഒരു കാക്കിയിട്ട ഏമാനും കേരളത്തിന്‍റെ ചരിത്രത്തില്‍ ചവറ്റുകുട്ടയിലല്ലാതെ മോക്ഷം ലഭിച്ചിട്ടില്ല. സഖാവ് വര്‍ഗ്ഗീസ് മുതല്‍, വെടിവച്ചു കൊന്ന സിരാജുന്നീസ, കൂത്തുപറമ്പില്‍ നിങ്ങള്‍ കശാപ്പു നടത്തിയ സഖാക്കള്‍, നിങ്ങള്‍ ഉരുട്ടിക്കൊന്ന സമ്പത്ത് തുടങ്ങി ആലപ്പുഴയിലെ കാക്കിയിട്ട സദാചാര പോലീസുകാര്‍ കണ്ണടിച്ചു തകര്‍ത്ത സിപിഎം പ്രവര്‍ത്തകന്റെ കാഴ്ച നഷ്ട്ടപ്പെടുത്തിയവരെയടക്കം മലയാളി നീറ്റലോടെ ഓര്‍ക്കും യതീഷ്. ഞങ്ങള്‍ ഓര്‍മ്മശക്തി കൂടുതലുള്ള, മറവിക്കെതിരെ പോരാട്ടം തുടരുന്ന ഒരു വ്യത്യസ്ത ജനതയാണ്.

യതീഷ്, പണ്ട് താങ്കളുടെ അങ്കമാലി യുദ്ധമുറകളുടെ കാലത്ത് ഒരു സുഹൃത്ത് കുറിച്ചത് ഓര്‍ത്തുപോകുന്നു..താങ്കളടക്കമുള്ള കാക്കിക്കുള്ളിലെ നായാട്ടുപ്രേമികളുടെ സൈക്കിക് വൈബ്രേഷനുകള്‍ക്ക് ജനങ്ങളും മനുഷ്യാവകാശ പ്രവര്‍ത്തകരും വിദ്യാര്‍ഥി രാഷ്ട്രീയ നേതാക്കളും ലൈംഗീക അതിക്രമ കേസുകളിലെ ഇരകളും പാവപ്പെട്ടവനും ഇരയായിത്തുടങ്ങിയിട്ട് കാലം കുറച്ചായി. ഉത്തരേന്ത്യയിലെ ദരിദ്രഗ്രാമങ്ങളില്‍ മാത്രം അവശേഷിക്കുന്നു എന്ന് ധരിച്ചിരുന്ന കുട്ടന്‍പിള്ള ( ആ പേരുള്ള നല്ല മനുഷ്യര്‍ എന്നോട് പൊറുക്കട്ടെ) പോലീസ് സംസ്കാരത്തിന്‍റെ ഉത്തരാധുനിക പതിപ്പാണ്‌ യതീഷ് ചന്ദ്ര എന്ന മനോവൈകല്യമുള്ള ഐ പി എസ് ഏമാനായ താങ്കള്‍. ഒരുപക്ഷേ മലയാള സിനിമയ്ക്ക് സുരേഷ് ഗോപിക്ക് ശേഷം ലഭിക്കാന്‍ സാധ്യതയുള്ള ഗര്‍ജിക്കുന്ന ഫ്യൂഡല്‍ സിങ്കമായി താങ്കളെ ഇനിയും സോഷ്യല്‍ മീഡിയയിലെ കൂലിയെഴുത്തുകാര്‍ വാഴ്ത്തിയേക്കാം. താങ്കളുടെ തലവര നന്നെങ്കില്‍ ബോളിവുഡ് സ്ക്രീനുകളിലും ഈ പിതൃശൂന്യത സ്ഫോടനമായി എത്തിയേക്കാം. ഇനിയൊരവസരം കിട്ടുമ്പോള്‍ ക്യാമറയും തുറന്നുവച്ച് നാല് പൊളപ്പന്‍ ഡയലോഗും പറഞ്ഞ് പാവം ജനങ്ങളുടെ മേലെ മേഞ്ഞ് അരയിലെ തോക്കിലെ നാല് ഉണ്ടയും പൊട്ടിച്ചുകളഞ്ഞാല്‍ അങ്കമാലി കാലത്ത് കിട്ടിയ പതിനായിരം ഫേസ്ബുക്ക് ലൈക്ക് ഒരു ലക്ഷമായി ഉയര്‍ത്താം.

അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാട്ടില്‍ മാനസിക വൈകല്യമുള്ള പോലീസുകാര്‍ക്കുമുണ്ടാകും ജയ് വിളിക്കാനും ഫാന്‍സ്‌ ക്ലബ് രൂപികരിക്കാനും ആളുണ്ടെന്നു മലയാളികള്‍ തെളിയിച്ചതാണ്. എന്നുകരുതി ഇതുതന്നെ സ്വര്‍ഗരാജ്യമെന്നു കരുതിയാല്‍ പ്ലാന്‍ പാളും മിസ്റ്റര്‍ മെഗാലോമാനിയാക്. പഴയ ഫ്യൂഡല്‍ മാടമ്പി പോലീസ് ഏര്‍പ്പാടുകള്‍ തട്ടുമ്പുറത്തായിട്ട് കാലമേറെയായി എന്ന് താങ്കളിനിയും മനസ്സിലാക്കാന്‍ വൈകരുത്. കാരണം ഹിറ്റ്ലറും മുസ്സോളിനിയും മരിച്ചിട്ട് നാളേറെയായി സാറേ. ജേക്കബ് പുന്നൂസ് അടക്കമുള്ള മനുഷ്വത്വമുള്ള പോലീസുകാര്‍ ഉള്ള കൂട്ടത്തില്‍ തന്നെയാണിതെന്നും അറിയുമ്പോഴാണ് നാനാത്വത്തില്‍ ഏകത്വം എന്നത് പോലീസുകാരെ സംബന്ധിച്ചെങ്കിലും എത്ര നേരാണെന്ന് ഞങ്ങള്‍ മലയാളികള്‍ അറിയുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി നാലാം തിയ്യതി കൊച്ചി നഗരത്തിലൂടെ ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചുപറക്കാന്‍ ശ്രമിച്ച താങ്കളെ ഉശിരുള്ള പെണ്ണൊരുത്തി “നിയമം പഠിപ്പിച്ചത്” ഓര്‍മ്മയുണ്ടോ യതീഷേ. അന്ന് ചാനല്‍ ക്യാമറകള്‍ക്ക്മുന്നില്‍ നിന്ന് തുണിയുരിയാതെ കഷ്ട്ടിച്ചാണ് താങ്കള്‍ രക്ഷപ്പെട്ടത്. ആ താങ്കളോട് കാതലായ ഒരു ചോദ്യമുണ്ട് യതീഷ്. ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ സ്ത്രീകളും, കുട്ടികളും, വൃദ്ധരുമായ മനുഷ്യരോട് പോലീസ് (അതെ, ജനത്തിന്‍റെ ജീവനും സ്വത്തും കാക്കുന്ന പോലീസ്, കുത്തക വാതക കമ്പനികളുടെ പിണിയാളായ പോലീസല്ല ) എങ്ങനെ പെരുമാറണം എന്ന് മസൂറിയില്‍ വച്ച് താങ്കള്‍ പഠിച്ചിരുന്നില്ലേ മിസ്റ്റര്‍ ഓഫീസര്‍. ചുരുങ്ങിയത് പുസ്തകം വായിച്ചെങ്കിലും അറിയാന്‍ ശ്രമിചിട്ടില്ലേ ?

വിഷവാതക കമ്പനികള്‍ മനുഷ്യരെ കൊന്നൊടുക്കി തലമുറകളോളം ദുരിതം സമ്മാനിക്കുന്നതിന് ഭോപ്പാല്‍ അടക്കമുള്ള സംഭവങ്ങള്‍ ഈ രാജ്യത്തുതന്നെ ധാരാളമുണ്ട്. അത്തരം അനുഭവ തീവ്രതയുള്ള മനുഷ്യര്‍ ഇന്ത്യന്‍ ഭരണഘടനയുടെ ജീവിക്കാനുള്ള അവകാശത്തിനു വേണ്ടി (Article 21 of the Constitution of India – Right to Life and Personal Liberty) പോരാട്ടം സംഘടിക്കുമ്പോൾ അവിടെ കാക്കിയിട്ടവന്റെ ഗുണ്ടായിസം അശ്ലീലവും, അനാവശ്യവുമാണ് യതീഷ്. ഈ രാജ്യത്തെ ഏറ്റവും വലിയ സായുധ ക്രിമിനല്‍ സംഘം, നമ്മുടെ പോലീസ് തന്നെയാണെന്ന് അലഹബാദ് ഹൈക്കോടതി വിധി പറഞ്ഞത് പതിറ്റാണ്ടുകള്‍ക്ക് മുന്‍പാണ് യതീഷ്. കേരളം പോലൊരു സാംസ്കാരിക പ്രബുദ്ധമായ സംസ്ഥാനത്തുപോലും പോലീസ് എന്നാല്‍ ഇപ്പോഴും കുട്ടന്‍പിള്ള പോലീസ് അഥവാ ഗുണ്ടാ പോലീസ് ആയി തുടരുന്നത് ഈ കാലത്തിനും, തലമുറയ്ക്കും അപമാനമാണ്. ആ നിലയില്‍ താങ്കള്‍ കാലം തെറ്റിയുണ്ടായ ഒരു പോലീസ് അവതാരമാണ്. ഞങ്ങളുടെ നാടിന്‍റെ രാഷ്ട്രീയ – സാംസ്കാരിക പാരമ്പര്യത്തില്‍ വച്ച് പൊറുപ്പിക്കാന്‍ കഴിയാത്തവന്‍.

മിസ്റ്റര്‍ ഓഫീസര്‍, വര്‍ഗ്ഗീസിനെയും, രാജനെയും കൊന്നുകളഞ്ഞ പോലീസ് രാജിന്‍റെ കാലമല്ല ഇതെന്നു മറക്കരുത്… ഈ ചെന്നായക്കൂട്ടം പോലീസെങ്കില്‍ ഈ സമൂഹത്തെയാകെ വിചാരണ ചെയ്യുന്ന നവമാധ്യമ കാലത്താണ് പോലീസ് യൂണിഫോമില്‍ ഗുണ്ടാപ്പണിയെടുത്ത് ചെരപ്പ് നടത്തുന്നത് എന്നോര്‍ക്കണം.

ഭയക്കണം നിങ്ങള്‍, തെമ്മാടിത്തരം ചെയ്യുമ്പോള്‍, ഇനി മേലാലും, ഒരു പൗരന്‍റെ മേനിക്കു നേരെ കൈയ്യുയർത്തുമ്പോൾ, അതും അതിജീവന പോരാട്ടത്തിന്‍റെ തീക്ഷ്ണ സമരഭൂമികകളില്‍ മനുഷ്യര്‍ രാഷ്ട്രീയവും, മതവും, ജാതിയും മറന്ന് അണിനിരക്കുന്ന ഇതിഹാസ സമരം നടക്കുന്ന സ്ഥലത്ത്. താങ്കള്‍ ഉള്‍പ്പെടുന്ന Sadistic personality disorder മനോരോഗമുള്ള കാക്കിധാരികള്‍ ഭയന്നെ പറ്റൂ….! കീബോര്‍ഡിന് ലാത്തിയേക്കാള്‍ ശക്തിയുണ്ടെന്ന് തിരിച്ചറിയണം യതീഷേ..!!